ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന സള്‍ഫര്‍ ഡൈയോക്‌സൈഡ് പുറന്തള്ളലില്‍ ഇന്ത്യയില്‍ കാര്യമായ കുറവുണ്ടായതായി പഠനം. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യയിലെ സള്‍ഫര്‍ ഡൈയോക്‌സൈഡ് പുറന്തള്ളലില്‍ ഇന്ത്യ കുറവ് രേഖപ്പെടുത്തുന്നത്. 2019ല്‍ ആറ് ശതമാനം കുറവാണ് ഉണ്ടായതെന്നാണ് അന്താരാഷ്ട്ര പഠനം വ്യക്തമാക്കുന്നത്. 

കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജ്ജോല്‍പാദനം നിയന്ത്രിക്കാനായതാണ് ഇതിന് കാരണമായത്. ലോകത്ത് ആകമാനം ഇക്കാലയളവില്‍ സമാനമായ തോതില്‍ സള്‍ഫര്‍ ഡൈയോക്‌സൈഡിന്റെ പുറന്തള്ളലില്‍ കുറവുണ്ടായിട്ടുണ്ടെന്നും സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍, ഗ്രീന്‍പീസ് എന്നീ സ്ഥാപനങ്ങള്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 

അന്തരീക്ഷ വായുവില്‍ സള്‍ഫര്‍ ഡൈയോക്‌സൈഡിന്റെ സാന്നിധ്യം ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ക്ക് വലിയ തോതില്‍ കാരണമാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും മോശം വായുഗുണനിലവാരമുള്ള ഇന്ത്യയിലെ പല നഗരങ്ങളെ സംബന്ധിച്ചും ആശ്വാസജനകമാണ് ഈ റിപ്പോര്‍ട്ട്. എന്നാല്‍ കല്‍ക്കരി ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടാകുന്നതുവരെ ഇന്ത്യയുടെ സ്ഥിതി ആശ്വാസകരമല്ലെന്നും പഠനം വ്യക്തമാക്കുന്നു.

കല്‍ക്കരി ഉപയോഗത്തില്‍ കുറവുവരുത്താന്‍ കഴിഞ്ഞതുമൂലം വായുഗുണനിലവാരം വര്‍ധിപ്പിക്കാന്‍ സാധിച്ചത് പ്രതീക്ഷ നല്‍കുന്നതായി ഗ്രീന്‍പീസ് ഇന്ത്യയുടെ അവിനാശ് ചഞ്ചല്‍ വ്യക്തമാക്കുന്നു. എന്നാല്‍ നമ്മുടെ അന്തരീക്ഷവായു സുരക്ഷതമാകാന്‍ ഇനിയും വളരെയധികം ദൂരം താണ്ടേണ്ടതുണ്ട്. നമ്മുടെ ആരോഗ്യവും സമ്പദ് വ്യവസ്ഥയും സംരക്ഷിക്കുന്നതിന് കല്‍ക്കരി ഉപയോഗത്തില്‍നിന്ന് മാറുകയും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിക്കുകയും വേണം, അദ്ദേഹം പറഞ്ഞു.

ആഗോള തലത്തില്‍ സള്‍ഫര്‍ ഡൈയോക്‌സൈഡിന്റെ 21 ശതമാനവും പുറന്തള്ളുന്നത് ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജ്ജ പ്ലാന്റുകളിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സള്‍ഫര്‍ ഡൈയോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, മെര്‍ക്കുറി തുടങ്ങിയ വാതകങ്ങളുടെ പുറന്തള്ളല്‍ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങള്‍ ശരിയായി നടപ്പാക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Content Highlights: India’s sulfur dioxide emissions see first decline in 4 years