പരിസ്ഥിതി ആഘാതം വിലയിരുത്തലിന്റെ കരട് വിജ്ഞാപനമാണ് രാജ്യത്തിന്റെ ചര്‍ച്ച. വ്യവസായ ലോബികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള അനുമതിയാണ് കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളെന്ന് ആരോപിച്ച് പരിസ്ഥിതി സംഘടനകളും പ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ പരിസ്ഥിതി ചര്‍ച്ചക്ക് ചൂടേറി.
കരട് വിജ്ഞാപനത്തെക്കുറിച്ച് പതിനെട്ട് ലക്ഷത്തോളം അഭിപ്രായങ്ങളാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലേക്ക് പാഞ്ഞെത്തിയത്. കരടിനപ്പുറം അന്തിമവിജ്ഞാപനം എന്തായിരിക്കുമെന്ന് ആശങ്ക നിലനില്‍ക്കെ, കരട് വിജ്ഞാപനത്തെക്കുറിച്ചും വിവാദ വ്യവസ്ഥകളെക്കുറിച്ചും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ മാതൃഭൂമിയോട് സംസാരിക്കുന്നു.
കരട് വിജ്ഞാപനത്തെച്ചൊല്ലി കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണമല്ല, രാജ്യത്തെ കൊള്ളയടിക്കാനുള്ള അനുമതി പത്രമാണ് വ്യവസ്ഥകളെന്നാണ് വിമര്‍ശനം. മറുപടിയെന്താണ് ?
സോണിയാ ഗാന്ധി ലേഖനം എഴുതി. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ജയറാം രമേഷ് രണ്ട് കത്തുകള്‍ എഴുതി. മന്ത്രാലയം നിര്‍ദേശിച്ചതനുസരിച്ച് ജനങ്ങളുടെ ലക്ഷക്കണക്കിന് അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, കരട് വിജ്ഞാപനം കരട് വിജ്ഞാപനം മാത്രമാണ് എന്നതാണ്. അത് അന്തിമ വിജ്ഞാപനമല്ല. നയമല്ല. നിയമപ്രകാരമുള്ള കരട് മാത്രമാണ്. നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചത് 2006 ലാണ്.
പതിനഞ്ച് വര്‍ഷത്തിന് ശേഷം സ്വാഭാവികമായും അതെക്കുറിച്ച് വിലയിരുത്തുകയും കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടു വരികയും വേണം. 2006 ലെ നിയമത്തിന് മേല്‍ 55 ഭേദഗതികളും 230 ഓഫീസ് മെമ്മോറാണ്ടങ്ങളും യു.പി.എ സര്‍ക്കാര്‍ കൊണ്ടു വന്നു.
പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍ യു.പി.എ. നടപ്പാക്കിയത് ഓഫീസ് മെമ്മോറാണ്ടങ്ങള്‍ വഴിയാണ്. ഇവയെല്ലാം ക്രമീകരിക്കുകയാണ് കരടിലൂടെ ഞങ്ങള്‍ ചെയ്തത്. വിവിധ കോടതികളുടെ വിധികളും ഹരിത ട്രിബ്യൂണല്‍ ഉത്തരവുകളും അതിന് അടിസ്ഥാനമാക്കിയിട്ടുണ്ട്.
വിജ്ഞാപനത്തോടുള്ള എതിര്‍പ്പുകളോട് സര്‍ക്കാരിന്റെ നിലപാട് എന്താണ് ?
കരട് വിജ്ഞാപനത്തെക്കുറിച്ച് പാര്‍ലമെന്റിനകത്തും പുറത്തും ഏത് വേദിയിലും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. തുറന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. അയച്ചു കിട്ടിയ എല്ലാ അഭിപ്രായങ്ങളും മന്ത്രാലയം പരിശോധിക്കും. ഈ അഭിപ്രായങ്ങളും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
ചര്‍ച്ചയില്‍ നിന്ന് ഞങ്ങള്‍ ഒളിച്ചോടില്ല. ഞങ്ങളുടെ നയം സുസ്ഥിര വികസനമാണ്. പരിസ്ഥിതി സംരക്ഷിക്കുക, വളര്‍ച്ച ഉറപ്പാക്കുക എന്നതാണ് നയം. രണ്ടും പ്രധാനമാണ്. ഈ കരട് വിജ്ഞാപനം നിരവധി ഭേദഗതികളുടെയും കോടതി ഉത്തരവുകളുടെയും സങ്കലനമാണ്.
ഏറ്റവും കൂടുതല്‍ എതിര്‍പ്പുയര്‍ന്നിട്ടുള്ളത് പോസ്റ്റ് ഫാക്ടോ അനുമതിയെക്കുറിച്ചാണ്. ഇത് നിയമ ലംഘനങ്ങളെ നിയമസാധുതയുള്ളതാക്കി തീര്‍ക്കില്ലേ ? പരിസ്ഥിതിനാശം ഉണ്ടാക്കുന്ന വന്‍ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ലേ?
തികച്ചും വസ്തുതാ വിരുദ്ധമായ ആരോപണമാണിത്. പോസ്റ്റ് ഫാക്ടോ അനുമതി ഞങ്ങളുടെ കണ്ടു പിടുത്തമല്ല. യു.പി.എ. സര്‍ക്കാര്‍ ഓഫീസ് മെമ്മോറാണ്ടങ്ങള്‍ വഴി പോസ്റ്റ്ഫാക്ടോ അനുമതി നല്‍കിയിട്ടുണ്ട്. അത് തുടരുകയാണ് ഞങ്ങള്‍ ചെയ്തിരിക്കുന്നത്. ഇത് പുതിയതല്ല. പദ്ധതികളോടുള്ള സമീപനം സംബന്ധിച്ച് കോടതി ഉത്തരവുകള്‍ നിലവിലുണ്ട്.
വ്യവസായങ്ങളോ പദ്ധതികളോ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ഇവരുടെ കേസുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പരിഗണിക്കണമെന്ന് ജാര്‍ഖണ്ഡ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ചു എന്ന ഒറ്റക്കാരണത്താല്‍ അവരുടെ അവസരം നിഷേധിക്കരുതെന്നും പറഞ്ഞിട്ടുണ്ട്.
കൂടാതെ, ഇത്തരം പരിസ്ഥിതി അനുമതികള്‍ ഭാവികാല സ്വഭാവമുള്ളതായിരിക്കണം, മുന്‍കൂര്‍ പ്രാബല്യത്തിലായിരിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരിസ്ഥിതി ചട്ടം ലംഘിച്ചാല്‍, പദ്ധതി പൂട്ടല്‍ ഒരു പരിഹാരമാര്‍ഗ്ഗമല്ലെന്ന് മറ്റൊരു കേസിലും സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സമീപനം ഞങ്ങള്‍ തുടരുകയാണ്.
എന്നാല്‍,യു.പി.എ.യുടെയും എന്‍.ഡി.എ.യുടെയും സമീപനത്തില്‍ ഒരു വ്യത്യാസമുണ്ട്.യു.പി.എ ഇത്തരം നിയമലംഘകര്‍ക്ക് ഒരു ലക്ഷം രൂപ വരെ മാത്രം പിഴ ഈടാക്കി പരിസ്ഥിതി അനുമതി നല്‍കുകയായിരുന്നു.
എന്നാല്‍ ഞങ്ങള്‍, കനത്ത പിഴയാണ് ലേറ്റ് ഫീസ് എന്ന നിലയില്‍ ചുമത്തുന്നത്. മാത്രമല്ല, ഈ കമ്പനികള്‍ വീണ്ടും അപേക്ഷിക്കുമ്പോള്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. നിയമലംഘനത്തിന് കനത്ത പിഴ ശിക്ഷ വിധിച്ചു കൊണ്ട് അവര്‍ക്ക് ഒരവസരം കൂടി നല്‍കുകയാണ് ചെയ്യുന്നത്.
പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് തദ്ദേശവാസികളുടെ അഭിപ്രായം കേള്‍ക്കല്‍ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ കാതലാണ്. പൊതുജനാഭിപ്രായം കേള്‍ക്കല്‍ നടപടില്‍ വെള്ളം ചേര്‍ത്തിരിക്കുന്നു. അഭിപ്രായം കേള്‍ക്കല്‍ നടപടികള്‍ക്ക് നല്‍കിയ സമയപരിധി വെട്ടിച്ചുരിക്കിയിരിക്കുന്നു. എന്താണ് പ്രതികരണം?
ഇത് തികച്ചും തെറ്റായ പ്രചരണമാണ്. നിലവില്‍ 30 ദിവസമായിരുന്നു കാലാവധി. ഇത് 20 ദിവസമായി കുറച്ചു എന്നത് ശരിയാണ്. കാരണം, ഒരു കമ്പനിക്ക് പൊതുജനാഭിപ്രായം കേള്‍ക്കല്‍ ഒരു ദിവസമേ സംഘടിപ്പിക്കാന്‍ കഴിയൂ. ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന നടപടി ക്രമം ഇതിന് ആവശ്യമില്ല. ഒരു ദിവസം കൊണ്ട് തീര്‍ക്കാവുന്നതേയുള്ളു. ഇന്നത്തെ കാലത്ത് കമ്യൂണിക്കേഷന്‍ വളരെ വേഗത്തിലാണ്. കൂടുതല്‍ ദിവസം ആവശ്യമില്ല. അതിനാല്‍ 20 ദിവസം എന്നത് നല്ല കാലാവധിയാണ്.
കൂടുതല്‍ വ്യവസായങ്ങളെയും പദ്ധതികളെയും പൊതുജനാഭിപ്രായം തേടല്‍ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയത് എന്തിനാണ് ?ജനശബ്ദം വെട്ടിക്കുറയ്ക്കാനാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം...
ഇതും സത്യമല്ല. 2006ല്‍ യു.പി.എ. സര്‍ക്കാര്‍ കൊണ്ടു വന്ന വിജ്ഞാപനത്തില്‍ ഒമ്പത് വിഭാഗം പദ്ധതികളെ പൊതുജനാഭിപ്രായം കേള്‍ക്കലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് ഞങ്ങള്‍ ഏഴ് വിഭാഗങ്ങളായി കുറയ്ക്കുകയാണ് ചെയ്തത്. വിജ്ഞാപനം ചെയ്യപ്പെട്ട വ്യവസായ മേഖലയില്‍ ഉള്ള ഏത് വ്യവസായമാണെങ്കിലും പൊതുജനാഭിപ്രായം തേടേണ്ടതില്ല എന്നാണ് 2006 ലെ വിജ്ഞാപനം പറയുന്നത്.
എന്നാല്‍ ഞങ്ങള്‍ അതിരൂക്ഷമായ മലിനീകരണം ഉണ്ടാക്കുന്ന സിമന്റ്, തെര്‍മല്‍, സ്റ്റീല്‍ തുടങ്ങി 17 വ്യവസായങ്ങളെ ഈ പരിരക്ഷയില്‍നിന്ന് പുറത്തു കൊണ്ടു വരികയാണ് ചെയ്തത്. കൂടുതല്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ് ചെയ്തത്. ഇവര്‍ക്ക് യാതൊരു ഇളവും നല്‍കില്ല. പൊതുജനാഭിപ്രായം തേടണം.
യു.പി.എ സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടേണ്ടതില്ലെന്ന് പറഞ്ഞ് മാറ്റിയ വ്യവസായങ്ങളെയാണ് പൊതുജനാഭിപ്രായം തേടേണ്ട പട്ടികയിലേക്ക് ഞങ്ങള്‍ മാറ്റിയത്. മാത്രമല്ല,ചെറുകിട വ്യവസായങ്ങള്‍, ക്ലീന്‍ ടെക്നോളജി ഉപയോഗിക്കുന്ന പദ്ധതികള്‍ എന്നിവയെ മാത്രമാണ് പൊതുജനാഭിപ്രായം തേടലില്‍ നിന്ന് ഒഴിവാക്കിയത്. രണ്ട് പദ്ധതികള്‍ കൂടി ചേര്‍ത്ത് 19 പദ്ധതികള്‍ക്ക് പൊതുജനാഭിപ്രായം തേടണമെന്ന വ്യവസ്ഥയാണ് ഞങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്.
പൊതുജനാഭിപ്രായം തേടല്‍ ഉള്‍പ്പടെയുള്ള വ്യവസ്ഥകള്‍ വേണ്ടാത്ത ബി.2 വിഭാഗത്തില്‍ കൂടുതല്‍ വ്യവസായങ്ങളെ ഉള്‍പ്പെടുത്തിയത് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയല്ലല്ലോ?
ചെറുകിട ഇടത്തരം വ്യവസായങ്ങള്‍, ക്ലീന്‍ ടെക്നോളജി അടിസ്ഥാനമാക്കിയ വ്യവസായങ്ങള്‍ എന്നിവയെയാണ് ബി.2 വില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏത് വ്യവസായമാണ് ബി.1,ഏത് വ്യവസായമാണ് ബി.2 എന്നത് നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമായിരുന്നു. ആ വിവേചനാധികാരം പിന്നീട് എടുത്തു കളഞ്ഞു.
കേന്ദ്രം തന്നെ പദ്ധതികളെ തരം തിരിക്കാന്‍ തുടങ്ങി. ഓരോ സംസ്ഥാനത്തിന്റെയും മുന്‍ഗണന ഓരോന്നാണ് എന്നതാണ് ഇതിന് കാരണം. 2013 ല്‍ യു.പി.എ. സര്‍ക്കാര്‍ പല ഇനങ്ങളെയും ബി.2 വില്‍ ഉള്‍പ്പെടുത്തിയിരുന്നു.അന്നൊന്നും ഒരു പ്രതിഷേധം പോലും ഉയര്‍ന്നില്ല.
പരിസ്ഥിതി അനുമതിയുടെ കാലാവധി പത്ത് വര്‍ഷമായി നീട്ടിയതിനെക്കുറിച്ചും ആക്ഷേപമുണ്ട്. ഇത് റിയല്‍ എസ്റ്റേറ്റ് ലോബിയെ സഹായിക്കാനാണെന്ന് പരസ്ഥിതി സംഘടനകള്‍ ആക്ഷേപിക്കുന്നു. ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. താങ്കള്‍ എന്ത് പറയുന്നു?
നിലവിലെ രീതിയും പത്ത് വര്‍ഷം കാലാവധിയാണ്. പദ്ധതിയുടെ തുടക്കത്തില്‍ അഞ്ചു വര്‍ഷത്തേക്ക് പരിസ്ഥിതി അനുമതി നല്‍കും. തുടര്‍ന്ന് അഞ്ച് വര്‍ഷം നീട്ടും. ഈ രീതി ഒഴിവാക്കി ഞങ്ങള്‍ 10 വര്‍ഷത്തേക്ക് തുടര്‍ച്ചയായി പരിസ്ഥിതി അനുമതി നല്‍കുന്നു. ഇടയ്ക്ക് മന്ത്രാലയത്തെ സമീപിച്ച് പദ്ധതി നടത്തിപ്പുകാര്‍ക്ക് സമയം കളയേണ്ടതില്ല. കാലാവധിയില്‍ എന്താണ് വ്യത്യാസം വന്നത്? ഞങ്ങള്‍ നിലവിലുള്ള കാലയളവ് ദീര്‍ഘിപ്പിച്ചിട്ടില്ല. ഇടയ്ക്കിടക്ക് മന്ത്രാലയത്തെ സമീപിക്കുന്ന തടസ്സം ഒഴിവാക്കിയെന്ന് മാത്രം.
ഇതോടൊപ്പം മറ്റൊന്ന് കൂടി. ചട്ടലംഘനത്തെക്കുറിച്ച് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കില്ല എന്ന ഒരു വ്യവസ്ഥയുണ്ട് കരട് വിജ്ഞാപനത്തില്‍. നിയമം ലംഘിക്കുന്നവര്‍ തന്നെ നിയമലംഘനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ. ഇത് പരിഹാസ്യമല്ലേ?
ഏതൊരാള്‍ക്കും ചട്ടലംഘനം ശ്രദ്ധയില്‍പ്പെടുത്താം. കമ്പനികള്‍ പരിസ്ഥിതി ചട്ടം ലംഘിക്കുന്നുവെന്നും പരിസ്ഥിതി അനുമതി നേടിയിട്ടില്ലെന്നും ശ്രദ്ധയിലെത്തിക്കാം. ഇത് സ്വാഗതം ചെയ്യും. അടിയന്തര നടപടി സ്വീകരിക്കും.
തന്ത്രപ്രധാനം എന്ന പേരില്‍ അതിര്‍ത്തിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവുകള്‍ ഏര്‍പ്പെടുത്തിയത് പരിസ്ഥിതി നാശത്തിന് ഔദ്യോഗികമാര്‍ഗ്ഗം ഒരുക്കലാണെന്ന് ആക്ഷേപമുണ്ട്. എന്താണ് പ്രതികരണം?
അതിര്‍ത്തിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കിയത് രാജ്യസുരക്ഷയെ കരുതിയാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുമ്പ് പ്രതിരോധമന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്നപ്പോള്‍, ഒരിക്കല്‍ അതിര്‍ത്തിയിലെ റോഡുകള്‍ കാണാനിടയായി.
ചൈനയുടെ റോഡുകള്‍ മികച്ചതും നമ്മുടെ റോഡുകള്‍ തകര്‍ന്നും കിടക്കുകയായിരുന്നു. വനം-പരിസ്ഥിതി അനുമതി ലഭിക്കാതിരുന്നതിനാല്‍ നിര്‍മാണം നടക്കുന്നില്ലെന്നായിരുന്നു അന്വേഷിച്ചപ്പോള്‍ മനസ്സിലായത്.
അതിനാല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസത്തിനുള്ളില്‍ തന്നെ അതിര്‍ത്തിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പരിസ്ഥിതി നിയന്ത്രണ തടസ്സങ്ങള്‍ ഒഴിവാക്കി. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് 100 കിലോമീറ്റര്‍ ചുറ്റളവുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും അനുമതി നല്‍കി.ഇപ്പോള്‍ നമ്മുടെ അതിര്‍ത്തി റോഡുകള്‍ മികച്ചതാണ്. അതില്‍ എല്ലാവര്‍ക്കും അഭിമാനിക്കാം.
സംസ്ഥാന പരിസ്ഥിതി വിലയിരുത്തല്‍ അതോറിറ്റികളെ നിയമിക്കാനുള്ള അധികാരം കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കുന്നത് ഫെഡറല്‍ സംവിധാനത്തിനോടുള്ള വെല്ലുവിളിയല്ലേ? സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കൈകടത്തലല്ലേ?
സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അതോറിറ്റികളെ കേന്ദ്രം നിയമിക്കുന്നുവെന്ന ആരോപണം ശരിയല്ല. നിയമിക്കാനുള്ള അധികാരം കേന്ദ്രത്തിനുണ്ടെങ്കിലും ഞങ്ങള്‍ അത് ചെയ്യുന്നില്ല. സംസ്ഥാന സര്‍ക്കാരുകള്‍ അതോറിറ്റി അംഗങ്ങളുടെ പേരുകള്‍ നല്‍കുകയും അത് കേന്ദ്രം അംഗീകരിക്കുകയുമാണ് നിലവിലുള്ള രീതി. എന്നാല്‍ ജാര്‍ഖണ്ഡ്, ഡല്‍ഹി സംസ്ഥാനങ്ങള്‍ ഇതുവരെ പേരുകള്‍ നല്‍കിയിട്ടില്ല.
നൂറ് കണക്കിന് കത്തുകള്‍ നല്‍കിയിട്ടും അവര്‍ പ്രതികരിച്ചില്ല.ഇങ്ങനെ സംസ്ഥാനം പേര് നിര്‍ദേശിച്ചില്ലെങ്കില്‍ കേന്ദ്രത്തിന് നിയമിക്കേണ്ടി വരും.അവര്‍ നിയമിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നിയമിക്കും.അക്കാര്യമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
അന്തിമ വിജ്ഞാപനം എപ്പോഴായിരിക്കും തയ്യാറാവുക?
മന്ത്രാലയത്തിന് ലഭിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിയോജിപ്പുകളും പരിശോധിച്ചു വരികയാണ്. ഇക്കാര്യങ്ങളും കോടതി വിധികളും അടിസ്ഥാനമാക്കിയായിരിക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക.ഉടന്‍ തീരുമാനമുണ്ടാകും. വിജ്ഞാപനങ്ങളെക്കുറിച്ച് ഏത് തലത്തിലുമുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണ്.
content highlights: prakash javadekar interview on eia draft 2020