ലോകത്തിന്റെ ഏതു കോണിലായാലും വർഷകാലത്ത് വി.എൻ.കെ.അഹമ്മദ് ഹാജി തലശ്ശേരി കടവത്തൂരിലെ എളമ്പഞ്ചേരിവീട്ടിൽ തിരിച്ചെത്തും. ജീപ്പിൽ തൊഴിലാളികളെയും കൂട്ടി ഇറങ്ങും. കൈക്കോട്ടും പിക്കാക്‌സും പിന്നെ, കൂടകളിൽ നിറയെ മരത്തൈകളും. തരിശുകിടക്കുന്ന വഴിയോരങ്ങളും പൊതുസ്ഥലങ്ങളും പള്ളിപ്പറമ്പും കോളേജ് കാമ്പസുമൊക്കെയായിരിക്കും ലക്ഷ്യം.

തൊണ്ണൂറ്റിരണ്ടുകാരനായ ഈ കുറിയ മനുഷൻ മൂന്നര പതിറ്റാണ്ടുകൊണ്ട് നട്ടുപിടിപ്പിച്ച മരങ്ങൾ ഇന്ന് മലബാറിലെ വിവിധ പ്രദേശങ്ങളിൽ തണലും ജീവശ്വാസവുമേകുന്നു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലായി റോഡരികുകളിലും പള്ളിപ്പറമ്പുകളിലും പുറംപോക്കുകളിലുമൊക്കെയായി ആയിരക്കണക്കിന് മരങ്ങൾ. കണ്ണൂരിലെ പഴശ്ശി കനാലിന് ഇരുവശങ്ങളിലുമായി ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ ഈയൊരു മനുഷ്യന്റെ നന്മയും അധ്വാനവുമാണെന്നറിയുന്നവർ ചുരുക്കമാണ്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി റൂട്ടിൽ കടന്നുപോകുന്ന പാതയ്ക്കിരുവശങ്ങളിലും ഉയർന്നു നിൽക്കുന്ന നൂറുകണക്കിന് തണൽ മരങ്ങൾ അഹമ്മദ് ഹാജിയും മക്കളും നട്ടുപിടിപ്പിച്ചതാണ്. വയനാട്ടിലെ കൃഷ്ണഗിരിയിലുള്ള മലന്തോട്ടം എസ്‌റ്റേറ്റ് ഒരു സമ്പൂർണ വനമാക്കി മാറ്റിയതും ഇദ്ദേഹത്തിന്റെ അദ്ധ്വാനം തന്നെ.

ഫ്രഞ്ച് എഴുത്തുകാരൻ ജീൻ ഗിയാനോയുടെ മരങ്ങൾ നട്ട മനുഷ്യൻ എന്ന വിശ്വവിഖ്യാതമായ കൃതിയെ കുറിച്ച് കേട്ടറിവ് പോലുമില്ലെങ്കിലും, ഇത്തരമൊരു വിശേഷണത്തിന് എന്തുകൊണ്ടും അർഹനാണ് അഹമ്മദ് ഹാജി. 1982-ലാണ് അഹമ്മദ് ഹാജി മരങ്ങൾ നടുന്നത് ജീവദൗത്യമായി ഏറ്റെടുത്തത്. 

തണൽവിരിക്കുന്ന പള്ളിപ്പറമ്പും വഴിയോരവും

സ്വദേശമായ കടവത്തൂരിലും അയൽ പ്രദേശമായ പാനൂരിലും മരത്തൈകൾ നട്ടുകൊണ്ടായിരുന്നു തുടക്കം. ഇതേ വർഷം തന്നെ ചേന്ദമംഗല്ലൂരിലെ ഇസ്ലാഹിയ കോ​േളജ് കാമ്പസിലും പള്ളിപ്പറമ്പിലും പേരാമ്പ്രയിലും കുറ്റ്യാടിയിലും മരങ്ങൾ നട്ടു. തുടർന്ന് നാല് ജില്ലകളിലായി നിരവധി വഴിയോരങ്ങൾക്ക് തണലേകി. നിരവധി കോളേജ് കാമ്പസുകളിലും പള്ളിപ്പറമ്പുകളിലും മരങ്ങൾ നട്ടു. പരേതാത്മാക്കൾ കുടികൊള്ളുന്ന പള്ളിപ്പറമ്പുകളിൽ തൈകൾ വെയ്ക്കാൻ ആരുടെയും അനുമതി വാങ്ങേണ്ടല്ലോയെന്ന് അഹമ്മദ് ഹാജി. മരങ്ങൾ പള്ളിനടത്തിപ്പിനുള്ള വരുമാനമായി മാറുമെന്ന ചിന്തയും ഇതിന് പിറകിലുണ്ട്. ഫലവൃക്ഷങ്ങളും ഈട്ടി, തേക്ക് പോലുള്ള തടിമരങ്ങളുമാണ് പ്രധാനമായും നടുന്നത്. മാവ്, പ്ലാവ്, പേര, വേങ്ങ തുടങ്ങിയവയും കാട്ടുമരങ്ങളുടെ തൈകളും നടാറുണ്ട്. മലബാറിലെ പ്രധാന നഴ്‌സറികളിൽ നിന്നാണ് തൈകൾ ശേഖരിക്കുന്നത്. സ്വന്തം ഉടമസ്ഥതയിലുള്ള മലന്തോട്ടം എസ്‌റ്റേറ്റിൽ നിന്നുള്ള തൈകളും നടാറുണ്ട്. 

പതിറ്റാണ്ടുകൾക്കു മുമ്പാണ് പഴശ്ശി കനാലിന്റെ വശങ്ങളിൽ മരങ്ങൾ നടാൻ തുടങ്ങിയത്. കൃഷിസ്ഥലങ്ങളായിരുന്ന ഇരുകരകളും തരിശായി മാറിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണിത്. പല നഴ്‌സറികളിൽ നിന്നായി ശേഖരിച്ച തൈകൾ തൊഴിലാളികളെ വെച്ച് നട്ടുപിടിപ്പിച്ചു. 1982-ൽ പാനൂർ മുതൽ കടവത്തൂർ വരെയുള്ള പ്രദേശങ്ങളിലൂടെ കനാലിന് ഇരുകരകളിലുമായി കിലോമീറ്ററുകൾ നീളത്തിൽ തൈകൾ വെച്ചു. കനാൽ പ്രദേശത്ത് മരങ്ങൾ വളർന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഓഫീസറുടെ അന്വേഷണം അവസാനിച്ചത് വി.എൻ.കെ.യിലാണ്. മരങ്ങൾ നട്ട മനുഷ്യനെ കണ്ടെത്തി പൊതുചടങ്ങിൽ സ്വീകരണമൊരുക്കാനും അദ്ദേഹം മറന്നില്ല. 

അഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള കൃഷ്ണഗിരിയിലെ മലന്തോട്ടം എസ്‌റ്റേറ്റ് എഴുപതേക്കറിലധികം വരും. വനപ്രദേശമായിരുന്ന എസ്റ്റേറ്റിനെ നിബിഡവനമാക്കി മാറ്റിയത് ഈ വയോധികന്റെ പരിശ്രമമാണ്. പണം കായ്ക്കുന്ന വിളകൾ വളർത്തിയെടുക്കുന്നതിന് പകരം, പ്രകൃതിക്ക് സമ്പത്തേകുന്ന ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചു.  വീണുകിടക്കുന്ന വിത്തുകൾ അങ്ങനെതന്നെ മുളച്ചുവരാൻ അനുവദിച്ചു. ഇദ്ദേഹത്തിന്റെ തന്നെ പാണ്ട ഫുഡ്‌സ് എന്ന ഭക്ഷ്യ സംസ്‌കരണ ഫാക്ടറിയും അതിനകത്ത് പ്രവർത്തിക്കുന്നുണ്ട്.
മരമൗലികവാദി

വർഷകാലത്ത് നടുന്നതിനാലും അധികം പരിചരണം ആവശ്യമില്ലാത്തതിനാലും തൈകളൊന്നും തന്നെ നശിച്ചുപോകാതെ കിളിർത്തുതുടങ്ങും. എന്നാൽ, ഇപ്പോൾ തൊഴിലുറപ്പുപണിക്കാർ തന്റെ അദ്ധ്വാനത്തിന് തിരിച്ചടിയാകുന്നതായി ഇദ്ദേഹം നിരാശയോടെ പറയുന്നു. വഴിയോരങ്ങളിലും പാഴ് നിലങ്ങളിലുമൊക്കെയായി നട്ടുപിടിപ്പിക്കുന്ന തൈകളും താനേ വളർന്നു നിൽക്കുന്ന ഔഷധച്ചെടികളും തൊഴിലുറപ്പുകാർ വ്യാപകമായി വെട്ടിനശിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇക്കാര്യങ്ങൾ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഫലം കണ്ടില്ല.

മരങ്ങളെ സ്‌നേഹിക്കുന്ന അഹമ്മദ് ഹാജിയുടെ മറ്റൊരു ശത്രുവാണ് അക്കേഷ്യ. കേരളത്തിലെ ഭൂപ്രകൃതിക്ക് ചേരാത്തതും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതുമായ അക്കേഷ്യകൾ മുറിച്ച് കൂട്ടത്തോടെ നശിപ്പിക്കണമെന്ന് അഹമ്മദ് ഹാജി പറയുന്നു. തണലും കായ്കനികളും നൽകുന്ന വൃക്ഷങ്ങൾ വളരട്ടെ. ഇവ പ്രകൃതിക്കും മനുഷ്യനും പക്ഷിമൃഗാദികൾക്കും എന്നും മുതൽക്കൂട്ടായിരിക്കും. മരത്തൈകളുമായി ഊരുചുറ്റുന്ന, ഇതിനായി കീശയിൽ നിന്ന് പണം മുടക്കുന്ന അഹമ്മദ് ഹാജിക്ക് ആദ്യകാലങ്ങളിൽ ഏറെ പരിഹാസമേൽക്കേണ്ടിവന്നിരുന്നു. എന്നാൽ, തൈകൾ വൻമരങ്ങളായി തണൽവിരിച്ചുതുടങ്ങിയതോടെ അദ്ദേഹത്തിന്റെ സേവനം ജനം തിരിച്ചറിഞ്ഞു. മരങ്ങൾക്കു വേണ്ടി എന്നും നിലകൊള്ളുന്ന, വാദിക്കുന്ന ഇദ്ദേഹത്തെ മരമൗലികവാദിയെന്ന് സ്‌നേഹത്തോടെ വിളിച്ചുതുടങ്ങി. വേണ്ടത്ര അറിയപ്പെട്ടിട്ടില്ലെങ്കിലും പൊതുവേദികളിൽ അംഗീകാരപത്രങ്ങൾ സമ്മാനിച്ചു.

1928-ലാണ് വി.എൻ.കെ.അഹമ്മദ് ഹാജി ജനിച്ചത്. 1971-ൽ നാൽപ്പത്തിമൂന്നാം വയസ്സിൽ ദുബായിൽ എത്തി. യു.എ.ഇ. രൂപംകൊണ്ട വർഷമായിരുന്നു അത്. ദുബായി ദേരെയിൽ പൊന്നാനിക്കാരൻ നടത്തിയിരുന്ന ചെറിയ സൂപ്പർമാർക്കറ്റ് വാങ്ങി അൽ മദീന സൂപ്പർമാർക്കറ്റ് എന്ന പേരിൽ വിപുലീകരിച്ചായിരുന്നു തുടക്കം. വി.എൻ.കെ. നട്ട മരങ്ങൾ പോലെ അതും വളരുകയായിരുന്നു.

ഇപ്പോൾ കഫ്‌റ്റീരിയ, ബേക്കറി, റസ്റ്റോറന്റ്, ഫോട്ടോ സ്റ്റുഡിയോ, മൊബൈൽ ഷോപ്പ്, തോട്ടം, റിയൽ എസ്റ്റേറ്റ്, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളിൽ വി.എൻ.കെ.ഗ്രൂപ്പ് സാന്നിധ്യമറിയിക്കുന്നുണ്ട്. 

യു.എ.ഇ.യിൽ ഹോം ഡെലിവറിക്ക് തുടക്കമിട്ടു

പതിറ്റാണ്ടുകളോളം യു.എ.ഇ.യിൽ പ്രവാസിയായിരുന്ന അഹമ്മദ് ഹാജിയാണ് അൽ മദീന സൂപ്പർമാർക്കറ്റ് ശൃംഖലയ്ക്ക് തുടക്കമിട്ടത്. 1975-ൽ ദുബായ് ഗോൾഡ് സൂഖിൽ അൽ മദീന എന്ന പേരിൽ ഗ്രോസറി സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് നിരവധി ഉടമസ്ഥരുടെ കീഴിൽ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമായി ഈ സൂപ്പർമാർക്കറ്റ് ശൃംഖല വളർന്നു. ഇവയിൽ ചിലവയുടെ നേതൃത്വം ഇപ്പോഴും അഹമ്മദ് ഹാജിയുടെ മക്കൾക്ക് തന്നെയാണ്. ഗ്രോസറി തുടങ്ങിയ വേളയിൽ അദ്ദേഹം യു.എ.ഇ.ക്ക്‌ നൽകിയ മറ്റൊരു സംഭാവനയാണ് 'ഹോം ഡെലിവറി' സംവിധാനം. 1976-ൽ ആയിരുന്നു ഇത്. കടയിൽ നിന്നുള്ള ഉത്പന്നങ്ങൾ ആവശ്യക്കാർക്ക് അപ്പപ്പോൾ എത്തിച്ചുകൊടുക്കുന്ന സംവിധാനം വിജയം കണ്ടു. കച്ചവടം ഉഷാറാകാൻ ഡെലിവറി സംവിധാനം വലിയതോതിൽ സഹായിച്ചു. ക്രമേണ മറ്റു കച്ചവടക്കാരും ഇത് പിന്തുടർന്നു. ഇന്ന് യു.എ.ഇ.യിൽ ഗ്രോസറി, സൂപ്പർമാർക്കറ്റ്, കഫ്‌റ്റീരിയ മേഖലകളിൽ ഒഴിച്ചുകൂടാനാനാവാത്ത വിപണന സംവിധാനമാണ് ഹോം ഡെലിവറി. 

വി.എൻ.കെ. എന്ന പേരിൽ കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയായ അഹമ്മദ് ഹാജി കറാച്ചിയിൽ തേയിലക്കച്ചവടത്തിലൂടെയാണ് തുടങ്ങിയത്. മലബാർ ടീ കമ്പനിയെന്ന പേരിൽ വ്യവസായസംരംഭം തുടങ്ങി. പിന്നീട് 1970-കളിലാണ് ദുബായിൽ നിക്ഷേപമിറക്കിയത്. 

ജൈവകൃഷിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന് ഇപ്പോൾ വയനാട്ടിൽ 'ബുൾബുൾ പ്ലാന്റേഷൻ' നടത്തുന്നുണ്ട്. അവിടെ നിന്നുള്ള ഉത്പന്നങ്ങൾ പാണ്ട ഫുഡ്‌സ് വഴി വിപണിയിൽ ഇറക്കിത്തുടങ്ങി. ജൈവവിഭവങ്ങൾ ആവശ്യക്കാർക്കെത്തിക്കുന്നതിന് സുൽത്താൻബത്തേരിയിൽ ജൂബിലി റസ്റ്റോറന്റും ബെംഗളൂരുവിൽ സമ്മാൻ റസ്റ്റോറന്റും തുടങ്ങിയിട്ടുണ്ട്. ഖദീജയാണ് ഭാര്യ. ഹാറൂൺ, സുഹ്‌റ, ലുക്മാൻ, ഇമ്രാൻ, സൽമാൻ, ഖൽദൂൻ, ആയിഷ എന്നിവർ മക്കളാണ്.