കോട്ടയം: ഒരു കൊച്ചുതുണ്ട് ഭൂമിയില്‍പോലും ഒരു 'കുട്ടിവനം'വെച്ചുപിടിപ്പിക്കൂ. അതിലൂടെ നമ്മുടെ പക്ഷിപരന്പരകളെ നിലനിര്‍ത്തൂവെന്ന് ആഹ്വാനം ചെയ്ത് മുന്നിട്ടിറങ്ങുകയാണ് സംവിധായകന്‍ ജയരാജ്. അതൊന്നും നടപ്പിലാകില്ലെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ കോട്ടയം കഞ്ഞിക്കുഴിയിലെ സ്വന്തം വീടിന് ചുറ്റും ഇത്തിരി വലിയ 'വനം' വെച്ചുപിടിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ഒരു കൊച്ചുവനത്തിലെ അത്ര മഹാമരങ്ങളുടെ തണല് പറ്റിയാണ് 15 െസന്റിലുള്ള അദ്ദേഹത്തിന്റെ 'നാരായണീയം'വീട്.

ആല്‍,പാല,ഇലഞ്ഞി,കൂവളം,ചന്ദ്രക്കാരന്‍മാവ്, കരിനൊച്ചി,ചെന്പകം, കണിക്കൊന്ന,അശോകം,മുള,ഇല്ലി,ഒങ്ങ്,പുന്ന,വഴന, റന്പൂട്ടാന്‍,തേക്ക്, പവിഴമല്ലി, കാട്ടുചെന്പകം,നെല്ലി,...ഒരൂപക്ഷേ ഒരുകൊച്ചുവനത്തില്‍ മാത്രം കാണുന്ന ഈ അപൂര്‍വമരങ്ങളാല്‍ നിബിഡമാണ് 'നാരായണീ'യത്തിന്റെ ഇത്തിരി പറന്പ്.

''പലരും പറയും വീട്ടില്‍ പാലയും ആലും വെയ്ക്കാന്‍ പാടില്ലാന്ന്. പക്ഷേ അത്തരം അന്ധവിശ്വാസങ്ങളില്‍ പെടാനില്ല. എല്ലാംപ്രകൃതിയുടെ സൃഷ്ടിയാണ്.പ്രകൃതിക്ക് ചേരാത്തതൊന്നും ഇവിടെയില്ല. അതൊക്കെ മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്നതാണ്.ആല്‍ത്തറ കെട്ടിയിട്ടുണ്ട്.അവിടെയിരുന്നാല്‍ കിട്ടുന്ന സമാധാനം പറഞ്ഞറിയിക്കാന്‍ പറ്റില്ല''ജയരാജ് പറയുന്നു. രാത്രികാലങ്ങളില്‍ പൂക്കുന്ന പാലയും കാട്ടുചെന്പകവും തരുന്ന സുഗന്ധത്തിനും പകരം വെയ്കാന്‍ എന്തുണ്ടെന്നമട്ടിലാണ് സംവിധായകന്‍.

മരങ്ങള്‍ വെച്ചുപിടിപ്പിച്ച ഈ വിജയമാണ് ബേര്‍ഡ്‌സ് ക്‌ളബിന്റെ സഹകരണത്തോടെ 'ഒരു ലക്ഷം കുട്ടിവനങ്ങള്‍'എന്ന പദ്ധതിക്ക് തുടക്കമിട്ടത്. ജയരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് 'മഴത്തുരുത്തുകള്‍'എന്ന് പേരിട്ട പദ്ധതി. ഒരുലക്ഷം കുട്ടിവനങ്ങളാണ് ലക്ഷ്യം.ഇതിലൂടെ പെരുകുന്ന ജീവജാലങ്ങളിലാണ് ജയരാജിന്റെ കണ്ണ്.ഒരുകുഞ്ഞുവനത്തില്‍ പോലും പക്ഷിമൃഗാദികള്‍ വന്നുപോകുമെന്ന് നഗരത്തിലെ തന്റെ വീട്ടിലെ മരങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ ഉറപ്പാണ്.പ്രാവ്,വെള്ളിമൂങ്ങ, കീരി, കുളക്കോഴി...പിന്നെ പേര് പോലും അറിയാത്തത് എത്രയോ ....

സ്‌കൂള്‍,കോളേജ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ കാന്പസുകളിലും പൊതുയിടങ്ങളിലും കുട്ടിവനങ്ങള്‍ വെച്ചുപിടിപ്പിക്കാനാണ് ശ്രമം. ഇതിനോടകം കോട്ടയം മാര്‍ ബസേലിയോസ്, ചിന്മയാസ്‌കൂള്‍ എന്നിവ അടക്കം കേരളത്തിലെ പല കാന്പസുകളിലും പൊതുയിടങ്ങളിലും 'കുട്ടിവനം'വെച്ചുപിടിപ്പിച്ചു കഴിഞ്ഞു.ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സഹായവും ഉറപ്പുവരുത്തും.

എത് സ്ഥലത്തും ഒരുചെറിയസംഘത്തെ രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. കുട്ടികളുടെ സംഘത്തിന് ഇതിലൂടെ ഇരട്ടി നേട്ടമുണ്ടെന്ന് ജയരാജ്.''പല കുട്ടികളും ഇത്തിരി സമയം കിട്ടിയാല്‍ ഐപാഡിലും ടി.വി.ക്കാഴ്ചയിലുമാണ്.എന്നാല്‍ വനപരിപാലനത്തിനായി നിയോഗിക്കുന്ന കുട്ടികള്‍ക്കായി രൂപം കൊടുക്കുന്ന വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുക മരങ്ങള്‍, പക്ഷികള്‍ എന്നിവയുടെ വിവരങ്ങളാവും. ഇത് അവരെ കൂടുതല്‍ ക്രിയാത്മകമാക്കുമെന്ന് എനിക്കുറപ്പുണ്ട്''അദ്ദേഹം പറയുന്നു..

*മുന്നറിയിപ്പ്-ഒരു പരിസ്ഥിതിദിനത്തില്‍ മരം വെച്ച് അടുത്തവര്‍ഷം മാത്രം അതേക്കുറിച്ച് ആലോചിക്കുന്നവര്‍ ജാഗ്രതൈ. ജയരാജ് അവരോട് കൂട്ടുകൂടില്ല.