താണ്ട് നാല്പതുവർഷംമുൻപ് മലഞ്ചെരിവുകളിലൂടെ ഞാൻ അതിദീർഘമായൊരു കാൽനടയാത്ര നടത്തി. അധികം വിനോദസഞ്ചാരികൾക്കൊന്നുമറിയാത്ത വഴികളിലൂടെ ആൽപ്‌സ് പർവതനിരകളിൽനിന്ന് ഫ്രാൻസിലെപ്രോവിൻസിലേക്കായിരുന്നു നടത്തം. ആളൊഴിഞ്ഞ, വരണ്ടുണങ്ങിയ നിറമില്ലാത്ത സ്ഥലങ്ങളിലൂടെയായിരുന്നു മിക്കസമയവും യാത്ര. കാട്ടുകർപ്പൂരവള്ളികളല്ലാതെ മറ്റൊന്നും വളരാത്ത ഭൂപ്രകൃതി.വലിയൊരു പ്രദേശം മുറിച്ചുകടക്കാനുള്ള തത്രപ്പാടിലായിരുന്നു ഞാൻ. മൂന്നു ദിവസത്തെ നടത്തത്തിനൊടുവിൽ ആളുകളെല്ലാം കുടിയൊഴിഞ്ഞുപോയ ഏതോ സ്ഥലത്തെത്തി.

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഞാൻ അല്പനേരം വിശ്രമിച്ചു. കൈയിലുണ്ടായിരുന്ന വെള്ളം തലേദിവസംതന്നെ തീർന്നിരുന്നു. അല്പം കുടിവെള്ളം കണ്ടെത്തണം. പഴയ കടന്നൽക്കൂടുപോലെയുള്ള തകർന്ന വീടുകളുടെ കൂട്ടങ്ങൾ അടുത്തെവിടെയോ കിണറോ അരുവിയോ ഉണ്ടെന്ന തോന്നലുളവാക്കി. അവിടെയൊരു അരുവിയുണ്ടായിരുന്നു. പക്ഷേ, അത് വറ്റിവരണ്ടനിലയിലാണ്. കാറ്റും മഴയും കരണ്ടുതിന്നുതീർത്ത മേൽക്കൂരയില്ലാത്ത അഞ്ചോ ആറോ വീടുകൾ, തകർന്ന കൽപ്പടവുകളോടുകൂടിയ ചെറിയൊരു കപ്പേള.

വീടുകളും കപ്പേളയുമെല്ലാം ആൾപ്പാർപ്പുള്ള ഗ്രാമത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നുണ്ടായിരുന്നെങ്കിലും ജീവിതംമാത്രം അവിടെയെങ്ങുമില്ലായിരുന്നു. സൂര്യവെളിച്ചത്താൽ തിളങ്ങുന്ന നല്ലൊരു ജൂൺദിനമായിരുന്നു അത്. പക്ഷേ, വീശിയടിക്കുന്ന കാറ്റ് ആ നിരാലംബഭൂമിക്കുചുറ്റും കറങ്ങിക്കൊണ്ടേയിരുന്നു. ഇരയാൽ അസ്വസ്ഥമാക്കപ്പെട്ട സിംഹം മുരളുന്നതുപോലെ കാറ്റ് വീടുകൾക്കുമേൽ വട്ടംവീശി. എനിക്കവിടെനിന്ന് താവളം മാറ്റണമെന്നുതോന്നി.

അഞ്ചുമണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിലും ഒരുതുള്ളിവെള്ളം കണ്ടെത്താനായില്ല. എവിടെയെങ്കിലും വെള്ളമുണ്ടാകുമെന്ന പ്രതീക്ഷയും അസ്തമിച്ചു. എല്ലായിടത്തും അതേ വരണ്ടഭൂമി, അതേ ഉണക്കപ്പുല്ലുകൾ. ദൂരെയെവിടെയോ കറുത്ത പൊട്ടുപോലെയൊരു വസ്തു കൺമുന്നിൽ തെളിഞ്ഞു. ഒറ്റയ്ക്കു കാണപ്പെട്ട ഒരു മരത്തിന്റെ ചുവട്ടിലായിരുന്നു അത് കണ്ടത്. അല്പദൂരംകൂടി നടന്നടുത്തപ്പോൾ ദൃശ്യം വ്യക്തമായി. അതൊരു ആട്ടിടയനാണ്.

env

ചുറ്റും മുപ്പതോളം വരുന്ന ആട്ടിൻപറ്റവുമുണ്ട്.കൈയിലുള്ള ചരുവത്തിൽനിന്ന് അല്പം വെള്ളം അയാളെനിക്ക് തന്നു. കുറച്ചുകഴിഞ്ഞപ്പോൾ അയാളെന്നെ സ്വന്തം താമസസ്ഥലത്തേക്ക് കൊണ്ടുപോയി. തികച്ചും പ്രകൃതിദത്തമായ കിണറിൽനിന്ന് പ്രാകൃതമായി കെട്ടിയൊരുക്കിയ ഏത്തമുപയോഗിച്ച് അയാൾ വെള്ളം കോരിത്തന്നു. മരംകൊണ്ട് താത്കാലികമായി നിർമിച്ച കുടിലിലായിരുന്നില്ല അയാളുടെ താമസം. കല്ലും മണ്ണുംകൊണ്ട് നിർമിച്ച യഥാർഥ വീടായിരുന്നു അത്. ആരോ ഉപേക്ഷിച്ചശേഷം തകർന്നുകിടന്ന ആ വീട് അയാൾ സ്വന്തം അധ്വാനംകൊണ്ട് പുനർനിർമിച്ചതാണെന്നു വ്യക്തം. 

ഇന്നത്തെദിവസം അവിടെ തങ്ങേണ്ടിവരുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. ഒന്നരദിവസം നടന്നാലേ അടുത്ത ഗ്രാമത്തിലെത്താൻ സാധിക്കൂ. ആ പ്രദേശത്തുള്ള അപൂർവം ഗ്രാമങ്ങളുടെ പ്രകൃതത്തെക്കുറിച്ച് നല്ല ധാരണയുമുണ്ടായിരുന്നു എനിക്ക്. ഈ മലഞ്ചെരിവുകളിലായി വിട്ടുവിട്ടുകിടക്കുന്ന നാലോ അഞ്ചോ ഗ്രാമങ്ങളേയുള്ളൂ. വെള്ള ഓക്കുമരക്കാടുകൾക്കിടയിലായി ട്രക്കുകൾക്കുള്ള പാത അവസാനിക്കുന്നയിടത്താണ് അവ. വൃക്ഷങ്ങൾ വെട്ടിവീഴ്ത്തി മരക്കരിയുണ്ടാക്കുന്നവരാണ് ആ ഗ്രാമങ്ങളിലെ താമസക്കാർ. ജീവിതം ദുസ്സഹമാണവിടെ. കടുത്ത ശൈത്യവും ദുരിതപൂർണമായ വേനലും സഹിച്ച് ആ ഗ്രാമങ്ങളിൽ ഞെരുങ്ങിക്കഴിയുന്നവർ തമ്മിൽ എന്നും വഴക്കാണ്.

എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെടണമെന്ന ആഗ്രഹം പെരുകി എന്തുംചെയ്യാൻ മടിക്കാത്ത നിലയിലേക്ക് അവർ എത്തിയിരിക്കുന്നു.ഗ്രാമങ്ങളിലെ ആണുങ്ങൾ എല്ലാ ദിവസവും മരക്കരിച്ചാക്കുകൾ ലോറിയിൽ കയറ്റി പട്ടണത്തിൽ കൊണ്ടുക്കൊടുത്ത് തിരിച്ചുവരും. തങ്ങളുടെ പരാധീനതകളുമായി സ്ത്രീകൾ വീട്ടിനുള്ളിൽത്തന്നെ കഴിഞ്ഞു. തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കായിരുന്നു എപ്പോഴുമവിടെ. കരിയുടെ വിലയെച്ചൊല്ലി, പള്ളിയിലെ ഇരിപ്പിടങ്ങളെച്ചൊല്ലി, എന്തെങ്കിലുമൊക്കെ കാരണങ്ങളുണ്ടാക്കി അവർ തമ്മിൽത്തമ്മിൽ കലഹിച്ചുകൊണ്ടേയിരുന്നു. അവരുടെ പ്രശ്നങ്ങൾ വർധിപ്പിക്കാനെന്നപോലെ സദാസമയം കാറ്റ് വീശിയടിച്ചു. ആത്മഹത്യകളും കൊലപാതകങ്ങളുമൊക്കെ അവിടെ പലപ്പോഴായി സംഭവിച്ചു. കുറെപ്പേർ ഭ്രാന്തിന്റെ പിടിയിലുമായിട്ടുണ്ട്.

മുറിക്കകത്തേക്കുപോയ ആട്ടിടയൻ ചെറിയ ചാക്കുമായാണ് പുറത്തേക്കു വന്നത്. ഓക്കുവൃക്ഷത്തിന്റെ വിത്തുകളായിരുന്നു അവ നിറയെ. പതുക്കെ ആ ചാക്ക് മേശയ്ക്കുമുകളിലേക്ക് ചൊരിഞ്ഞശേഷം അയാൾ അവിടെയിരുന്ന് വിത്തുകളിൽ പരതാൻ തുടങ്ങി. നല്ലതും ചീത്തതും വേർതിരിക്കുകയായിരുന്നു അയാൾ. പുകവലിച്ചുകൊണ്ട് കുറച്ചുനേരം ഞാനത് നോക്കിനിന്നു. പിന്നെ, സഹായിക്കണോ എന്ന് ചോദിച്ചു. ഇത് താൻ ചെയ്യേണ്ട ജോലിയാണെന്ന് അയാൾ പറഞ്ഞു.

ചെയ്യുന്ന കാര്യത്തിലെ അതിസൂക്ഷ്മത കണ്ടപ്പോൾ ഞാൻ നിർബന്ധിക്കാൻ പോയില്ല. അതുമാത്രമായിരുന്നു ഞങ്ങൾ തമ്മിലുണ്ടായ സംഭാഷണം.നല്ല ഓക്കിൻവിത്തുകൾ കൂമ്പാരമായപ്പോൾ അയാൾ അതിൽനിന്ന് പത്തുവീതമുള്ള കൂട്ടങ്ങൾ സൃഷ്ടിച്ചു. ഓരോ കൂട്ടത്തിൽനിന്നും ചെറിയ വിത്തുകളെയും അല്പം കീറിയ വിത്തുകളെയും മാറ്റി നല്ലത് പകരംവെച്ചു. ഇത്തവണ ഓരോ വിത്തും കണ്ണിന് തൊട്ടുമുന്നിൽ പിടിച്ച് പരിശോധിക്കുന്നുണ്ടായിരുന്നു. ഏറ്റവും മികച്ച നൂറ് ഓക്കിൻവിത്തുകളുടെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയശേഷം ഞങ്ങൾ ഉറങ്ങാൻകിടന്നു.

env

ആ മനുഷ്യനൊപ്പം കഴിയുമ്പോൾ അപാരമായ സ്വാസ്ഥ്യം എനിക്കനുഭവപ്പെട്ടു. ‘ഒരുനാൾകൂടി ഇവിടെ വിശ്രമിച്ചോട്ടെ’ എന്ന് പിറ്റേദിവസം രാവിലെ ഞാനദ്ദേഹത്തോട് ചോദിച്ചു. എന്റെ ആവശ്യം തികച്ചും സ്വാഭാവികമാണെന്നപോലെയാണ് അയാൾ പെരുമാറിയത്. ഇത്തരം കാര്യങ്ങളൊന്നും തന്നെ അസ്വസ്ഥപ്പെടുത്തുകയില്ലെന്ന ഭാവമായിരുന്നു അയാൾക്ക്. സത്യത്തിൽ എനിക്ക് വിശ്രമത്തിന്റെ ആവശ്യമൊന്നുമുണ്ടായിരുന്നില്ല. അയാളെക്കുറിച്ച് കൂടുതൽ അറിയുക എന്നതായിരുന്നു ഉദ്ദേശ്യം. പേന തുറന്ന് എന്തോ എഴുതിയശേഷം അയാൾ തന്റെ ആട്ടിൻപറ്റത്തെ പുറത്തേക്ക് നയിച്ചു. ഇറങ്ങുന്നതിനു മുൻപ് തലേദിവസം സശ്രദ്ധയോടെ തിരഞ്ഞെടുത്ത ഓക്കിൻവിത്തുകൾ ഒരു ബക്കറ്റ്‌ വെള്ളത്തിലിട്ട് അതും കൈയിലേന്തി.

ഒന്നരയടി നീളവും എന്റെ തള്ളവിരലിനോളം കനവുമുള്ള ഇരുമ്പുവടി അയാളുടെ കൈയിലുണ്ടായിരുന്നു.ആയാൾ നടക്കുന്ന പാതയ്ക്ക് സമാന്തരമായുള്ള സ്ഥലത്തുകൂടെ ഞാനും നടന്നു. നടന്നുനടന്ന് ഞങ്ങളൊരു താഴ്‌വരയിലെത്തി. ആട്ടിൻപറ്റത്തെ അവിടെ മേയാൻ വിട്ടശേഷം അയാൾ നായയെ അവരുടെ ചുമതലയേല്പിച്ചു. അതിനുശേഷം എന്റെയടുത്തേക്ക് നടന്നുവന്നു. പിന്തുടരുന്നതിൽ ചീത്ത വിളിക്കാനാണ് എന്റെയടുത്തേക്ക് വരുന്നതെന്ന് ഒരുനിമിഷം ഞാൻ ഭയപ്പെട്ടു. പക്ഷേ, അങ്ങനെയായിരുന്നില്ല കാര്യങ്ങൾ. ഞാൻ നില്ക്കുന്ന സ്ഥലത്തുകൂടെയാണ് അയാൾക്കു പോകേണ്ടത്.

മറ്റൊന്നും വിശേഷിച്ച് ചെയ്യാനില്ലെങ്കിൽ കൂടെ വരാം എന്നയാൾ ക്ഷണിച്ചപ്പോൾ ഞാനും കൂടെച്ചേർന്നു. നൂറുവാരയകലെയുള്ള കുന്നായിരുന്നു അയാളുടെ ലക്ഷ്യം.അവിടെയെത്തിയശേഷം കൈയിലുള്ള ഇരുമ്പുവടി അയാൾ മണ്ണിലേക്ക് ആഴ്ത്തിയിറക്കി. കമ്പി വലിച്ചൂരിയശേഷം ആ കുഴിയിലേക്ക് ഓക്കുമരവിത്ത് നിക്ഷേപിച്ചു; എന്നിട്ട് മണ്ണുകൊണ്ട് കുഴി മൂടി. അയാൾ ഓക്കുമരങ്ങൾ നടുകയാണ്. ഈ സ്ഥലം അയാളുടെതാണോ എന്ന് ഞാൻ ചോദിച്ചു. അല്ല എന്ന് മറുപടി കിട്ടി. ‘ഇതാരുടെതാണെന്ന് അറിയുമോ?’ അയാൾക്ക് അറിയില്ലായിരുന്നു. സർക്കാരിന്റെയോ ഏതെങ്കിലും സംഘടനകളുടെതോ ആയിരിക്കും ഈ ഭൂമി എന്നയാൾ പറഞ്ഞു. 

ഇതുവരെയായി ഒരുലക്ഷം മരങ്ങൾ നട്ടുകഴിഞ്ഞു, ഒരു ലക്ഷം! അതിൽ ഇരുപതിനായിരം ചെടികൾമാത്രമേ അവശേഷിച്ചുള്ളൂ. ബാക്കിയെല്ലാം ഏതൊക്കെയോ മൃഗങ്ങൾ കരണ്ടുതിന്നു. കുറെയൊക്കെ പ്രകൃതിയുടെ പ്രവചനാതീതമായ പെരുമാറ്റത്തിലും നശിച്ചു. ബാക്കിയുള്ള ഇരുപതിനായിരം മരങ്ങളിൽ പതിനായിരം മരങ്ങളെങ്കിലും വളർന്നുവരുമെന്ന കാര്യം ഉറപ്പ്. ഒന്നുമില്ലാത്ത പാഴ്‌നിലത്തിൽ പതിനായിരം ഓക്കുവൃക്ഷങ്ങൾ.

അപ്പോഴാണ് ഞാനാ മനുഷ്യന്റെ പ്രായത്തെക്കുറിച്ച് അദ്ഭുതപ്പെട്ടുതുടങ്ങിയത്. എന്തായാലും അൻപതിലേറെ വയസ്സുണ്ടാകും. ‘അൻപത്തിയഞ്ച്’, അയാൾ പറഞ്ഞു. അയാളുടെ പേര് എൽസിയാർ ബുഫ്യെ എന്നായിരുന്നു. താഴ്‌പ്രദേശങ്ങളിലെവിടെയോ പണ്ടയാൾക്ക് കുറച്ച് കൃഷിഭൂമിയുണ്ടായിരുന്നു. അവിടെയായിരുന്നു അയാൾ ജീവിച്ചിരുന്നത്. പിന്നീടയാൾക്ക് ഏകമകനെ നഷ്ടപ്പെട്ടു, പിന്നെ ഭാര്യയെയും. അതോടെ സ്വയംവരിച്ച ഏകാന്തതയിലേക്ക് അയാൾ പിൻവലിഞ്ഞു. 

ചെറുപ്പമായിരുന്നെങ്കിലും അക്കാലത്ത് ഞാനും ഏകാന്തജീവിതം നയിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഏകാകികളായ ആത്മാക്കളോട് എങ്ങനെ നന്നായി പെരുമാറണമെന്ന കാര്യം എനിക്കറിയാമായിരുന്നു. പക്ഷേ, സന്തോഷമന്വേഷിച്ച് ഇനിയും മുന്നോട്ടുപോകണമെന്ന് എന്റെയുള്ളിലെ യുവത്വം പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. മുപ്പതു വർഷം കഴിഞ്ഞാൽ അദ്ദേഹം നട്ട പതിനായിരം വൃക്ഷങ്ങൾ ഗംഭീരമായ കാഴ്ചയൊരുക്കുമെന്ന് ഞാൻ പറഞ്ഞു. ദൈവം ആയുസ്സ് തരുകയാണെങ്കിൽ മുപ്പതുവർഷംകൊണ്ട് പതിനായിരക്കണക്കിന് ഓക്കുമരങ്ങൾ ഇനിയും നടുമെന്ന് അദ്ദേഹം എളിമയോടെ പറഞ്ഞു; ഇപ്പോഴുള്ള പതിനായിരം ഓക്കുവൃക്ഷങ്ങൾ സമുദ്രത്തിലെ വെള്ളത്തുള്ളിപോലെയാകുമെന്നും.

പിറ്റേദിവസം, ഞങ്ങൾ വേർപിരിഞ്ഞു. അതിനടുത്ത വർഷം 1914-ലെ ഒന്നാംലോകമഹായുദ്ധം ആരംഭിച്ചു. തുടർന്നുള്ള അഞ്ചുവർഷം ഞാൻ അതിൽ പൂർണമായി മുഴുകി. കരയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പട്ടാളക്കാരൻ എന്ന നിലയ്ക്ക് മരങ്ങളെപ്പറ്റി ഓർക്കാൻ സമയമില്ലായിരുന്നു. സത്യം പറയുകയാണെങ്കിൽ അയാളുടെ മരംനടൽപദ്ധതി എന്നിൽ വലിയ മതിപ്പൊന്നുമുണ്ടാക്കിയിരുന്നില്ല. സ്റ്റാമ്പ്‌ ശേഖരണംപോലെയുള്ള ഹോബി എന്ന നിലയ്ക്കാണ് ഞാനതിനെ കണ്ടത്. കുറച്ചുകഴിഞ്ഞപ്പോൾ അതേക്കുറിച്ച് മറക്കുകയുംചെയ്തു.യുദ്ധം കഴിഞ്ഞു.

സൈനികസേവനം നടത്തിയതിന് പ്രതിഫലമായി കിട്ടിയ ചെറിയൊരു തുകയും ശുദ്ധവായു ശ്വസിക്കാനുള്ള അപാരമായ ആഗ്രഹവുമായി ഞാൻ വീണ്ടും പുറത്തേക്കിറങ്ങി. ശുദ്ധവായുമാത്രം തേടി യാത്രതുടങ്ങി; ഒരുവട്ടംകൂടി പഴയ ആ പാഴ്‌നിലങ്ങളിലേക്ക്. മലമ്പ്രദേശങ്ങളിൽ ഒരു മാറ്റവും സംഭവിച്ചിരുന്നില്ല. ഉപേക്ഷിക്കപ്പെട്ട ആ ഗ്രാമത്തിൽ വീണ്ടുമെത്തി ദൂരേക്കു നോക്കിയപ്പോൾ കുന്നിൻമുകളിൽ പരവതാനി വിരിച്ചതുപോലെ ചാരനിറമുള്ള മഞ്ഞ് കണ്ടു.

തൊട്ടുതലേദിവസംതൊട്ട് ഞാൻമരം നട്ടുപിടിപ്പിക്കുന്ന ആട്ടിടയനെക്കുറിച്ച് ആലോചിച്ചു.തുടങ്ങിയിരുന്നു. ‘പതിനായിരം ഓക്കുമരങ്ങൾ,’ ഞാൻ ചിന്തിച്ചു, ‘ഒരുപാട് സ്ഥലം വേണ്ടിവരുമല്ലോ അതിന്.’


കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരുപാടുപേർ മരിക്കുന്നത് ഞാൻ കണ്ടിരുന്നു. അതിനാൽത്തന്നെ എൽസിയാർ ബുഫ്യെ മരിച്ചിട്ടുണ്ടാകും എന്നു ചിന്തിക്കുക എളുപ്പമായിരുന്നു. മരിക്കാനല്ലാതെ മറ്റൊന്നുംചെയ്യാൻ സാധിക്കാത്തവരായിരുന്നു അൻപതിലേറെ പ്രായമുള്ള വൃദ്ധർ എന്നാണ് ഇരുപതുകളിലുള്ള എന്നെപ്പോലെയുള്ളവർ ചിന്തിച്ചുപോന്നത്.
അയാൾ മരിച്ചിട്ടുണ്ടായിരുന്നില്ല. സത്യംപറഞ്ഞാൽ കൂടുതൽ ചുറുചുറുക്ക് വന്നപോലെ തോന്നി അയാൾക്ക്. അയാളുടെ ജോലിയിൽ ചെറിയ മാറ്റംവന്നിട്ടുണ്ട്. ഇപ്പോൾ നാല് ആടുകളെമാത്രമേ പോറ്റുന്നുള്ളൂ. പകരം നൂറിലേറെ തേനീച്ചക്കൂടുകളുണ്ട്. വളർന്നുവരുന്ന ചെടികൾക്ക് ഭീഷണിയാകാൻ തുടങ്ങിയതോടെയാണ് ആടുകളെ ഒഴിവാക്കിയത്. യുദ്ധം ഒരുതരത്തിലും തന്നെ ബാധിച്ചതേയില്ലെന്ന് അയാൾ പറഞ്ഞു. എനിക്കതു നേരിട്ട് ബോധ്യപ്പെടുകയുംചെയ്തു. ഒരു തടസ്സവുമില്ലാതെ അയാൾ ചെടികൾ നട്ടുകൊണ്ടേയിരിക്കുകയായിരുന്നു.


1910-ൽ നട്ട ഓക്കുമരങ്ങൾക്ക് പത്തുവയസ്സായിരിക്കുന്നു. ഞങ്ങൾ രണ്ടുപേരെക്കാൾ ഉയരംവെച്ചിട്ടുണ്ടവ. അതൊരു മനോഹരമായ കാഴ്ചയായി. അക്ഷരാർഥത്തിൽ എന്റെ മിണ്ടാട്ടം മുട്ടിപ്പോയി. അയാളും കാര്യമായൊന്നും സംസാരിച്ചില്ല. ആ ദിവസം മുഴുവൻ ഞങ്ങൾ നിശ്ശബ്ദരായി കാട്ടിനുള്ളിലൂടെനടന്നു. മൂന്നു ഭാഗങ്ങളിലായി ആകെ പതിനൊന്നു കിലോമീറ്റർ നീളവും മൂന്നു കിലോമീറ്റർ വീതിയുമുണ്ടായിരുന്നു ഓക്കുമരക്കാടിന്. ഇതെല്ലാം ഒരു മനുഷ്യന്റെ കൈകൾകൊണ്ടു മുളച്ചുവന്നതാണല്ലോ എന്നോർക്കുമ്പോൾ, സാങ്കേതിക ഭാരങ്ങളൊന്നുമില്ലാതെ നിങ്ങൾക്കൊരു കാര്യം ബോധ്യപ്പെടും; നശിപ്പിക്കാനല്ലാതെ സൃഷ്ടിയിലും മനുഷ്യർക്ക് ദൈവങ്ങളെപ്പോലെയാകാൻ സാധിക്കുമെന്ന കാര്യം.

അയാളുടെ പദ്ധതി വിജയകരമായി നടപ്പാക്കപ്പെട്ടിരിക്കുന്നു. എന്റെ തോളൊപ്പമുള്ള ഓക്കുമരങ്ങൾ അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അഞ്ചുവർഷം മുൻപ് നട്ട മരത്തൈകൾ ഉഷാറായി വളരാൻ തുടങ്ങിയത് അയാളെനിക്ക് കാട്ടിത്തന്നു. 1915-ലായിരിക്കും അവ നട്ടത്. ഞാൻ വെർഡൂണിൽ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന കാലത്ത്. മണ്ണിനടിയിൽ ഈർപ്പമുണ്ടെന്ന് അയാൾ ശരിയായി ഊഹിച്ചെടുത്ത താഴ്‌വരകളിലെല്ലാം മരങ്ങൾ വളർന്നുതുടങ്ങിയിരിക്കുന്നു. കൗമാരക്കാരായ പെൺകുട്ടികളെപ്പോലെ ലോലമാണെങ്കിലും ചെടികളെല്ലാം നന്നായി മണ്ണിലുറച്ചിട്ടുണ്ട്.


സൃഷ്ടിക്കുശേഷമുള്ള കാര്യങ്ങൾ പ്രതികരണങ്ങളുടെ ഒരു ചങ്ങലപോലെയാണ് സംഭവിക്കുക. അതേക്കുറിച്ചൊന്നും അയാൾ വേവലാതിപ്പെട്ടിരുന്നില്ല. തന്റെ കർമം ഏറ്റവും ലളിതമായരീതിയിൽ നിർവഹിക്കുകമാത്രമേ അയാൾ ചെയ്തിരുന്നുള്ളൂ. തിരിച്ചു ഗ്രാമത്തിലേക്കുള്ള വഴിയിലൂടെ നടന്നപ്പോൾ പണ്ട് വറ്റിവരണ്ടുകിടന്ന അരുവിയിലൂടെ വെള്ളം ഒഴുകുന്നത് ഞാൻ കണ്ടു. നേരത്തേ പറഞ്ഞ ചങ്ങലയുടെ ഏറ്റവും പ്രത്യക്ഷമായ തെളിവായി അത്.

വർഷങ്ങൾക്കു മുൻപ് ഇതുവഴി വെള്ളം ഒഴുകിയിരിക്കാം. ഇപ്പോൾ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഈ ഗ്രാമത്തിൽ പണ്ട് റോമൻ അധിവാസമുണ്ടായിരുന്നുവെന്ന് പുരാവസ്തുഗവേഷകർ പിന്നീട് കണ്ടെത്തിയിരുന്നു. മണ്ണിനടിയിൽ കുഴിച്ചപ്പോൾ മീൻപിടിക്കാൻ ഉപയോഗിക്കുന്ന ചൂണ്ടകൾ അവർ കണ്ടെത്തുകയുംചെയ്തു. കുറെക്കാലം കഴിഞ്ഞതോടെ അവിടമാകെ വരൾച്ചയുടെ പിടിയിൽപ്പെട്ടു. ഇരുപതാംനൂറ്റാണ്ടിൽ അവിടേക്ക് തൊട്ടികളിലാണ് വെള്ളമെത്തിച്ചിരുന്നത്.

വിത്തുകൾ പല ഭാഗങ്ങളിലുമെത്തിക്കാൻ കാറ്റും സഹായകമായിട്ടുണ്ടാകും. വെള്ളം വീണ്ടും വന്നതോടെ ജലസസ്യങ്ങളും അവിടെയെത്തി. പുൽമേടുകൾ, പൂക്കൾ, പൂന്തോട്ടം... പ്രദേശമാകെ ജീവൻവെച്ചു. ഇതൊന്നും ഒരു ദിവസംകൊണ്ട് സംഭവിച്ചതല്ല. ഒരു അദ്ഭുതവുമുണ്ടാക്കാതെ വളരെ സ്വാഭാവികമായാണ് ഈ മാറ്റങ്ങളത്രയുമുണ്ടായത്. കാട്ടുപന്നിയെയും മുയലിനെയുമൊക്കെ തേടിയെത്തുന്ന വേട്ടക്കാരും ഈ മാറ്റംകണ്ട് അദ്ഭുതപ്പെട്ടിരിക്കാം. പ്രകൃതിയുടെ എന്തോതരത്തിലുള്ള മാറ്റമാണ് ഇതെന്നായിരിക്കും അവർ കരുതിയിട്ടുണ്ടാവുക. ആരും എൽസിയാർ ബുഫ്യെയുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടില്ല. അയാൾ ചെയ്യുന്ന കാര്യം തിരിച്ചറിയപ്പെട്ടിരുന്നെങ്കിൽ പല ഭാഗങ്ങളിൽനിന്നും എതിർപ്പുകളുണ്ടാകുമായിരുന്നു. ആരാലും തിരിച്ചറിയപ്പെടാതെ നില്ക്കാൻ അയാൾക്കായി. ഇത്ര ക്ഷമാപൂർവം ആരെങ്കിലും മരങ്ങൾ നട്ടുപിടിക്കുമെന്ന് സർക്കാരോ അകലെയുള്ള ഗ്രാമവാസികളോ എങ്ങനെ കരുതാൻ?


1933-ൽ ഒരു ഫോറസ്റ്റ് റെയ്‌ഞ്ചർ അയാളെ കാണാനെത്തി. സ്വാഭാവിക വനസമ്പത്തിന് തിരിച്ചടിയാകുമെന്നതിനാൽ കാടിന്റെ പരിസരപ്രദേശങ്ങളിൽ തീയിടരുത് എന്ന സർക്കാർ ഉത്തരവിനെക്കുറിച്ച് ബോധ്യപ്പെടുത്താനാണ് റെയ്‌ഞ്ചർ വന്നത്. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ഒരു കാട് രൂപപ്പെട്ട കാഴ്ച ആദ്യമായാണ് താൻ കാണുന്നതെന്ന് റെയ്‌ഞ്ചർ നിഷ്‌കളങ്കമായിപറഞ്ഞു. ആ സമയത്ത് ബുഫ്യെ തന്റെ വീട്ടിൽനിന്ന് പന്ത്രണ്ടു കിലോമീറ്റർ അകലെ മരങ്ങൾ നട്ടുകൊണ്ടിരിക്കുകയായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര ഒഴിവാക്കാൻ-അപ്പോഴയാൾക്ക് എഴുപത്തഞ്ചായിരുന്നു വയസ്സ്- ഇപ്പോൾ മരം നട്ടുകൊണ്ടിരിക്കുന്ന സ്ഥലത്തിനടുത്ത് ചെറിയൊരു വീടുണ്ടാക്കാൻ അയാൾക്ക് പരിപാടിയുണ്ടായിരുന്നു.

പിറ്റേവർഷംഅയാൾ അത്തരമൊന്ന് നിർമിക്കുകയും ചെയ്തു. 1935-ൽ ഈ ‘സ്വാഭാവികവനം’ പരിശോധിക്കാൻ സർക്കാരിൽനിന്ന് വലിയൊരു സംഘംതന്നെയെത്തി. ഫോറസ്റ്റ് സർവീസിലെ വലിയൊരു ഉദ്യോഗസ്ഥൻ, അദ്ദേഹത്തിന്റെ തൊട്ടുതാഴേയുള്ള ഉദ്യോഗസ്ഥർ, സാങ്കേതികവിദഗ്ധർ എന്നിവരെല്ലാമുണ്ടായിരുന്നു ആ സംഘത്തിൽ. ഒരു കാര്യവുമില്ലാത്ത കുറെ ചർച്ചകൾ നടന്നു. കാടിന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് പൊതുവേ തീരുമാനമുണ്ടായി. പക്ഷേ, ഭാഗ്യവശാൽ ഒന്നുംനടന്നില്ല, ഒരു നല്ല കാര്യമൊഴിച്ച്; വനമേഖല മുഴുവൻ സർക്കാർ അധീനതയിലാക്കിയും അവിടെ മരക്കരിനിർമാണം നിരോധിച്ചുകൊണ്ടുമുള്ള ഉത്തരവിറങ്ങി.

നല്ല ആരോഗ്യത്തോടെ തലയാട്ടിനില്ക്കുന്ന ചെറുമരങ്ങളുടെ സൗന്ദര്യത്തിൽ ഉദ്യോഗസ്ഥസംഘം വീണുപോയിരിക്കാം. അവരുടെ സംഘത്തലവനെയും വല്ലാതെ ആകർഷിച്ചിരുന്നു ഈ വനഭംഗി. 1939-ൽ പൊട്ടിപ്പുറപ്പെട്ട രണ്ടാംലോകമഹായുദ്ധംമാത്രമാണ് കാര്യങ്ങൾക്ക് ചെറിയ ഭീഷണി സൃഷ്ടിച്ചത്. വിറക് ഇന്ധനമാക്കി ഓടുന്ന വാഹനങ്ങൾ ധാരാളമായി ഇറങ്ങി അക്കാലത്ത്. വിറകാണെങ്കിൽ കിട്ടാനുമില്ല. അങ്ങനെ 1910-ൽ നട്ടുപിടിപ്പിക്കപ്പെട്ട ഓക്കുമരങ്ങൾക്കു മീതെ കോടാലി വീണുതുടങ്ങി. പക്ഷേ, റെയിൽവേ ലൈനിൽനിന്ന് വളരെയധികം ദൂരമുണ്ടായതിനാൽ മുറിച്ചിട്ട തടി കൊണ്ടുപോകുന്നത് ലാഭകരമല്ലാതായി മാറി. അതോടെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ആട്ടിടയൻ അതേക്കുറിച്ചൊന്നും ഉത്കണ്ഠപ്പെട്ടിരുന്നില്ല. മുപ്പതുകിലോമീറ്റർ അകലെ അയാൾ ശാന്തമായി തന്റെ ജോലിതുടർന്നുകൊണ്ടേയിരുന്നു. 1914-ലെ ഒന്നാംലോകമഹായുദ്ധത്തെ അവഗണിച്ചതുപോലെ 1939-ലെ രണ്ടാംയുദ്ധത്തെയും അയാൾ അവഗണിച്ചു.

1945 ജൂണിലാണ് എൽസിയാർ ബുഫ്യെയെ ഞാൻ അവസാനമായി കണ്ടത്. അപ്പോഴയാൾക്ക് എൺപത്തിയേഴു വയസ്സുണ്ടായിരുന്നു. പഴയ പാഴ്‌നിലങ്ങളിലൂടെ ഒരുവട്ടംകൂടി യാത്രചെയ്യുകയായിരുന്നു ഞാൻ. യുദ്ധക്കെടുതികൾ സമ്മാനിച്ച കുഴപ്പങ്ങൾക്കിടയിലും ഡ്യുറൻസ് താഴ്‌വരയ്ക്കും മലകൾക്കുമിടയിൽ ബസ് സർവീസ് നടത്തുന്നുണ്ടായിരുന്നു. ബസിലെ വേഗമേറിയ യാത്രയ്ക്കിടയിൽ പണ്ടു കണ്ട സ്ഥലങ്ങളൊന്നും എനിക്ക് തിരിച്ചറിയാൻ പറ്റിയതേയില്ല. ഇതുവരെ കാണാത്ത, പുതിയൊരു സ്ഥലത്തേക്ക് പോകുന്ന പ്രതീതി. ഗ്രാമത്തിന്റെ പേരു സ്ഥാപിച്ച ബോർഡ് കണ്ടപ്പോൾ മാത്രമാണ് പണ്ട് ആർക്കുംവേണ്ടാതെ തകർന്നുകിടന്നൊരു സ്ഥലമായിരുന്നല്ലോ ഇത് എന്നോർത്തത്.

വെർഗൺസ് എന്ന സ്ഥലത്തെത്തിയപ്പോൾ ഞാൻ ബസിൽനിന്നിറങ്ങി. 1913-ൽ ഇവിടെയുണ്ടായിരുന്ന പത്തോ പന്ത്രണ്ടോ വീടുകളിൽ ആകെ മൂന്നു താമസക്കാരേ ഉണ്ടായിരുന്നുള്ളൂ. പരസ്പരം വെറുത്തും ചതിച്ചും ജീവിച്ച കാട്ടാളന്മാരായിരുന്നു അവർ, അതിപ്രാചീനമായ മനുഷ്യത്വത്തിൽനിന്ന് മാനസികമായും ശാരീരികമായും മാറ്റിനിർത്തപ്പെട്ടവർ. വീടുകളിലെല്ലാം പ്രകോപിപ്പിക്കുന്ന എന്തെല്ലാമോ സംഭവിച്ചുകൊണ്ടേയിരുന്നു. ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത സ്ഥിതിയായിരുന്നു അവരുടെത്. മരണത്തെയല്ലാതെ മറ്റൊന്നിനെയും പ്രതീക്ഷിക്കാനില്ലാത്ത ഒരുകൂട്ടം കാട്ടുമനുഷ്യർ.

ഇപ്പോളെല്ലാം മാറിയിരിക്കുന്നു, ഇവിടുത്തെ കാറ്റുപോലും. എന്നെ ആക്രമിച്ചിരുന്ന ഉണങ്ങിവരണ്ട കാറ്റിനുപകരം എന്തൊക്കെയോ സുഗന്ധംവമിക്കുന്ന ചെറുതെന്നലാണ് ഇവിടെ അലയടിക്കുന്നത്. മലമുകളിൽനിന്ന് വെള്ളമൊഴുകുന്നതുപോലുള്ള ശബ്ദം കേൾക്കാനുണ്ട്; കാട്ടിൽനിന്നുള്ള കാറ്റിന്റെ ശബ്ദമാണത്. തൊട്ടടുത്തെവിടെയോനിന്ന് വെള്ളം കുളത്തിലേക്ക് വന്നുവീഴുന്ന ശബ്ദം ഞാൻ കേട്ടു. ഞാൻ നില്ക്കുന്നയിടത്തുനിന്ന് അല്പം മാറി ഒരു ജലധാര സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ജലധാരയ്ക്കു മുന്നിലായി നാരകമരവും നട്ടുപിടിപ്പിച്ചിട്ടുണ്ട്. നാലു വർഷമെങ്കിലും പ്രായമുണ്ടാകും ആ മരത്തിന്.

അതുമാത്രമായിരുന്നില്ല, മനുഷ്യാധ്വാനത്തിന്റെ വേറെയും തെളിവുകൾ വെർഗൺസിൽ ഉടനീളം കാണാനുണ്ടായിരുന്നു. നന്നായി തേച്ചുമിനുക്കിയ നിലയിലുള്ള പുത്തൻവീടുകൾക്ക് ചുറ്റും പൂക്കളും പച്ചക്കറികളും പൂത്തുവിടർന്നു നില്ക്കുന്നുണ്ട്. റോസ്, കാബേജ്, വെളുത്തുള്ളി, ഓടപ്പൂവുകൾ, കാക്കപ്പൂവ് എല്ലാം കൃത്യതയോടെ കൂടിക്കലർന്ന് വളരുന്നു. ഏതൊരാൾക്കും താമസിക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലൊരു ഗ്രാമമായി അത് മാറിക്കഴിഞ്ഞു.

 മലഞ്ചെരിവുകളിലെല്ലാം ബാർലിയും കമ്പവും വിളഞ്ഞുനില്ക്കുന്ന ചെറുവയലുകൾ കാണാം. കുന്നിൻപുറങ്ങൾ പച്ചപ്പുകൊണ്ട് മൂടിയിരിക്കുന്നു.വെറും എട്ടുവർഷംകൊണ്ടാണ് ഈ ഗ്രാമപ്രദേശം സ്വാസ്ഥ്യവും ഐശ്വര്യവും വീണ്ടെടുത്തത്. 1913-ൽ ഞാനാദ്യം വന്നപ്പോൾ കണ്ട കെട്ടിടാവശിഷ്ടങ്ങൾക്കു പകരം വൃത്തിയുള്ള കൃഷിയിടങ്ങളും ചായംതേച്ച ചുമരുകളുമാണ് കാണാനുള്ളത്. വനങ്ങൾ കാത്തുസൂക്ഷിക്കുന്ന മഴയും മഞ്ഞുംകൊണ്ട് അരുവികളെല്ലാം വീണ്ടുമൊഴുകാൻ തുടങ്ങിയിരിക്കുന്നു. അവയിലെ വെള്ളം കൃത്യമായി വഴിതിരിച്ചുവിട്ട് എല്ലായിടത്തുമെത്തിക്കുന്നുണ്ട്. (ഈ പുസ്തകം നഗരത്തിലെ മാതൃഭൂമി ബുക്സിൽ ലഭിക്കും.  ഫോൺ: 0495 2720998)