കൊച്ചി: സ്റ്റാമ്പ്, നാണയം എന്നിവ ശേഖരിച്ച് വയ്ക്കുന്നവരെക്കുറിച്ച് നമ്മൾ കുറേ കേട്ടിട്ടുണ്ട്. എന്നാൽ, ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായ ഒരാളുണ്ടിവിടെ, ശേഖരിക്കുന്നത് പ്ലാസ്റ്റിക്. വസ്തുശേഖരണത്തിനായി പുറത്തൊന്നും പോകാറില്ല കക്ഷി. എല്ലാം വീട്ടിൽനിന്നുതന്നെ കണ്ടെത്തും. മിഠായി കവർ മുതൽ കിട്ടുന്നതെന്തും.

പ്ലാസ്റ്റിക് വലിച്ചെറിയാതെ വീട്ടിൽ തന്നെ സൂക്ഷിക്കുകയാണ് കൊച്ചി എരൂർ സ്വദേശി കൊപ്പറമ്പ് അശ്വനി നിവാസിൽ പി.കെ. വാസു എന്ന വേറിട്ട മനുഷ്യൻ. പ്ലാസ്റ്റിക് ശേഖരണം തുടങ്ങിയിട്ട് വർഷം പതിനഞ്ച് കഴിഞ്ഞു. ഉപയോഗ ശേഷം വരുന്ന എല്ലാ പ്ലാസ്റ്റിക്കും വേർതിരിച്ച് ചാക്കുകളിൽ കെട്ടി സൂക്ഷിക്കുന്നതാണ് വാസുവിന്റെ ഹോബി. വീടിന്റെ ടെറസ്‌ മുഴുവൻ ചാക്കുകളാൽ നിറയുകയാണ്.

സ്വന്തം ആവശ്യത്തിനായി നാം വാങ്ങിയതാണ് പ്ലാസ്റ്റിക്. ഇത് വീട്ടിൽ സൂക്ഷിക്കുമ്പോൾ പ്ലാസ്റ്റിക് വസ്തുക്കളാണ്. എന്നാൽ പുറത്തേക്കെറിയുന്നതോടെ ഇവ പ്ലാസ്റ്റിക് മാലിന്യങ്ങളായി മാറുകയും സമൂഹത്തിനു തന്നെ വിപത്തായി മാറുകയും ചെയ്യുമെന്നാണ് വാസു പറയുന്നത്. മറ്റാർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പ്ലാസ്റ്റിക് നിർമാർജനം എന്ന് തുടങ്ങുന്നുവോ അന്ന് അവർക്ക് കൈമാറാൻ കാത്തുകെട്ടിവച്ചിരിക്കുകയാണ് തന്റെ പ്ലാസ്റ്റിക് ശേഖരം. പരമാവധി പ്ലാസ്റ്റിക് കുറച്ച് ഉപയോഗിച്ചിട്ടും ചാക്ക് കണക്കിന് പ്ലാസ്റ്റിക് ബാക്കി വരുന്നുണ്ട് എന്നാണ് വാസു പറയുന്നത്. ഒരു കുടുംബം ഇത്ര തോതിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ടെങ്കിൽ കോടിക്കണക്കിന് മലയാളികൾ എത്രത്തോളം മാലിന്യം ദിവസവും പുറം തള്ളുന്നുണ്ടാകാം എന്നും വാസു ചോദിക്കുന്നു.

വാസുവിന്റെ വീട്ടിൽ പ്ലാസ്റ്റിക് ശേഖരത്തെക്കുറിച്ചറിഞ്ഞ് ആക്രി പെറുക്കുന്നവർ എത്താറുണ്ട്. എന്നാൽ, ഇവർക്ക് വാസു തന്റെ കൈയിലുള്ള വസ്തുക്കൾ ഒന്നും കൈമാറാറില്ല. കാരണം ഇവർ ആവശ്യമുള്ള സാധനങ്ങളെടുത്ത് ബാക്കിയുള്ള വസ്തുക്കൾ പുറംതള്ളുമെന്നാണ് വാസു പറയുന്നത്.

ഇതിനിടെ മൂന്നു വർഷക്കാലം തൃപ്പൂണിത്തുറ നഗരസഭ പ്ലാസ്റ്റിക് ശേഖരിച്ചിരുന്നു. വാസുവിന്റെ പ്ലാസ്റ്റിക് ശേഖരത്തെക്കുറിച്ചറിഞ്ഞ് ഇവിടെ നിന്നാണ് നഗരസഭ ശേഖരണത്തിന്‌ തുടക്കം കുറിച്ചത്.

2003-ൽ പുതിയ വീട്ടിൽ താമസം തുടങ്ങിയതു മുതലാണ് പ്ലാസ്റ്റിക് ഒരു തരി പോലും പുറത്തേക്ക് വലിച്ചെറിയില്ല എന്ന ദൃഢനിശ്ചയം വാസു എടുത്തത്ത്. ആദ്യം വീട്ടിൽ ചെറിയ എതിർപ്പുണ്ടായിരുന്നു. പിന്നീട് വാസുവിന്റെ കൂടെ ചേർന്നു കുടുംബം.

സമീപത്തെ കടയിൽ എത്തി സാധനം വാങ്ങുമ്പോൾ പ്ലാസ്റ്റിക് കവറിൽ സാധനം നൽകുമ്പോൾ, ഈ കവർ വാസു വാങ്ങിയ ശേഷം തുണി സഞ്ചിയിൽ സാധനങ്ങൾ വാങ്ങി മടങ്ങും. പത്ത് ദിവസം കഴിയുമ്പോൾ പ്ലാസ്റ്റിക് കവറുകൾ കടയിൽ തിരികെ നൽകും. ഇന്നിപ്പോൾ പത്തിലധികം നാട്ടുകാരും ഈ മാതൃക പിന്തുടരുന്നുണ്ട്.

19 വർഷം മുമ്പ് മകൾ ഉപയോഗിച്ചിരുന്ന കളിപ്പാട്ടങ്ങളും വാസുവിന്റെ ശേഖരത്തിലുണ്ട്. കൂടെ പാൽകവർ, പേനകൾ, ട്യൂബ് ലൈറ്റുകൾ, സി.എഫ്.എൽ. ബൾബുകൾ, സി.ഡി.കൾ, ബാറ്ററികൾ, റിമോട്ടുകൾ, മൊബൈൽ ചാർജറുകൾ തുടങ്ങി ഇ-മാലിന്യങ്ങളടക്കം ശേഖരിക്കുന്നുണ്ട് കക്ഷി. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു വാസു. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് പ്രിൻസിപ്പലായ ശോഭയാണ് ഭാര്യ. ബിരുദ വിദ്യാർഥിയായ അശ്വനിയാണ് മകൾ. മകൻ അഭിനവ് അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.