whale
Photo: reuters

രതേടാനാവാതെ അവശനായി തായ്‌ലന്‍ഡിലെ കനാലില്‍ കണ്ടെത്തിയ തിമംഗിലത്തെ രക്ഷിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചു. അഞ്ചു ദിവസം കഠിനപരിശ്രമം നടത്തിയിട്ടും വിധി ആ തിമിംഗിലത്തെ കൊണ്ടുപോയി. ഇവിടെ വില്ലനായത് കടലിലെ പ്ലാസ്റ്റിക് കൂമ്പാരമായിരുന്നു. നദികളിലും കടല്‍ക്കരയിലും മനുഷ്യന്‍ തള്ളുന്ന അതേ പ്ലാസ്റ്റിക്.

ചാകുംമുമ്പ് മനുഷ്യന്റെ 'കണ്ണു'തുറപ്പിക്കാനായിരിക്കണം കുറച്ചു പ്ലാസ്റ്റിക് കവറുകള്‍ അത് പുറത്തേക്കു തുപ്പിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ആ തിമിംഗലിത്തിന്റെ വയറ്റില്‍നിന്ന് പുറത്തെടുത്തത് എട്ടു കിലോ പ്ലാസ്റ്റിക്കാണ്. 80 പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് കുപ്പികളും അടക്കമായിരുന്നു അത്. വേറെയും എത്രയോ ജീവികള്‍ കടലില്‍ ഇതേ പ്ലാസ്റ്റിക് അകത്തെത്തി ചത്തൊടുങ്ങുന്നുവെന്നതിന്റെ ഒരു സൂചനമാത്രമാണിത്.

തായ്‌ലാന്‍ഡിലെ സോംഗ്ഖല പ്രവിശ്യയിലെ കനാലിലാണ് കഴിഞ്ഞ തിങ്കളാഴ്ച അവശനിലയില്‍ ഈ പൈലറ്റ് തിമിംഗിലത്തെ കണ്ടെത്തിയത്. കണവ ഇനത്തില്‍പ്പെട്ട മത്സ്യങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. കണവ ലഭിക്കാത്ത സന്ദര്‍ഭങ്ങളില്‍ ചെറുമത്സ്യങ്ങള്‍, നീരാളി തുടങ്ങിയവയെയും ആഹാരമാക്കാറുണ്ട്.

whale
Photo: reuters

ജൂണ്‍ എട്ടിന് ലോക സമുദ്രദിനം ആചരിക്കാനിരിക്കെയാണ് സംഭവം പുറത്തുവന്നിരിക്കുന്നത്. പ്ലാസ്റ്റിക് സമുദ്ര ആവാസ വ്യവസ്ഥയെ എത്രമാത്രം തകിടം മറിക്കുന്നുവെന്ന ഗുരുതരമായ സാഹചര്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Content Highlights: Ocean Plastics Pollution, Plastic pollution kills whales, Environment Day 2018