കോഴിക്കോട്: വിവിധ ജില്ലകളില്‍നിന്നെത്തിയ തീര്‍ത്തും അപരിചിതരായ 11 കുട്ടികള്‍. വലിയ കാന്‍വാസുകളില്‍ വരച്ചോ ആക്രിലിക് നിറങ്ങള്‍ ഉപയോഗിച്ചോ അവര്‍ക്ക് ശീലമുണ്ടായിരുന്നില്ല. എന്നിട്ടും രണ്ടരമീറ്റര്‍ നീളത്തിലുള്ള വലിയ കാന്‍വാസില്‍ അവര്‍ വരകളും വര്‍ണങ്ങളുംകൊണ്ട് ഒരു സന്ദേശം തീര്‍ത്തു. 'ചേര്‍ത്തു നിര്‍ത്താം, മനുഷ്യനെ പ്രകൃതിയോട്' എന്ന പരിസ്ഥിതിദിനസന്ദേശം. 2017-ലെ പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ച ആശയമാണ് കുട്ടികള്‍ കാന്‍വാസില്‍ യാഥാര്‍ഥ്യമാക്കിയത്. പരിസ്ഥിതിസംരക്ഷണം വിഷയമാക്കി മാതൃഭൂമി നടത്തിയ ചിത്രരചനാ മത്സരത്തില്‍ യു. പി. വിഭാഗത്തില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളാണ് രണ്ടുദിവസം നീണ്ടുനിന്ന പരിസ്ഥിതിദിന ചിത്രരചനാ ക്യാമ്പിലെത്തിയത്. പരിസ്ഥിതിദിന സന്ദേശത്തെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചയായിരുന്നു ക്യാമ്പിന്റെ ആദ്യഘട്ടം. കൊച്ചുമനസ്സില്‍ നിറഞ്ഞുതുളുമ്പിയ ആശയങ്ങള്‍ കടലാസില്‍ വരകളും വര്‍ണങ്ങളുമായി നിറഞ്ഞു. ഒറ്റയൊറ്റ പേപ്പറുകളില്‍ ചിതറിക്കിടന്ന ആശയങ്ങള്‍ വലിയ കാന്‍വാസിലേക്ക് ഒരുമിപ്പിക്കലായിരുന്നു പിന്നീടുള്ള വെല്ലുവിളി. മാതൃഭൂമിയിലെ ചിത്രകാരന്‍മാര്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. നിവര്‍ത്തിയിട്ട കാന്‍വാസിനു ചുറ്റുമിരുന്ന് അവര്‍ ആലോചിച്ചു. കടലാസില്‍ വരച്ച ചിത്രങ്ങളിലെ ഏതൊക്കെ ഭാഗങ്ങള്‍ വലിയ കാന്‍വാസിലേക്ക് പകര്‍ത്തണം എന്നതായിരുന്നു ചര്‍ച്ച. ഇടത്തേയറ്റത്ത് മലിനീകരണത്തിന്റെ ദൃശ്യങ്ങളില്‍ തുടങ്ങി വലത്തേയറ്റത്തേക്ക് ഹരിതാഭമായ പ്രകൃതി ചിത്രീകരിക്കാനായിരുന്നു അവരുടെ തീരുമാനം. ഓരോരുത്തരും വരയ്‌ക്കേണ്ട ഭാഗങ്ങള്‍ പെന്‍സില്‍കൊണ്ട് അടയാളപ്പെടുത്തി. കാന്‍വാസിനുചുറ്റും ഇരുന്നും കിടന്നുമൊക്കെ അവര്‍ വരച്ചു. മരവും കിളിയും പൂമ്പാറ്റയും മഞ്ഞും പിന്നെ പേടിപ്പെടുത്തുന്ന മലിനീകരണവും വരള്‍ച്ചയുമൊക്കെ. 11 പേര്‍ ചേര്‍ന്ന് വര്‍ണജാലം ഒരൊറ്റ ചിത്രമായിമാറി. ഇടയിലൊരിടവും വേറിട്ടുനില്‍ക്കാതെ ഒരിടത്തും വിടവുകള്‍ അവശേഷിക്കാതെ കാന്‍വാസില്‍ പ്രകൃതിനിറഞ്ഞു. അനന്തകൃഷ്ണന്‍ (ആലപ്പുഴ), വരദ പ്രിയ (പാലക്കാട്), ശബരി ബാബു (പത്തനംതിട്ട), ദിയ മെഹ്‌റിന്‍ (മലപ്പുറം), നവനീത് കൃഷ്ണ (കോട്ടയം), ശ്രീരുഗ്മ(കണ്ണൂര്‍), ആദിത്യ പി. (കാസര്‍കോട്), തീര്‍ഥ ഗോപകുമാര്‍(എറണാകുളം), അഹല്യ (തൃശ്ശൂര്‍), ഹനിയ ഷമീര്‍ (കോഴിക്കോട്), അക്ഷയ് വി.എ. (തിരുവനന്തപുരം) എന്നിവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. മാതൃഭൂമി ആര്‍ട്ട് എഡിറ്റര്‍ മദനന്‍, ചീഫ് ആര്‍ട്ടിസ്റ്റുമാരായ ബി.എസ്. പ്രദീപ് കുമാര്‍, കെ.കെ. രവി എന്നിവര്‍ നേതൃത്വം നല്‍കി.