പരിസ്ഥിതി ദിനത്തിന്റെ സന്ദേശം 'പ്ലാസ്റ്റിക്ക് മലിനീകരണത്തെ ചെറുക്കുക' (Beat Plastic Pollution) എന്നതാണ്. പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതിയോട് എന്താണ് ചെയ്യുന്നതെന്ന ശരിയായ തിരിച്ചറിവാണ് ഈ മഹാവിപത്തിനെ നേരിടാന്‍ അനിവാര്യം. അറിയാം പ്ലാസ്റ്റിക്ക് മാലിന്യം സംബന്ധിച്ച സുപ്രധാനമായ ചില കാര്യങ്ങള്‍-

പരിസ്ഥിതിയോട് നാമെന്താണ് ചെയ്യുന്നത്?

  • ഓരോ വര്‍ഷവും ലോകത്ത് ഉപയോഗിക്കപ്പെടുന്നത് അഞ്ച് ലക്ഷം കോടി (അഞ്ച് ട്രില്യണ്‍) പ്ലാസ്റ്റിക് സഞ്ചികളാണെന്നാണ് കണക്ക്. 
  • പ്രതിവര്‍ഷം 130 ലക്ഷം ടണ്‍ പ്ലാസ്റ്റിക് ആണ് മനുഷ്യന്‍ ഉപയോഗിച്ച ശേഷം കടലില്‍ തള്ളുന്നത്. അതായത്, ഓരോ മിനിറ്റിലും ഒരു ട്രക്ക് നിറയെ പ്ലാസ്റ്റിക് കടലില്‍ എത്തുന്നു. 
  • ഓരോ മിനിറ്റിലും ലോകത്ത് വില്‍ക്കപ്പെടുന്നത് 10 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകളാണ്. 
  • കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഉണ്ടായതില്‍ അധികം പ്ലാസ്റ്റിക് ആണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ലോകത്ത് ഉത്പാദിപ്പിക്കപ്പെട്ടത്. ഇതില്‍ പകുതിയിലധികവും ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിഞ്ഞവയാണ്. 
  • ലോകത്തെ മൊത്തം മാലിന്യങ്ങളില്‍ 10 ശതമാനമാണ് പ്ലാസ്റ്റിക് മാലിന്യമെന്നാണ് കണക്ക്.

 

plastic
Photo: AP

 

പ്ലാസ്റ്റിക്കിനെതിരെ അവര്‍ ചെയ്യുന്നതെന്ത്?
 

ലോകത്ത് പല രാജ്യങ്ങളും പ്ലാസ്റ്റിക്കുണ്ടാക്കുന്ന വിപത്തിനെ നേരിടാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നുണ്ട്. പ്ലാസ്റ്റിക് എന്ന വിപത്തിനെ മറികടക്കുന്നതിന് നമ്മുടെ നാട് എത്രമാത്രം മുന്നേറേണ്ടതുണ്ടെന്ന് ഈ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു.

റുവാണ്ട: ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട 2008 മുതല്‍ പ്ലാസ്റ്റിക് ബാഗ് വിമുക്ത രാജ്യമാണ്. രാജ്യത്ത് പാസ്റ്റിക് സഞ്ചികള്‍ക്ക് പൂര്‍ണ നിരോധനമാണുള്ളത്. 

ഫ്രാന്‍സ്: രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് നിയമത്തിന്റെയും ബോധവത്കരണത്തിന്റെയും മാര്‍ഗങ്ങളാണ് ഫ്രാന്‍സ് സ്വീകരിക്കുന്നത്. 2016ല്‍ പ്ലാസ്റ്റിക് നിരോധന നിയമം ഫ്രാന്‍സ് പാസ്സാക്കി. കപ്പുകള്‍, പ്ലേറ്റുകള്‍, മറ്റുപകരണങ്ങള്‍ എന്നിവ 2020ഓടുകൂടി പൂര്‍ണമായും നിരോധിക്കുകയാണ് ലക്ഷ്യംവെക്കുന്നത്. 2025ഓടുകൂടി പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പകുതിയായി കുറയ്ക്കാനും ഫ്രാന്‍സ് ലക്ഷ്യമിടുന്നു.

ചൈന: 2008ല്‍ ചൈനീസ് സര്‍ക്കാര്‍ പാസ്സാക്കിയ നിയമപ്രകാരം ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങള്‍ ഇടപാടുകാര്‍ക്ക് സൗജന്യമായി പ്ലാസ്റ്റിക് സഞ്ചികള്‍ നല്‍കുന്നത് നിരോധിച്ചു. ഇതോടെ രാജ്യത്തെ പ്ലാസ്റ്റിക് സഞ്ചിയുടെ ഉപയോഗം പകുതിയായി കുറഞ്ഞെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്വീഡന്‍: പ്ലാസ്റ്റിക് നരോധനത്തിനു പകരം പുനരുപയോഗമാണ് സ്വീഡന്‍ മുന്നോട്ടുവെക്കുന്നത്. അതിനുള്ള മെച്ചപ്പെട്ട മാര്‍ഗങ്ങളും അവര്‍ രൂപപ്പെടുത്തുന്നു. പ്ലാസ്റ്റിക് പുനരുപയോഗം മികച്ച രീതിയില്‍ നടപ്പാക്കുന്ന ലോകത്തിലെ ഒന്നാംകിട രാജ്യമാണ് സ്വീഡന്‍.

അയര്‍ലന്‍ഡ്: പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അയര്‍ലന്‍ഡിന്റെ പരീക്ഷണം വന്‍ വിജയമായിരുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് 2002 മുതല്‍ വന്‍ നികുതി ഏര്‍പ്പെടുത്തിയതോടെ ഉപയോഗത്തില്‍ 94 ശതമാനമാണ് കുറവുവന്നത്.

 

plastic
Photo: AP

 

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ നമുക്കെന്തൊക്കെ ചെയ്യാനാവും?

 

  • നിത്യജീവിതത്തില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക. സാധനങ്ങള്‍ വാങ്ങാന്‍ പ്രത്യേക സഞ്ചിയുമായി കടകളില്‍ പോകുക. കടകളില്‍നിന്ന് പ്ലാസ്റ്റിക് സഞ്ചികള്‍ വാങ്ങുന്നത് ഒഴിവാക്കുക.
  • പ്ലാസ്റ്റിക് ഇതര വസ്തുക്കള്‍ ഉപയോഗിച്ച് സാധനങ്ങള്‍ പൊതിഞ്ഞു തരുന്നതിന് കച്ചവടക്കാരെ നിര്‍ബന്ധിക്കുക.
  • യാത്രകളില്‍ സ്വന്തമായി വെള്ളക്കുപ്പികള്‍ കരുതുക. വെള്ളക്കുപ്പികള്‍ വാങ്ങുന്നത് ഒഴിവാക്കുക. 
  • പ്ലാസ്റ്റിക് നിര്‍മിതമായ കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍ തുടങ്ങിയവ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കുക.
  • വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ ശ്രമിക്കുക.