ലോകത്ത് ആകെ 150 എണ്ണം മാത്രം ശേഷിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ് എന്ന പക്ഷിവര്‍ഗ്ഗത്തെ സംരക്ഷിക്കാന്‍ ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് രാജസ്ഥാന്റെ പുല്‍മേടുകളില്‍ ജീവിതം ചിലവഴിക്കുന്ന ഒരു അപൂര്‍വ്വ പ്രകൃതി സ്‌നേഹിയെ അറിയൂ..

ജീവിതത്തില്‍ എന്തായിത്തീരണമെന്നത് സംബന്ധിച്ച് യുവാക്കള്‍ക്കെല്ലാമുള്ളത് പൊതുവായി ചില ലക്ഷ്യങ്ങളാവും; വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടാകാമെങ്കിലും. നല്ല ജോലി, ഉയര്‍ന്ന ശമ്പളം, ആര്‍ഭാടജീവിതം എന്നിങ്ങനെ.. എന്നാല്‍ എല്ലാവരുടെയും ചിന്താഗതി അങ്ങനെയായിരിക്കണമെന്നില്ല- പ്രമോദിനെപ്പോലെ.

വ്യത്യസ്തമായിരുന്നു, എന്നും പ്രമോദ് പാട്ടീല്‍ എന്ന ഈ ചെറുപ്പക്കാരന്റെ വഴികള്‍. വിദ്യാഭ്യാസംകൊണ്ട് ഡോക്ടറാണ് പ്രമോദ്. എന്നാല്‍ പ്രവര്‍ത്തനമേഖല മറ്റൊന്നാണ്- പക്ഷിനിരീക്ഷണവും പ്രകൃതി സംരക്ഷണവും. എന്നാല്‍ അങ്ങനെ പറഞ്ഞു ചുരുക്കാനാവില്ല പ്രമോദിന്റെ ജീവിതത്തെ. 'ഗ്രീന്‍ ഓസ്‌കാര്‍' എന്നറിയപ്പെടുന്ന 'വൈറ്റ്‌ലി അവാര്‍ഡ്' 2015ല്‍ നേടിയത് പ്രമോദ് പാട്ടീല്‍ എന്ന ഈ ചെറുപ്പക്കാരനായിരുന്നു എന്നുകൂടി അറിയണം.

എന്‍ജിനീയറിങ് പഠിക്കാന്‍ പോയി പാതിവഴിയില്‍ അവസാനിപ്പിച്ച്, പിന്നീട് ആധുനിക വൈദ്യശാസ്ത്രം പഠിച്ച് ഡോക്ടറായി, പക്ഷിനിരീക്ഷകനും പ്രകൃതി സംരക്ഷകനുമായി, ഒടുവില്‍ വംശനാശ ഭീഷണി നേരിടുന്ന 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ്' എന്ന പക്ഷിവര്‍ഗ്ഗത്തിനായി നീക്കിവെച്ച ഈ 31കാരന്റെ ജീവിതം അമ്പരപ്പിക്കുന്നതും പ്രചോദനകരവുമാണ്.

 

Pramod Patil‏
@PramodPatil‏

 

'മറ്റുപലതിനും പിന്നാലെ സഞ്ചരിക്കുന്നതിനിടയിലെപ്പോഴോ ആണ് ഞാന്‍ എന്റെ വഴി തിരിച്ചറിഞ്ഞത്. എവിടെയും ഉറച്ചുനില്‍ക്കാത്ത എന്റെ സ്വഭാവം മൂലം ഞാന്‍ ബിരുദം പോലും നേടാതെപോകുമോ എന്ന് എന്റെ അമ്മ ഭയപ്പെട്ടിരുന്നു. മൃഗങ്ങളെ ഇഷ്ടപ്പെട്ടിരുന്നതിനാല്‍ മൃഗഡോക്ടറാകാന്‍ ഒരിക്കല്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ എന്റെ നാട്ടിലെ കാലിത്തൊഴുത്തുകള്‍ കണ്ടപ്പോള്‍ അവിടെയല്ല എന്റെ ജീവിതം ചെലവഴിക്കേണ്ടതെന്ന് എനിക്ക് മനസ്സിലായി'- തന്റെ ജീവിതവഴികളെക്കുറിച്ച് പ്രമോദ് പറയുന്നു.

2002ല്‍ കോലാപൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് പ്രമോദ് ആദ്യമായി ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ് എന്ന പക്ഷിയെക്കുറിച്ച് മനസ്സിലാക്കുന്നത്. സോലാപ്പുരിലെ നന്നാജ് പക്ഷി സംരക്ഷണ കേന്ദ്രത്തില്‍വെച്ചായിരുന്നു അത്. ആദ്യ കാഴ്ചയില്‍ത്തന്നെ പ്രമോദ് ആ പക്ഷിയുമായി പ്രണയബദ്ധനായി. 

bustard
@PramodPatil‏

 

പിന്നീട് പലപ്പോഴും ഈ പക്ഷിയെക്കാണാന്‍ പ്രമോദ് അവിടെയെത്തി. ബൈനോക്കുലറും കാമറയും ചിത്രംവരയ്ക്കാനുള്ള സാമഗ്രികളുമായി വീണ്ടും വീണ്ടും വന്നു. ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡിന്റെ സവിശേഷതകള്‍ പഠിച്ചു. പ്രദേശവാസികളില്‍നിന്ന് ആ പക്ഷിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു പ്രത്യേക ഇനം പക്ഷിയാണ് അതെന്ന് പ്രമോദിന് മനസ്സിലായി. ആ നിമിഷം തന്റെ ഇനിയുള്ള ജീവിതം എങ്ങനെയായിരിക്കണമെന്ന് പ്രമോദ് ഉള്ളില്‍ കുറിച്ചു- ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ് എന്ന പക്ഷിക്കുള്ളതായിരിക്കും തന്റെ ജീവിതം. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം പ്രമോദ് മുഴുവന്‍സമയ പക്ഷിസംരക്ഷകനായി മാറി. 

ഒട്ടകപ്പക്ഷിയോട് രൂപസാദൃശ്യമുള്ള, അത്രയും വലിപ്പമില്ലാത്ത പക്ഷിയാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ്. ഇന്ത്യയിലും പാകിസ്താനിലും മാത്രമാണ് ഈ പക്ഷികളെ കണ്ടുവരുന്നിരുന്നത്. ഒരിക്കല്‍ കിഴക്കേ ഇന്ത്യയുടെ 11ഓളം സംസ്ഥാനങ്ങളില്‍ വ്യാപകമായുണ്ടായിരുന്ന പക്ഷിവര്‍ഗ്ഗമായിരുന്നു ഇത്. ഒരുകാലത്ത് ധാരാളമായി ഉണ്ടായിരുന്ന ഈ പക്ഷിവര്‍ഗ്ഗം ഇന്ന് അത്യപൂര്‍വ്വമാണ്- ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പരമാവധി 100-150 എണ്ണം മാത്രം. രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ മാത്രമാണ് നാമമാത്രമായെങ്കിലും ഇവയെ കണ്ടെത്താനാവുക.

പുല്‍മേടുകളാണ് ഇവയുടെ ആവാസവ്യസ്ഥയെ രൂപപ്പെടുത്തുന്നത്. പുല്‍മേടുകള്‍ മനുഷ്യന്റെ ഇടപെടലുകളിലൂടെ മറ്റാവശ്യങ്ങള്‍ക്കായി നശിപ്പിക്കപ്പെടുന്നതും രൂപമാറ്റം വരുത്തുന്നതും ഈ പക്ഷിയിനത്തെ ഇല്ലാതാക്കി. കൂടാതെ, വലിയ തോതില്‍ ഇവയെ പിടികൂടി കൊല്ലുന്നതും ഭൂമുഖത്തുനിന്ന് ഇവയെ തുടച്ചുനീക്കുന്നതിലേയ്‌ക്കെത്തിച്ചു.

ഇനി ബാക്കിയുള്ളവയുടെ കാര്യവും വലിയ അപകടത്തിലാണെന്ന് പ്രമോദ് മനസ്സിലാക്കി. രാജസ്ഥാനിലെ താര്‍ മരുഭൂമി പ്രദേശത്താണ് ഇപ്പോള്‍ ഇവ അപൂര്‍വ്വമായെങ്കിലുമുള്ളത്. എന്നാല്‍, വലിയ തോതില്‍ സൈനിക സാന്നിധ്യമുള്ള പ്രദേശംകൂടിയാണിത്. പൊഖ്‌റാന്‍ അടക്കമുള്ള സൈനിക കേന്ദ്രങ്ങളിലെ ഫയറിങ് റേഞ്ചുകള്‍ ഇവയുടെ ആവാസവ്യവസ്ഥയിലാണുള്ളത്. പക്ഷിനിരീക്ഷകര്‍ക്കും സംരക്ഷകര്‍ക്കും കടക്കാനാവാത്ത പ്രദേശമാണിത്. സൈന്യമാകട്ടെ ഇക്കാര്യത്തില്‍ തീരെ സഹകരണ മനോഭാവം പ്രകടിപ്പിക്കുന്നുമില്ല. ശേഷിക്കുന്ന പക്ഷികളുടെ കൃത്യമായ കണക്കെടുക്കാന്‍ പോലും ഇത് തടസ്സമായി നില്‍ക്കുന്നതായി പ്രമോദ് മനസ്സിലാക്കി.

bustard

ഈ പക്ഷികളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ പ്രദേശവാസികളായ ഗ്രാമീണരുടെ സഹായം വേണമെന്ന് പ്രമോദിന് അറിയാമായിരുന്നു. ഒരു ഡോക്ടറെന്ന നിലയില്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവരുടെ വിശ്വാസം നേടിയെടുക്കുകയുമാണ് അതിനുള്ള വഴി. പിന്നീട് അതിനായി പ്രമോദിന്റെ ശ്രമം.

നന്നാജ് പക്ഷി സംരക്ഷണ കേന്ദ്രം യഥാര്‍ഥത്തില്‍ കടലാസില്‍ മാത്രമുള്ള ഒന്നായിരുന്നു. ഇതിന്റെ 95 ശതമാനം ഭൂമിയും പ്രാദേശികരായ ഗോത്രവര്‍ഗ്ഗക്കാരുടെ കൈവശമായിരുന്നു. പക്ഷി സംരക്ഷണത്തിന്റെ പേരില്‍ ഈ ഭൂമി സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചത് ഗോത്രവര്‍ഗ്ഗക്കാരെ മുഴുവന്‍ ഇന്ത്യന്‍ ബസ്റ്റാഡിന്റെ ശത്രുക്കളാക്കി മാറ്റിയിരുന്നു. അതേസമയം, പക്ഷികളുടെ പ്രജനനത്തിനും അതിജീവനത്തിനും ഇണങ്ങുന്ന ആവാസവ്യവസ്ഥ നിലനില്‍ക്കുന്ന ഏക ഇടവും ഇതുമാത്രമായിരുന്നു.

ഈ പക്ഷിയിനത്തെ സംരക്ഷിക്കുന്നതിന് തന്റേതായ ഒരു പദ്ധതിയും അതിനിടയില്‍ അദ്ദേഹം രൂപപ്പെടുത്തി. പക്ഷികള്‍ക്കും ഗോത്രവര്‍ഗ്ഗക്കാര്‍ക്കും ഇടയില്‍ നില്‍ക്കുന്ന ഒരാളായി മാറുകയയാരിന്നു പ്രമോദിന്റെ ലക്ഷ്യം. അങ്ങനെ ഇരു കൂട്ടര്‍ക്കും ഗുണകരമാകുന്ന രീതിയില്‍ മുന്നോട്ടുപോവുക. 'ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണ'ലും ബോംബെയിലെ 'നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി'യുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പക്ഷിസംരക്ഷണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി തന്റെ പദ്ധതി നടപ്പില്‍ വരുത്താന്‍ പ്രദീപ് തീരുമാനിച്ചു.

Great Indian Bustard

ആവാസവ്യവസ്ഥയും അവിടെ ജീവിക്കുന്ന പക്ഷികളും തമ്മിലുള്ളത് പരസ്പര പൂരകമായ ബന്ധമാണ്. ഒന്നിന് മറ്റൊന്നിനെക്കൂടാതെ നിലനില്‍ക്കാനാവില്ല. പക്ഷികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നതിന് സമാന്തരമായി പുല്‍മേടുകളും ചുരുങ്ങിവരുന്നത് അതിന്റെ സൂചനയാണ്. നിലവിലുള്ള ആവാസവ്യവസ്ഥയില്‍ത്തന്നെ പക്ഷികളെ നിലനിര്‍ത്തിക്കൊണ്ട് അവയെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗമായിരുന്നു പ്രദീപിന്റെ മനസ്സിലുണ്ടായിരുന്നത്. ഇതിനായി ഗ്രാമീണരെക്കൂടി പക്ഷിസംരക്ഷണത്തിന്റെ ഭാഗമാക്കാന്‍ പ്രദീപിന് സാധിച്ചു.

ഇതിനിടയിലാണ് തന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായ ലോകപ്രശസ്തമായ വൈറ്റ്‌ലി അവാര്‍ഡ് പ്രദീപിനെ തേടിയെത്തുന്നത്. 2015ല്‍ ആയിരുന്നു ഇത്. 35,000 പൗണ്ട് (ഏകദേശം മുപ്പത് ലക്ഷം രൂപ) ആയിരുന്നു സമ്മാനത്തുക. ഈ തുക മുഴുവനായും ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡിനായി ചെലവഴിക്കാന്‍ പ്രദീപ് തീരുമാനിച്ചു. ഗ്രാമീണരില്‍നിന്ന് 50 പേരെ തിരഞ്ഞെടുത്ത് പക്ഷികളെ നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് നല്‍കുന്നതിനും നിയോഗിച്ചു. അവാര്‍ഡ് തുക മുഴുവനായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രദീപ് ചെലവിട്ടുകൊണ്ടിരിക്കുന്നത്.  

സൈന്യത്തിന്റെയും വനംവകുപ്പിന്റെയും സഹായത്തോടെ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡിന്റെ കൃത്യമായ കണക്കെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രദീപ്. എന്നാല്‍ ഈ ശ്രമങ്ങളുടെ ഫലപ്രാപ്തി എന്തായിരിക്കുമെന്ന കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാന്‍ സാധിക്കില്ലെന്ന് പ്രദീപ് പറയുന്നു. അനിശ്ചിതത്വം ജീവിതത്തന്റെ ഭാഗംതന്നെയാണെന്ന് പ്രദീപ് കരുതുന്നു. എന്നാല്‍, എല്ലാ അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ഒരു പക്ഷിയെങ്കിലും വരുംകാലത്തേയ്ക്ക് ശേഷിച്ചാല്‍ തന്റെ ശ്രമങ്ങള്‍ വിജയിച്ചു എന്നാണ് ഈ പ്രകൃതിസ്‌നേഹി കരുതുന്നത്.

കടപ്പാട്: ദ ഹിന്ദു