മണ്ണിനും മനുഷ്യനും വേണ്ടി ദീര്‍ഘകാലമായി നടന്ന ചെറുത്തുനില്‍പ്പുകളില്‍ നിന്നാണ് ലോകത്ത് പാരിസ്ഥിതിക നിയമങ്ങള്‍ പിറന്നത്. കൊടിയ ദുരന്തങ്ങളില്‍നിന്ന് മനുഷ്യരാശി പഠിച്ച വലിയ പാഠങ്ങളാണ് അവയുടെ അടിത്തറ. മണ്ണിനെ മാനിച്ചും മനുഷ്യരെ കേട്ടും ആഘാതങ്ങള്‍ പഠിച്ചും നിര്‍മിക്കപ്പെട്ട നിയമങ്ങള്‍ ആര്‍ത്തികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്്. അതിന്റെ ഏറ്റവും പുതിയ ഇന്ത്യന്‍ ഉദാഹരണമാണ് 2020-ലെ എന്‍വയണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റിന്റെ (ഇ.ഐ.എ.) കരട്. മനുഷ്യനും പ്രകൃതിയും എന്ന ഏകത്വത്തെ അത് റദ്ദ് ചെയ്യുകയാണ്; കയ്യേറ്റങ്ങള്‍ക്ക് സാധുത നല്‍കുകയാണ്. അതിശക്തമായ സാമൂഹിക ഇടപെടല്‍ ഒന്നുകൊണ്ടു മാത്രമേ വരാനിരിക്കുന്ന അപകടങ്ങളെ പ്രതിരോധിക്കാനാവൂ. ആ ബോധ്യത്തില്‍ നിന്നാണ് പരിസ്ഥിതി ആഘാത നിര്‍ണയ കരടിനെ സംബന്ധിച്ച വിശാലമായ ചര്‍ച്ചകള്‍ ആഴ്ചപ്പതിപ്പ് തുടരുന്നത്. ഇന്ത്യന്‍ പാരിസ്ഥിതിക മുന്നേറ്റത്തിലെ നേതൃബിംബമായി പരിഗണിക്കപ്പെടുന്ന ആക്ടിവിസ്റ്റ് വന്ദന ശിവയുമായി ആഴ്ചപ്പതിപ്പിനുവേണ്ടി മനോജ്‌മേനോന്‍ നടത്തുന്ന ഈ സംഭാഷണം ആ ഇടപെടലിന്റെ തുടര്‍ച്ചയാണ്.

ണ്ണിനും മനുഷ്യര്‍ക്കുംവേണ്ടി പതിറ്റാണ്ടുകളായി ഉയരുന്ന ശബ്ദമാണ് വന്ദന ശിവയുടേത്. ഊര്‍ജതന്ത്രം പഠിച്ച് പരിസ്ഥിതിശാസ്ത്രത്തിലേക്ക് യാത്രചെയ്ത വന്ദന, പരിസ്ഥിതി സംരക്ഷണം ചര്‍ച്ചചെയ്യുന്ന ലോകവേദികളില്‍ ഉറച്ച നിലപാടുകളുടെ പ്രതിനിധിയാണ്. 1952-ല്‍ ഉത്തരാഖണ്ഡിലെ ദെഹ്റാദൂണിലാണ് ജനനം.

വൃക്ഷസ്നേഹിയും വനങ്ങളുടെ പരിപാലകനുമായിരുന്ന അച്ഛനും പ്രകൃതിസ്നേഹിയായിരുന്ന അമ്മയുമാണ് കുട്ടിക്കാലത്തുതന്നെ വന്ദനയില്‍ മണ്ണിനോടുള്ള അടുപ്പം വളര്‍ത്തിയത്. നൈനിത്താളിലെ സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1972-ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ഫിസിക്‌സില്‍ ബിരുദംനേടി. ബാബാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചശേഷം കാനഡയിലെ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. ഫിലോസഫി ഓഫ് ഫിസിക്സ് എന്ന പ്രമേയം കേന്ദ്രീകരിച്ച് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഒന്റാരിയോയില്‍നിന്ന് പിഎച്ച്.ഡി നേടി. തുടര്‍ന്ന് വന്ദനശിവ ശാസ്ത്രം, സാങ്കേതികത, പരിസ്ഥിതിനയം തുടങ്ങിയ വിഷയങ്ങളില്‍ ഇന്റര്‍ഡിസിപ്ലിനറി ഗവേഷണത്തിലേക്ക് കടന്നു.

EIA 2020ബൗദ്ധികസ്വത്തവകാശം, ജൈവസാങ്കേതികവിദ്യ, ജനിതക എന്‍ജിനീയറിങ് തുടങ്ങിയ വിഷയങ്ങളില്‍ പോരാടിക്കൊണ്ടാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിയത്. 1972-ല്‍ ആരംഭിച്ച ചിപ്കോ പ്രസ്ഥാനത്തിന്റെ ഭാഗമായതോടെ മുഴുവന്‍ സമയ പരിസ്ഥിതിപ്രവര്‍ത്തകയായി. 1982-ല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് ഇക്കോണമി എന്ന സംഘടനയ്ക്ക് രൂപംനല്‍കി. ഇത് 1991-ല്‍ നവധാന്യ എന്ന പ്രസ്ഥാനമായി രൂപമെടുത്തു. ജൈവവൈവിധ്യം, ഓര്‍ഗാനിക് ഫാമിങ്, വിത്തുകള്‍ തുടങ്ങിയ മേഖലകളിലായി പ്രവര്‍ത്തനം. തനത് വിത്തുകള്‍ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ട് 40 വിത്തുബാങ്കുകള്‍ രാജ്യവ്യാപകമായി തുടങ്ങി. ഇന്റര്‍നാഷണല്‍ ഫോറം ഓണ്‍ ഗ്ലോബലൈസേഷന്റെ ബോര്‍ഡ് അംഗത്തിലൊരാളാണ്. ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1993-ല്‍ സമാന്തര നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്ലിഹുഡ് പുരസ്‌കാരം നേടി. കേരളത്തിലും വിവിധ പരിസ്ഥിതിസംരക്ഷണപരിപാടികളില്‍ വന്ദന പങ്കെടുത്തിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്കകോള വിരുദ്ധ ജനകീയ സമരസമിതി 2004 ജനുവരിയില്‍ സംഘടിപ്പിച്ച മൂന്നുദിവസത്തെ അന്താരാഷ്ട്ര ജലസമ്മേളനത്തിലും വന്ദന ശിവ പങ്കെടുത്തിരുന്നു. വിവാദങ്ങളുടെ പുതിയ കുടംതുറന്ന പരിസ്ഥിതി ആഘാതം വിലയിരുത്തല്‍ കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പുമായി വന്ദന ശിവ സംസാരിക്കുന്നു.

മനോജ് മേനോന്‍: കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയ പരിസ്ഥിതി ആഘാതം വിലയിരുത്തലിന്റെ കരട് വിജ്ഞാപനത്തിന്റെ ഉള്ളടക്കമാണ് മാസങ്ങളായി രാജ്യം  ചര്‍ച്ച ചെയ്യുന്നത്. പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള നീക്കമാണ് കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയവും ആരോപിക്കുന്നു. അല്ലെന്ന് കേന്ദ്രസര്‍ക്കാരും വാദിക്കുന്നു. എന്താണ് താങ്കളുടെ നിലപാട് ?

വന്ദനശിവ: പ്രകൃതിസംരക്ഷണത്തിനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയെന്ന വിഷം വലിയ ബിസിനസുകാരും വന്‍കിട കോര്‍പ്പറേറ്റുകളും ലോകംമുഴുവന്‍ പരത്തുകയാണ്. എങ്ങനെയാണ് കോടീശ്വരന്‍മാര്‍ കൂടുതല്‍ പണക്കാരാകുന്നതെന്ന് നമുക്കറിയാമല്ലോ. അവര്‍ ആഗോളീകരണത്തിനൊപ്പം ഇത്തരം നിയന്ത്രണമില്ലായ്മയും തുടങ്ങി. ഇപ്പോള്‍ അവര്‍ക്ക് പ്രകൃതിക്കുമേലുള്ള നിയന്ത്രണമില്ലായ്മയെന്ന ആ പ്രക്രിയ പൂര്‍ത്തീകരിക്കണം. കരട് വിജ്ഞാപനത്തിലൂടെ ഇക്കൂട്ടര്‍ ലക്ഷ്യം വയ്ക്കുന്നത് അതാണ്. എന്നാല്‍, ആ പ്രക്രിയയുടെ പൂര്‍ത്തീകരണം എന്നതിന്റെ അര്‍ഥം ജീവിതത്തിന്റെ അവസാനമെന്നാണ്; കേരളത്തിലും ബിഹാറിലും അസമിലും ഉണ്ടായ പ്രളയത്തില്‍ നമ്മള്‍ കണ്ടതുപോലെ. വിഡ്ഢിത്തം നിറഞ്ഞ ഒരു സമൂഹത്തിന് മാത്രമേ ഈ അനുഭവങ്ങളില്‍നിന്ന് പഠിക്കാതിരിക്കാന്‍ കഴിയൂ. പരിസ്ഥിതി സംരക്ഷണത്തെക്കാളും സംസ്‌കാരത്തെക്കാളും വലുത് വാണിജ്യവും അത്യാഗ്രഹവും ലാഭവുമാണെന്നാണ് ഇവര്‍ പറയുന്നത്. പരിസ്ഥിതി എന്നത് നമ്മളില്‍നിന്ന് വേര്‍തിരിച്ച് കാണേണ്ട ഒന്നല്ല. പ്രകൃതിയും നമ്മളും ഒന്നാണ്. പ്രകൃതിയെയും മനുഷ്യരെയും എങ്ങനെയാണ് വേര്‍തിരിച്ച് കാണാന്‍ കഴിയുക? പരിസ്ഥിതിക്കുമേല്‍ മനുഷ്യരുണ്ടാക്കുന്ന ആഘാതങ്ങള്‍ മനുഷ്യരാശിക്കുമേലുള്ള ദുരന്തങ്ങളായി പരിണമിക്കും. വനനാശം പ്രളയങ്ങളായും മണ്ണിടിച്ചിലായും ദുരന്തങ്ങളായും മാറും. പരിസ്ഥിതി ആഘാതം വിലയിരുത്തലിനുള്ള കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ കോര്‍പ്പറേറ്റുകളില്‍നിന്ന് ലഭിക്കുന്ന ലാഭത്തിനായി ഭൂമിയെയും രാജ്യത്തെയും അടിയറ വയ്ക്കലാണ്.

എന്നാല്‍, ഇ.ഐ.എ. 2020 ഒരു കരട് വിജ്ഞാപനം മാത്രമാണ് എന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറയുന്നത്. അന്തിമ വിജ്ഞാപനമല്ല, അതിനാല്‍ പ്രതിഷേധം അനാവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. വസ്തുത എന്താണ്?

പരിസ്ഥിതി ആഘാതം വിലയിരുത്തലിന്റെ കരട് വിജ്ഞാപനത്തെ നിങ്ങള്‍ക്ക് മറ്റ് വിഷയങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തി കാണാനാവില്ല. ഇതുവരെ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളുമായും ബന്ധപ്പെട്ടുകൊണ്ടാണ് അതിനെ പരിശോധിക്കേണ്ടത്. പരിസ്ഥിതി ആഘാതം വിലയിരുത്തല്‍ പ്രക്രിയകളെ ഒന്നുമില്ലായ്മയിലേക്ക് (zero) കൊണ്ടുവന്ന നിരവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ഈ കരട് വിജ്ഞാപനം. എന്നാല്‍ ഒരുകാര്യം മനസ്സിലാക്കണം. ലോക്ഡൗണിന്റെ മൂര്‍ധന്യകാലത്ത് നടന്ന വിര്‍ച്വല്‍ യോഗങ്ങളിലൂടെ വന്യമൃഗ സംരക്ഷണ മേഖലകളില്‍ നിരവധി നിര്‍മാണപദ്ധതികള്‍ക്ക് മന്ത്രി അനുമതി നല്‍കിയ കാര്യം നമ്മള്‍ ശ്രദ്ധിക്കണം.

ഏതാനും നിമിഷങ്ങള്‍ മാത്രമാണ് ഓരോ പദ്ധതിക്കുംവേണ്ടി മന്ത്രിയും സര്‍ക്കാരും നീക്കിവെച്ചത്. ഈ ഹ്രസ്വസമയയോഗങ്ങളില്‍വെച്ച് എത്ര പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത് എന്ന് ആരെങ്കിലും കണക്കുകൂട്ടി നോക്കണം. രാജ്യത്ത് നിലവിലുള്ള രണ്ട് നിയമങ്ങളെ സര്‍ക്കാര്‍ പാടെ അവഗണിച്ചിരിക്കുന്നു. 1995- ലെ ആഗോളീകരണ കാലഘട്ടത്തിലാണ് ലോകവ്യാപാര കരാറില്‍ ഇന്ത്യ ഒപ്പുവെച്ചത്. ഇന്ത്യയിലെ ജനങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കുന്ന നിയമനിര്‍മാണങ്ങള്‍ നടത്തിയില്ലെങ്കില്‍ വമ്പന്‍ വാണിജ്യ ഇടപാടുകള്‍ നമുക്കുമുകളില്‍കൂടി കയറിയിറങ്ങുമെന്ന് നമ്മള്‍ അന്ന് തിരിച്ചറിഞ്ഞു. ആ കാലഘട്ടങ്ങളില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെപ്പോലെ മഹാന്മാരായ നിയമവിദഗ്ധര്‍ ഈ രാജ്യത്തുണ്ടായിരുന്നു. പ്രകൃതിയെയും മനുഷ്യരെയും സംരക്ഷിക്കുന്ന നിരവധി നിയമങ്ങള്‍ക്ക് നമ്മള്‍ രൂപംനല്‍കി. നമ്മുടെ ജൈവവൈവിധ്യത്തെയും ജനങ്ങളെയും മൃഗങ്ങളെയും മരങ്ങളെയും സംരക്ഷിക്കുന്നതായിരിക്കണം നമ്മുടെ പേറ്റന്റ് നിയമം എന്ന് നമ്മള്‍ ഉറപ്പിച്ചു. മരങ്ങളും മൃഗങ്ങളുമൊന്നും മനുഷ്യരുടെ കണ്ടുപിടുത്തമല്ല. അതിനാല്‍ നമുക്ക് അവയെ ഒറ്റപ്പെടുത്താന്‍ കഴിയില്ല. ഇക്കാര്യം പേറ്റന്റ് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ നമ്മള്‍ അതില്‍നിന്ന് മുന്നോട്ടുപോയി. മൊണ്‍സാന്റോപോലുള്ള വിത്തുകമ്പനികള്‍ക്ക് കുത്തക അവകാശപ്പെടാന്‍ കഴിയാത്തവിധം കര്‍ഷകരുടെ അവകാശങ്ങള്‍ പേറ്റന്റ് നിയമത്തില്‍ ഉറപ്പുവരുത്തി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പിച്ചു.

ഡോ.ബി.ഡി. ശര്‍മയായിരുന്നു അന്ന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗം കമ്മിഷണര്‍. അദ്ദേഹവും അന്നത്തെ ആദിവാസിക്ഷേമ മന്ത്രിയും ചേര്‍ന്ന് പഞ്ചായത്തിരാജ് എക്സ്റ്റന്‍ഷന്‍ ടു ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്ട് അഥവാ പെസ (pesa) നിയമത്തിന് രൂപംകൊടുത്തു. ആദിവാസി മേഖലയിലെ ഗ്രാമസഭകളാണ് ഏറ്റവും ഉന്നത അധികാരകേന്ദ്രമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. പ്രധാനമന്ത്രിയെക്കാള്‍, പരിസ്ഥിതി മന്ത്രിയെക്കാള്‍, ജില്ലാ മജിസ്ട്രേട്ടിനെക്കാള്‍ ഉയര്‍ന്ന പദവി ഗ്രാമസഭകള്‍ക്കാണെന്ന് അതിലൂടെ വ്യവസ്ഥ ചെയ്തു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ആദിവാസി മേഖലകളില്‍ ഇപ്പോഴും ഗ്രാമസഭകളുടെ ശക്തി കാണാം. മൂന്നോ നാലോ ദിവസങ്ങള്‍കൊണ്ട് പൊതു ലക്ഷ്യത്തിനായും ദീര്‍ഘകാല ലക്ഷ്യത്തിനായും ഈ ഗ്രാമസഭകള്‍ തീരുമാനങ്ങളെടുക്കുന്നത് കാണാം. അടുത്ത പ്രധാന വിഷയം വനാവകാശ നിയമമാണ്. വനത്തിനുള്ളില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് വനത്തിന്മേലുള്ള അവകാശം ഉറപ്പിക്കുന്ന നിയമമാണ് ഇത്. ഈ നിയമം രൂപപ്പെടുത്തിയതില്‍ എനിക്കും പങ്കുണ്ട്. ആഗോളീകരണത്തിന്റെ ദൂഷ്യങ്ങളെ ചെറുക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു ഈ നിയമനിര്‍മാണങ്ങളൊക്കെ കൊണ്ടുവന്നത്. എന്നാല്‍ ലോക്ഡൗണിന്റെ ഈ കാലഘട്ടത്തില്‍ ശരിയായ നടപടികള്‍ കൈക്കൊള്ളാതെ സര്‍ക്കാര്‍ പരിസ്ഥിതിയെ തകര്‍ക്കുകയാണ്. എന്തിനാണ് മന്ത്രി ഭരണഘടനക്കെതിരേയും രാജ്യത്ത് നിയമമില്ലാത്തതുപോലെയും പെരുമാറുന്നത്?

കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളില്‍ ഏതൊക്കെയാണ് കൂടുതല്‍ പ്രകൃതിവിരുദ്ധം?

2006-ലെ നിയമത്തില്‍ കോര്‍പ്പറേറ്റ് ലോബികളുടെ സമ്മര്‍ദം മൂലം നേരത്തേതന്നെ വെള്ളംചേര്‍ത്തിരുന്നു. ഖനനമേഖലയിലെ ഭൂമിചൂഷണത്തെക്കുറിച്ച്, റിയോ ഉച്ചകോടിക്കുശേഷം ഞാന്‍ സര്‍ക്കാരിന് ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്നൊക്കെ ചെറുകിടഖനനങ്ങളായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നൂറുകണക്കിന് ചതുരശ്രമൈല്‍ വിസ്തീര്‍ണമുള്ള ഖനനങ്ങള്‍ക്കായി വനഭൂമി തുറന്നുകൊടുത്തു. എല്ലാ മേഖലകളിലും അവര്‍ പരിധികളൊഴിവാക്കി. നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു. എന്റെ അഭിപ്രായത്തില്‍, പരിസ്ഥിതി ആഘാതം വിലയിരുത്തലിന്റെ കരട് വിജ്ഞാപനത്തിലുള്ള പോസ്റ്റ് ഫാക്ടോ അനുമതിക്കുള്ള വ്യവസ്ഥയാണ് ഏറ്റവും തെറ്റായ വ്യവസ്ഥ. ഒരാള്‍ ചെയ്ത തെറ്റ് കണക്കാക്കാതെ അയാള്‍ക്ക് വീണ്ടും അംഗീകാരം നല്‍കുന്നതിന് തുല്യമാണിത്. പദ്ധതികള്‍ ആരംഭിക്കുന്നതിനുമുമ്പ് നാട്ടുകാരുടെ അഭിപ്രായം കേള്‍ക്കാനുള്ള സമയപരിധി വെട്ടിക്കുറച്ചതാണ് മറ്റൊരു തെറ്റ്.

വളരെ ഉള്‍പ്രദേശങ്ങളിലും ഉള്‍വനങ്ങളിലുമുള്ള പദ്ധതികളെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്. അത് പൊതുവനമാകാം, സ്വകാര്യവനമാകാം. മാത്രമല്ല, ജനാഭിപ്രായം കേള്‍ക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഡിജിറ്റലാക്കാനും തീരുമാനിച്ചിരിക്കുന്നു. നിലവില്‍ 30 ദിവസമാണ് പൊതുജനാഭിപ്രായം തേടുന്നതിനനുവദിച്ചിരുന്നത്. എന്നാല്‍, ജനങ്ങളിലേക്ക് പൂര്‍ണമായും കാര്യങ്ങളെത്തിച്ചേരാന്‍ ആ സമയം പര്യാപ്തമല്ല. അപ്പോഴാണ് കാലാവധി 20 ദിവസമായി വെട്ടിച്ചുരുക്കിയിരിക്കുന്നത്. ആദിവാസിമേഖലയിലെ ജനങ്ങള്‍ തങ്ങളുടെ അവകാശത്തെക്കുറിച്ച് മനസ്സിലാക്കിയെടുക്കണം. ഇതിന് സമയം വേണം. ജൈവവൈവിധ്യങ്ങളുടെ വിലയിരുത്തല്‍ നടത്തുന്നതിനുപകരം സാമൂഹികജൈവവൈവിധ്യ വിലയിരുത്തലാണ് നടത്താന്‍ പോകുന്നതെന്നതാണ് മറ്റൊരു കാര്യം. ഖനനത്തിന്റെ കാര്യമെടുക്കൂ. എന്താണതിന്റെ സാമൂഹികജൈവവൈവിധ്യ സ്വാധീനം? ഖനനം നടത്തുന്നവര്‍ക്ക് അമിതമായ സമ്പത്ത് നല്‍കുകയും സമൂഹത്തിന് കുറഞ്ഞ സമ്പത്ത് പ്രദാനം ചെയ്യുകയുമാണ് ഖനനത്തിന്റെ സ്വഭാവം. അതിനാല്‍ പ്രകൃതിവിഭവങ്ങള്‍ മലകള്‍ക്കു വിട്ടുകൊടുത്തിട്ട് സാധാരണക്കാര്‍ക്ക് കുടിവള്ളം ഉറപ്പാക്കുകയാണു വേണ്ടത് എന്നാണ് സുപ്രീം കോടതി ചരിത്രപ്രധാനമായ ഒരു വിധിന്യായത്തില്‍ പറഞ്ഞത്.

ഭരണഘടനയുടെ 21-ാം അനുച്ഛേദം ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നുണ്ട്. ഈ അനുച്ഛേദം ഉദ്ധരിച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവുനല്‍കിയത്. മനുഷ്യന്‍ അവന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി ആശ്രയിക്കുന്ന പരിസ്ഥിതിയെയും പരിസ്ഥിതിപ്രക്രിയകളെയും തകര്‍ക്കുന്ന വാണിജ്യം അവസാനിപ്പിക്കണം. പരിസ്ഥിതിസംരക്ഷണത്തിലൂടെ ജീവിതത്തിന്റെ തുടര്‍ച്ച നിലനിര്‍ത്തണം. ഇത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും കോടതി പറഞ്ഞു. എന്നാല്‍ കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ ജനങ്ങളുടെ പങ്കാളിത്തവും ഇടപെടലും നിഷേധിക്കുന്നു. വന്‍കിട കോര്‍പ്പറേറ്റ് ലോബികള്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വന്‍കിട വാണിജ്യ ഇടപാടുകള്‍ (commerce) ജീവിതം തകര്‍ക്കും. സുഗമമായി ബിസിനസ് ചെയ്യാന്‍ അവസരമൊരുക്കുക എന്നതിന്റെ പേരില്‍ മന്ത്രി ജാവഡേക്കര്‍, വാണിജ്യം തടയാനാകില്ലെന്നും ജീവിതം നശിച്ചുകൊള്ളട്ടെയെന്നുമുള്ള സമീപനമാണ് സ്വീകരിക്കുന്നത്, ഭരണഘടന നശിക്കട്ടെയെന്ന സമീപനമാണ് കൈക്കൊള്ളുന്നത്. ലക്ഷക്കണക്കിന് ആദിവാസികളും ജീവജാലങ്ങളും കാടുകളും നശിക്കട്ടെയെന്നാണ് സമീപനം. ഇത് നിയമവിരുദ്ധമാണ്. ഇത് കുറ്റകൃത്യമാണ്. രാജ്യത്തിന്റെ ഭരണഘടനാ ബാധ്യതകളില്‍ വെള്ളം ചേര്‍ത്ത് ലംഘിക്കുകയാണ്. 

പോസ്റ്റ് ഫാക്ടോ അനുമതി വ്യവസ്ഥ തുടങ്ങിയത് യു.പി.എ. ആണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. മുന്‍ സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ തുടരുക മാത്രമാണ് എന്‍.ഡി.എ. ചെയ്തതെന്നാണ് ന്യായീകരണം. ഇതില്‍ ശരിയുണ്ടോ?

കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്തുണ്ടായിരുന്ന ഭരണരീതികളെല്ലാം തങ്ങള്‍ പൊളിച്ചെഴുതുകയാണെന്നല്ലേ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത് ? നെഹ്രു കാലഘട്ടം പോലും അവര്‍ക്ക് അവസാനിപ്പിക്കണം. എന്നിട്ടും തെറ്റായ കാര്യങ്ങള്‍ തുടരണമെന്നാണോ സര്‍ക്കാരിന്റെ നിലപാട്? പോസ്റ്റ് ഫാക്ടോ അനുമതി തെറ്റാണെന്നു മനസ്സിലാക്കി തിരുത്തുകയല്ലേ ചെയ്യേണ്ടത്?  യു.പി.എ. ചെയ്ത തെറ്റുകള്‍ എന്‍.ഡി.എ. അതിശക്തമായി ആവര്‍ത്തിക്കുകയും ഉറക്കെ വിളിച്ചുപറയുകയും ചെയ്യാനാണെങ്കില്‍ പിന്നെ എന്ത് വ്യത്യാസമാണുണ്ടാവുക? ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിനും പെസ നിയമത്തിനും വനസംരക്ഷണനിയമത്തിനും മുകളില്‍ കോര്‍പ്പറേറ്റുകളുടെ താത്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ഈ വ്യവസ്ഥകളിലൂടെ സര്‍ക്കാര്‍. 

മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പുതിയ സര്‍ക്കാര്‍ ഒരുഭാഗത്ത്. പദ്ധതികള്‍ക്ക് മുന്‍കൂറായി പൊതുജനാഭിപ്രായം തേടണമെന്ന വ്യവസ്ഥ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ജനങ്ങളെ നിശ്ശബ്ദരാക്കാനുള്ള നീക്കമാണെന്ന് പറയുന്ന രാഹുല്‍ ഗാന്ധി മറുഭാഗത്ത്. എവിടെയാണ് വസ്തുത?

നിയമവിരുദ്ധമാണ് ഈ നീക്കം. ഈ നടപടിയിലൂടെ പെസ നിയമത്തെ ഞങ്ങള്‍ വിലവയ്ക്കില്ലെന്നാണ് പ്രഖ്യാപിക്കുന്നത്. പെസ ഭരണഘടനാനുസൃതമായ നിയമമാണ്. ഈ ര്ൃീറഹറുറഹ്ൃമാ ാമ്ര യെ അനുസരിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഞങ്ങള്‍ വനാവകാശ നിയമത്തെ അംഗീകരിക്കില്ലെന്നാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്. അതിനാല്‍ ഞങ്ങള്‍ ഇത് ചെയ്യുമെന്നാണ് പ്രഖ്യാപനം. ഞങ്ങള്‍ പ്രകൃതിയെ വകവയ്ക്കില്ല, ഞങ്ങള്‍ ജലസുരക്ഷയെ കണക്കാക്കില്ല, രാജ്യത്തെ ജനങ്ങള്‍ മരിച്ചാലും ഞങ്ങള്‍ക്ക് വിഷയമില്ല, അതിനെക്കാള്‍ ഉപരിയാണ് കോര്‍പ്പറേറ്റ് താത്പര്യം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വ്യവസായ സൗഹൃദാന്തരീക്ഷമൊരുക്കാനാണ് ഈ വെള്ളംചേര്‍ക്കല്‍ എന്നാണ് സര്‍ക്കാരിന്റെ വാദം. കോര്‍പ്പറേറ്റുകളില്‍നിന്ന് കിട്ടുന്ന ഭീമമായ ലാഭത്തിനായി ഭൂമിയെയും രാജ്യത്തെയും മനുഷ്യരെയും ജീവജാലങ്ങളെയും അടിയറവയ്ക്കലാണ്. മനുഷ്യര്‍ക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 21- ാം അനുച്ഛേദം ഈ ചര്‍ച്ചകളുടെ അടിസ്ഥാനമാകണമെന്നാണ് എന്റെ അഭിപ്രായം. പൊതുജനാഭിപ്രായം കേള്‍ക്കണമെന്ന വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം നിയമവിരുദ്ധമാണ്. കുറ്റകൃത്യമാണ്.

പൊതുജനാഭിപ്രായം തേടേണ്ടതില്ലാത്ത ബി. 2 വിഭാഗത്തിലേക്ക് കൂടുതല്‍ പദ്ധതികളെ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ തന്ത്രമല്ലേ?

തീര്‍ച്ചയായും. പല രാജ്യങ്ങളിലും കര്‍ശനമായ പരിസ്ഥിതി നിയമങ്ങളും തൊഴില്‍ നിയമങ്ങളുമുണ്ട്. പ്രത്യേകിച്ച് വടക്കന്‍ രാജ്യങ്ങളില്‍. ആഗോള കമ്പനികള്‍ സ്വന്തം രാജ്യങ്ങളില്‍ ഈ കര്‍ശനനിയമങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഈ കമ്പനികള്‍ മൂന്നാം ലോകരാജ്യങ്ങള്‍ക്കുമേല്‍ ഇളവുകള്‍ക്കായി സമ്മര്‍ദം ചെലുത്തുകയാണ്. അവര്‍ പദ്ധതികളുമായി മൂന്നാംലോകത്തേക്ക് നീങ്ങുക മാത്രമല്ല, അവിടുത്തെ പരിസ്ഥിതി നിയമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ അവര്‍ക്ക് മൂന്നാംലോക രാജ്യങ്ങളില്‍ യാതൊരു തൊഴില്‍ നിയമങ്ങളും യാതൊരു പരിസ്ഥിതി നിയന്ത്രണങ്ങളുമില്ലാതെ തങ്ങളുടെ ഉത്പാദനം നിര്‍വഹിക്കാന്‍ കഴിയുന്നു. അവര്‍ക്ക് വിഭവങ്ങള്‍ സൗജന്യമായി ലഭിക്കുന്നു. ആത്മനിര്‍ഭര്‍ നയംമൂലം ആഗോള കുത്തക കമ്പനികള്‍ക്ക് നിര്‍ബാധം കടന്നുവരാനും അനായാസം രാജ്യത്തെ വിഭവങ്ങള്‍ മോഷ്ടിക്കാനും നിര്‍ഭാഗ്യവശാല്‍ അവസരം നല്‍കുന്നു. രാജ്യത്തെ ജനങ്ങളെ ചൂഷണംചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നു. ഇത് ഗാന്ധിജിയുടെ ആത്മനിര്‍ഭര്‍ ഭാരത് അല്ല.

ദേശസുരക്ഷ ചൂണ്ടിക്കാട്ടി അതിര്‍ത്തിപ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് പരിസ്ഥിതി നാശത്തിന് ഔദ്യോഗിക സ്വഭാവം നല്‍കുമെന്നും വേഗം കൂട്ടുമെന്നും ആക്ഷേപമുണ്ട്. എന്താണ് താങ്കളുടെ നിലപാട്?

1962- ലും ചൈനയുടെ കടന്നുകയറ്റമുണ്ടായിരുന്നു. അന്നും പരിസ്ഥിതിയോട് ഇവര്‍ ഇതുതന്നെയാണ് ചെയ്തത്. വിദൂരത്തുള്ള ഉള്‍ക്കാടുകളില്‍ പോയി മരങ്ങള്‍ മുറിച്ചു. അന്നത്തെയും ഇന്നത്തെയും സ്ഥിതികള്‍തമ്മില്‍ ചേര്‍ത്ത് പരിശോധിക്കണം. അളകനന്ദാ നദിയിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് പരിശോധിക്കൂ. ചിപ്കോ പ്രസ്ഥാനം രൂപപ്പെടുകയും ഞാന്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തത് അക്കാലത്താണ്. രാജ്യം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. ജനഗണമന അധിനായക ജയഹേ ഭാരത് ഭാഗ്യവിധാതാ... പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാത്താ... എന്നല്ലേ പറയുന്നത്. ഇതെല്ലാം ചേരുന്നതല്ലേ നമ്മുടെ രാജ്യം? നമ്മുടെ വനങ്ങളും നദികളും വെള്ളവും സംരക്ഷിക്കുന്നതാണ് ഏറ്റവും വലിയ രാജ്യസുരക്ഷ. അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അതിന്റെ പേരില്‍ അതിര്‍ത്തിയിലെ പരിസ്ഥിതി സംവിധാനം തകര്‍ത്താല്‍ അവിടെ മലയിടിച്ചിലുണ്ടാകും. പ്രളയമുണ്ടാകും. കൃഷിനാശമുണ്ടാകും. അത് കൂടുതല്‍ സുരക്ഷയുണ്ടാക്കില്ല. അത് നശിപ്പിക്കും. റോഡുണ്ടാക്കുന്നു, അതുമൂലം മണ്ണിടിച്ചിലുമുണ്ടാകുന്നു. രാജ്യസുരക്ഷ പ്രധാനമാണ്. എന്നാല്‍ രാജ്യത്തിനകത്ത് ജനങ്ങള്‍ പ്രളയംമൂലവും മണ്ണിടിച്ചില്‍കൊണ്ടും മരിച്ചുകൊണ്ടിരിക്കുമ്പോള്‍, അതിര്‍ത്തിയിലെ സുരക്ഷയെക്കുറിച്ച്  ഉത്കണ്ഠ നടിച്ചിട്ട് കാര്യമില്ല.

സംസ്ഥാനത്തെ പരിസ്ഥിതി ആഘാതം വിലയിരുത്തല്‍ സമിതികളെ കേന്ദ്രം നിയമിക്കും എന്ന വ്യവസ്ഥ സംസ്ഥാനങ്ങളുടെ മേലുള്ള കൈകടത്തല്‍ അല്ലേ? ഈ വ്യവസ്ഥ അപകടകരമല്ലേ?

ഈ വ്യവസ്ഥ തെറ്റാണ്. ഇന്ത്യ ഒരു ഫെഡറല്‍ ഘടനയുള്ള രാജ്യമാണ്. ജൈവവൈവിധ്യനിയമം തയ്യാറാക്കിയവരില്‍ ഞാനുമുണ്ട്. ദേശീയ ജൈവവൈവിധ്യ നിയമത്തില്‍ സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഈ സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരം നേരിട്ട് കവരുകയാണ്. അവര്‍ ഭരണഘടന തകര്‍ക്കുകയാണ്. ഇന്ത്യയില്‍ കേന്ദ്രീകൃത ഭരണസംവിധാനമല്ല നിലവിലുള്ളത്. നമ്മുടെത് ഫെഡറല്‍ സംവിധാനമാണ്. നമുക്ക് ഒരു ജനാധിപത്യ ഘടനയാണുള്ളത്. അത് തകര്‍ക്കും.

കരട് വിജ്ഞാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നാണ് താങ്കളുടെ അഭിപ്രായം?

പരിസ്ഥിതി ആഘാതം വിലയിരുത്തലിന്റെ കരട് വിജ്ഞാപനം പൂര്‍ണമായും പിന്‍വലിക്കണം. ഞാന്‍ ഇക്കോളജിക്കല്‍ സിവിലൈസേഷനില്‍ വളര്‍ന്ന ഒരാളാണ്. രണ്ട് ആശയങ്ങളാണ് ഞാന്‍ പിന്തുടരുന്നത്. അതില്‍ ആദ്യത്തെത് വസുധൈവ കുടുംബകം എന്ന സങ്കല്പമാണ്.  ആദിവാസികള്‍ക്ക് കാടുകളില്‍ ജീവിക്കാന്‍ അവകാശമുണ്ട്. എങ്ങനെയാണ് കാടുകളില്‍ ജീവിക്കേണ്ടതെന്ന് അവര്‍ക്ക് അറിയാം. ആനകള്‍ക്കും കടുവകള്‍ക്കും മരങ്ങള്‍ക്കുമൊപ്പം ഒരു കുടുംബംപോലെ അവര്‍ ജീവിക്കും. ആദിവാസികളെ സംരക്ഷിക്കുക, അവര്‍ കടുവകളെ സംരക്ഷിക്കും. രണ്ടാമത്തെ ആശയം നമുക്ക് ഒരു ആരണ്യസംസ്‌കാരം ഉണ്ട് എന്നതാണ്. നമ്മള്‍ പടിഞ്ഞാറില്‍ നിന്ന് വ്യത്യസ്തരാണ്. നമ്മള്‍ കോണ്‍ക്രീറ്റ് വീടുകളുണ്ടാക്കി ശീലിച്ചവരല്ല. ജനാധിപത്യം പഠിക്കാന്‍ കാടുകളില്‍ പോയവരാണ് നമ്മള്‍. അതിനാല്‍ വസുധൈവ കുടുംബകം എന്ന സങ്കല്പവും ആരണ്യസംസ്‌കൃതിയും പിറന്ന കാടുകള്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം.

ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുതരുന്ന ജീവിതസുരക്ഷ വ്യവസ്ഥചെയ്യുന്ന പെസയും വനാവകാശനിയമവും പിന്‍വലിക്കാനുള്ള നീക്കം അപലപനീയമാണ്. ഈ നിയമങ്ങളൊന്നും പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലല്ല. പരിസ്ഥിതി മന്ത്രാലയം മറ്റ് മന്ത്രാലയങ്ങളെ മറികടക്കരുത്. ഒരു ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ആദരിക്കണം. ഭരിക്കപ്പെടുന്ന ജനങ്ങളുടെ അവകാശങ്ങളെ ആദരിക്കണം. ചരിത്രം പരിശോധിക്കൂ. നമുക്ക് പല തരത്തിലുള്ള ഏകാധിപത്യ ഭരണസംവിധാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനപ്പുറം ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും കശക്കാനുള്ള നീക്കം പ്രതികരണമുണ്ടാക്കും. നിങ്ങള്‍ നിങ്ങളുടെ ധാര്‍ഷ്ട്യം ഒഴിവാക്കണം. ജനങ്ങളെ കേള്‍ക്കണം. നാഗരികതയെ കേള്‍ക്കണം. യഥാര്‍ഥ ഭാരതമാതാവിന്റെ മണ്ണിനെ കേള്‍ക്കണം. അത്യാഗ്രഹികളായ, അഴിമതിക്കാരായ ബിസിനസുകാരെ രാജ്യത്തിന്റെ നിയമനിര്‍മാതാക്കളാക്കരുത്.

(2020 സെപ്തംബര്‍ 13-ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)