കേരളത്തിൽ നാലരപ്പതിറ്റാണ്ടിനിടയിൽ കാടിന്റെ വിസ്തൃതി പകുതിയായി കുറഞ്ഞു. 1973 മുതൽ 2016 കാലയളവുവരെ കേരളത്തിലെ വനവിസ്തൃതി സംബന്ധിച്ച ഡോ. രാമകൃഷ്ണൻ രാമഭദ്രൻ, ടി.വി. രാമചന്ദ്ര എന്നിവരുടെ പഠനത്തിലാണ് കണ്ടെത്തൽ. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനുവേണ്ടി റിമോട്ട് സെൻസിങ് ഡേറ്റ ഉപയോഗിച്ചായിരുന്നു പഠനം.

നിക്ഷിപ്ത വനഭൂമിയിലെയും അതിനുപുറത്തെ ഭൂമിയിലെയും കാടുകളുടെ വിസ്തൃതിയാണ് ഭയാനകമാംവിധം കുറഞ്ഞത്. 1973-ൽ 24,953 ചതുരശ്ര കിലോമീറ്റർ വനമാണുണ്ടായിരുന്നത്. 2016-ൽ ഇത് 15,888.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ഒൻപത് ലക്ഷത്തിലേറെ ഹെക്ടറാണ് കുറഞ്ഞത്. അതേസമയം, നിക്ഷിപ്ത വനഭൂമിയിൽ കുറവുണ്ടായിട്ടില്ലെന്നാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്ക്.

പരിസ്ഥിതിദുർബല പ്രദേശമായി പ്രഖ്യാപിച്ച 1837.79 ചതുരശ്ര കിലോമീറ്റർ ഉൾപ്പെടെ ചേർത്താൽ 11,309 ചതുരശ്ര കിലോമീറ്റർ നിക്ഷിപ്ത വനപ്രദേശം കേരളത്തിലുണ്ട്. മൊത്തം ഭൂപ്രദേശത്തിന്റെ 29 ശതമാനം വരുമിത്. പുറത്തെ കാടുകളും ചേർന്നാൽ 1973-ൽ 66.2 ശതമാനമായിരുന്നത് ഇപ്പോൾ 42.5 ശതമാനമായി കുറഞ്ഞു. ഇത് രാജ്യത്തെ മൊത്തം ശരാശരിയേക്കാൾ ഭേദമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 33 ശതമാനമാണ് രാജ്യത്തെ ശരാശരി.

ഈ കാലയളവിൽ കേരളത്തിൽ നഗരവത്കരണം വൻതോതിലായിരുന്നു. 95.1 ചതുരശ്ര കിലോമീറ്റിൽനിന്ന് 4136 ചതുരശ്ര കിലോമീറ്ററായി വർധിച്ചു. മൊത്തം സ്ഥലത്തിന്റെ 0.25 ശതമാനമായിരുന്നു 1973-ൽ നഗരഭൂമിയെങ്കിൽ 2016-ൽ അത് 10.97 ശതമാനമായി.

43 വർഷ കാലയളവിൽ തോട്ടം വിസ്തൃതി 1850.6 ചതുരശ്ര കിലോമീറ്ററിൽനിന്ന് 9999.5 ചതുരശ്ര കിലോമീറ്ററായി കൂടി. മറ്റുകൃഷികൾ 4304.6 ചതുരശ്ര കിലോമീറ്ററിലായിരുന്നത് 5179.3 ചതുരശ്ര കിലോമീറ്ററായും ജലാശയങ്ങളുടെ വിസ്തൃതി 349.8-ൽനിന്ന് 389.4 ചതുരശ്ര കിലോമീറ്ററായും വർധിച്ചു.

അതേസമയം, തുറസ്സായ സ്ഥലത്തിന്റെ വിസ്തൃതിയിൽ കുറവുണ്ടായി. 1973-ൽ 6142.9 ചതുരശ്ര കിലോമീറ്ററായിരുന്നത് 2016-ൽ 2103.1 ചതുരശ്ര കിലോമീറ്ററായി. അതായത് 16.3 ശതമാനത്തിൽനിന്ന് 5.58 ശതമാനമായി കുറഞ്ഞു. 1973-ലെ കണക്കുപ്രകാരം നഗരവത്കരണം നടന്നത് 9510 ഹെക്ടറിലായിരുന്നെങ്കിൽ 2016-ലെത്തുമ്പോൾ 4,13,600 ഹെക്ടറിലെത്തി. വനവിസ്തൃതിയിലെ കുറവ് നെൽപ്പാടത്തിന്റെ വിസ്തൃതി കുറഞ്ഞതിനു സമാനമാണ്. ഒൻപത് ലക്ഷം ഹെക്ടറായിരുന്ന നെൽവയൽ അരനൂറ്റാണ്ടുകൊണ്ട് രണ്ടേകാൽ ലക്ഷം ഹെക്ടറായാണ് കുറഞ്ഞത്.