ഞ്ചോ ആറോ വയസുള്ളപ്പോള്‍ ഒരു മധ്യവേനലവധിക്കാലത്താണ് ഞാന്‍ ആദ്യമായി കാട്ടില്‍ പോയത്. ചേച്ചിമാരുടെയും ഏട്ടന്റേയും കൂടെ. വീട്ടില്‍ നിന്ന് ഒന്ന് ആഞ്ഞ് പിടിച്ച് നടന്നാല്‍ എത്തുന്ന ദൂരത്ത് കാട് ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് അമ്മയും അടുത്ത വീട്ടിലെ ഏട്ടന്‍മാരും പറയാറുള്ള കഥകളില്‍ മോഹിപ്പിക്കുന്ന പച്ച നിറത്തില്‍ കാട് പൂത്തുലഞ്ഞ് കിടക്കും. അത്രയും ദൂരം നടക്കാന്‍ എനിക്ക് ആവുന്ന കാലത്ത് കൊണ്ടു പോകാം എന്ന് പറഞ്ഞ് കാട്ടിലേക്കുള്ള എന്റെ യാത്രാമോഹങ്ങളെ ഏട്ടന്‍മാര്‍ നിരുത്സാഹപ്പെടുത്തും. എങ്കിലും എന്റെ വാശി പിടിക്കലുകള്‍ തുടര്‍ന്നു. ഒടുക്കം, രണ്ടാം ക്ലാസിലെ അവധിക്കാലത്ത് ആ മോഹം നടന്നു. കാട്ടിലേക്കുള്ള യാത്ര. 

ബോംബെയിലുള്ള ബന്ധുക്കളെ കാണാന്‍ ട്രെയിനില്‍ പോകുമ്പോള്‍ വെള്ളം കൊണ്ടുപോകാറുള്ള വലിയ ഫ്‌ളാസ്‌കില്‍ കുടിവള്ളം എടുത്തു. വാഴയിലയില്‍ പൊതിഞ്ഞ് കുറച്ചു ഭക്ഷണവും. അന്ന് കുടിവെള്ളം പ്ലാസ്റ്റിക് കുപ്പികളില്‍ വിറ്റ് തുടങ്ങിയിരുന്നില്ല. അങ്ങനെ നടത്തം തുടങ്ങി. വേനലില്‍ മഞ്ഞനിറം വീണു തുടങ്ങിയ കാട്ടിനുള്ളിലേക്ക് ചേച്ചിമാരുടെ കയ്യും പിടിച്ച് നടന്നു കയറി. കൊങ്ങിണിക്കാടു പോലും കൊടുങ്കാട് പോലെ തോന്നുന്ന ഇത്തിരിപ്പെണ്ണിന്റെ കണ്ണില്‍ കൂറ്റന്‍ മരങ്ങള്‍ അത്ഭുതച്ചിരി പടര്‍ത്തി. എത്ര ദൂരം നടന്നെന്നോ എപ്പോള്‍ തിരിച്ചെത്തിയെന്നോ ഒന്നും ഓര്‍മ്മയില്ലെങ്കിലും വലിയ മരങ്ങള്‍ക്ക് കീഴെ വാ പോളിച്ച് അന്തം വിട്ട് നില്‍ക്കുന്ന പീക്കിരി പെണ്‍കുട്ടി കുട്ടിക്കാലത്തിന്റെ ആല്‍ബത്തില്‍ ഇപ്പോഴുമുണ്ട്. 

കാട്ടില്‍ പോകണമെന്ന് വാശി പിടിക്കുമ്പോള്‍ അമ്മ ചെയ്യുന്ന ഒരു സൂത്രപ്പണിയുണ്ട്. എന്നെയും കൂട്ടി നടക്കാനിറങ്ങും. അപ്പോള്‍, വീടിനടുത്തുള്ള പറമ്പുകളൊക്കെ എനിക്ക് മുന്നില്‍ കാടുകളാകും. കിളികളും ചീവീടും ശബ്ദമുണ്ടാക്കുന്ന പറമ്പുകളില്‍ കാടിന്റെ വന്യതയെ അമ്മ പുനര്‍സൃഷ്ടിക്കും. ഹൈസ്‌കൂളില്‍ ആകുന്നത് വരെ എന്റെയും അമ്മയുടെയും ഈ 'കാടു കാണല്‍' തുടര്‍ന്നു. 

forest
ഫോട്ടോ: മനോജ് കരിങ്ങാമഠത്തില്‍

മുതിര്‍ന്നപ്പോള്‍ കാടുകളിലേക്ക് യാത്ര ചെയ്യാനുള്ള ഒരു അവസരവും കളഞ്ഞില്ല. ഓരോ യാത്ര കഴിഞ്ഞും തിരികെ എത്തുമ്പോള്‍ പ്രിയപ്പെട്ട ഒരിടത്തില്‍ നിന്ന് തിരികെ പോന്നതിന്റെ സങ്കടമാകും മനസില്‍ അവശേഷിക്കുക. അപ്പോഴൊക്കെ അമ്മയുടെ പൊടിക്കൈ മനസിലേക്കെത്തും. ജനാല തുറന്നിട്ടാല്‍ കാണുന്ന കാടുകളിലേക്കാകും പിന്നീടുള്ള യാത്രകള്‍. പച്ചപ്പിന്റെ തുരുത്തിലൊക്കെ കാടിന്റെ ജൈവികതയെ ഒളിപ്പിച്ച് അസംഖ്യം ജീവജന്തുക്കള്‍... മൈനകള്‍, ഓലേഞ്ഞാലി, ഇരട്ടത്തലച്ചി ബുള്‍ബുള്‍, മഞ്ഞക്കറുപ്പന്‍, കാക്കകള്‍, കരിയിലക്കിളികള്‍, അങ്ങാടിക്കുരുവികള്‍, അണ്ണാറക്കണ്ണന്‍മാര്‍, ഓന്തുകള്‍ അങ്ങനെയങ്ങനെ അയല്‍ക്കാരായ അയല്‍ക്കാരൊക്കെ നാട്ടിലെ കാട്ടില്‍ ആരേയും കൂസാതെ കറങ്ങി നടപ്പുണ്ടാകും. 

മഴ പെയ്താല്‍ കൂടുതല്‍ വന്യതയിലേക്ക് അവര്‍ കുതിച്ചു ചാടും. നാം ചവുട്ടി നില്‍ക്കുന്ന മണ്ണിനടിയില്‍ ഒരു കാട് ഒളിച്ചിരിപ്പുണ്ടെന്ന് മനസിലാവുന്നത് മഴ പെയ്യുമ്പോഴാണ്. മണ്ണിന്റെ കാടോര്‍മ്മകളെ മഴത്തണുപ്പ് വീണ്ടെടുക്കും. പുല്ലും വള്ളിപ്പടര്‍പ്പുകളും ചെറുചെടികളും മനുഷ്യന്റെ വഴിയോര്‍മ്മകള്‍ക്കു മേല്‍ പച്ചക്കാടുകള്‍ തീര്‍ക്കും. പക്ഷേ, ഇന്റര്‍ലോക്കിട്ട മുറ്റങ്ങളില്‍ ശ്വാസം മുട്ടി മരിക്കുന്ന പച്ചത്തുരുത്തുകളെ ഇപ്പോള്‍ ആരും ഓര്‍ക്കാറില്ലല്ലോ! വീടിന്റെ മുറ്റത്ത് നിന്ന് പടിയിറക്കപ്പെട്ട കുറ്റിക്കാടുകള്‍ ഇപ്പോള്‍ ഒരല്‍പം ഇടം കണ്ടെത്തുന്നത് റോഡിന്റെ വശങ്ങളിലാണ്. പക്ഷേ, തൊഴിലുറപ്പുകാരുടെ അരിവാളിനെ അതിജീവിക്കാന്‍ കഴിയുന്ന മൃതസഞ്ജീവനിയൊന്നും കയ്യിലില്ലാത്തതിനാല്‍ അരിഞ്ഞുവീഴ്ത്തപ്പെടാനാണ് അവയുടെയും നിയോഗം. 

bird
ഫോട്ടോ: സീന ആന്റണി

ഇത്രയൊക്കെ ശ്രമിച്ചിട്ടും മണ്ണിനുള്ളിലെ കാടിനെ ഇല്ലാതാക്കാന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല എന്നതാണ് രസകരമായ കാര്യം. മനുഷ്യസ്പര്‍ശം ഇല്ലാതായാല്‍ ഏത് കോണ്‍ക്രീറ്റ് സൗധവും പച്ചതുരുത്താകും. അവിടെ ആരും നട്ടുനനയ്ക്കാന്‍ നില്‍ക്കണ്ട. വിത്തിടുകയും വേണ്ട. മണ്‍തരികള്‍ അവയ്ക്കുള്ളിലെ കാടിന് ജീവന്‍ നല്‍കും. ആ പച്ചപ്പിലേക്ക് ജീവികളും പ്രാണികളും മടങ്ങിയെത്തും. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍. 

നമുക്ക് ചുറ്റുമുള്ള ഇത്തിരിക്കാടുകളെ കോണ്‍ക്രീറ്റ് ഇട്ട് മൂടിയിട്ട് കാടു കാണാന്‍ മല കയറുന്നവര്‍ എങ്ങനെയായിരിക്കും കാടിനെ കണ്ടെത്തുക! സംരംക്ഷിതവനങ്ങള്‍ക്ക് പുറത്തും കാടുകളുണ്ടെന്നും അവിടെയും ജീവികളും ജീവിതങ്ങളുമുണ്ടെന്നും അവര്‍ എന്നാവും തിരിച്ചറിയുക!