വര്‍ഷത്തെ 'എര്‍ത്ത് ഓവര്‍ഷൂട്ട് ഡേ' ഈ മാസം 22ന് ആയിരുന്നു. പ്രകൃതി ഈ ഒരുവര്‍ഷത്തേക്ക് നമുക്കായി ഉത്പാദിപ്പിച്ചത് എട്ടുമാസംകൊണ്ട് നാം തീര്‍ത്തിരിക്കുന്നു. ആഗസ്ത് 22 നു ശേഷം ഈവര്‍ഷം നമ്മള്‍ ഉപയോഗിക്കുന്ന ഓരോ വസ്തുവും പ്രകൃതിയുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് ആയിരിക്കും. 

ഭൂമിയുടെ ഉല്‍പാദന ക്ഷമതയെ കവച്ചുവെക്കുന്ന വിധത്തിലുള്ള മനുഷ്യന്റെ അമിതോപഭോഗത്തെ അളക്കുന്നതിനുള്ള ഒരു ഉപാധിയാണ് എര്‍ത്ത് ഓവര്‍ഷൂട്ട് ഡേ എന്ന സങ്കല്‍പം. ഒരു വര്‍ഷം ഭൂമിയില്‍ ഉല്‍പാദിപ്പിക്കുന്ന പ്രകൃതി വിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിച്ചു തീര്‍ക്കുന്നതിനെടുക്കുന്ന സമയമാണിതുകൊണ്ട് സൂചിപ്പിക്കുന്നത്.

നമ്മുടെ ഒരു വര്‍ഷത്തേക്കു കിട്ടുന്ന വരുമാനം മുഴുവന്‍ നമ്മള്‍ നവംബര്‍ അഞ്ചിനുള്ളില്‍ തീര്‍ത്തുവെന്ന് വിചാരിക്കുക. അതിനുശേഷം നമ്മള്‍ ചെലവാക്കുന്ന പണം ഒന്നുകില്‍ കടമായിരിക്കും. അല്ലെങ്കില്‍ നമ്മുടെ മുന്‍വര്‍ഷത്തെ നിക്ഷേപമായിരിക്കും. അതുകൊണ്ടുതന്നെ നവംബര്‍ അഞ്ചിനെ നമുക്ക് 'ഓവര്‍ഷൂട്ട് ദിന'മായി കണക്കാക്കാം. പിറ്റേവര്‍ഷം നമ്മുടെ ശമ്പളം കുറഞ്ഞുവരികയും ചെലവ് കൂടിവരികയും ചെയ്‌തെന്ന് കരുതുക. നവംബര്‍ അഞ്ചിന് മുമ്പുതന്നെ നമ്മുടെ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പ്. അപ്പോള്‍ ഓവര്‍ഷൂട്ട് ദിനം നേരത്തേയാകും.

ഇതുപോലെത്തന്നെയാണ് പ്രകൃതിവിഭവങ്ങളുടെ കാര്യവും. ഒരു  വര്‍ഷത്തേക്ക് പ്രകൃതിയിലുണ്ടാകുന്ന വിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിച്ചുതീര്‍ക്കുന്ന ദിവസം ഏതായിരിക്കും എന്നതിന് 1970 മുതല്‍ കണക്കുണ്ട്. 1970ല്‍ ഡിസംബര്‍ 23 ആയിരുന്നു ഓവര്‍ഷൂട്ട് ദിനം. 

അതായത് ഭൂമിയിലെ ജനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ നിലവിലുള്ളവ തീര്‍ന്നാല്‍ പ്രകൃതി പണ്ടേ സ്വരുക്കൂട്ടിവെച്ചതിലേക്ക് നാം കൈകടത്തും. അതുമൂലം ആ കരുതല്‍ശേഖരത്തിന്റെ അളവ് കുറഞ്ഞുകുറഞ്ഞുവരും. ക്രമേണ നമ്മള്‍ വന്‍ ദാരിദ്ര്യത്തിന്റെ പിടിയിലാകുകയും ചെയ്യും.

graph

2019ല്‍ ജൂലായ് 29 ആയിരുന്നു എര്‍ത്ത് ഓവര്‍ഷൂട്ട് ഡേ. അതായത്, 23 ദിവസം കൂടി കഴിഞ്ഞാണ് ഇത്തവണ ആ ദിനം വന്നെത്തിയത്. അങ്ങനെയെങ്കില്‍ പരിസ്ഥിതി ചൂഷണത്തിന്റെ തോത് അത്രകണ്ട് കുറഞ്ഞു എന്നാണ് അതിന്റെ അര്‍ഥം. യഥാര്‍ഥത്തില്‍ കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് പ്രകൃതിവസ്തുക്കളുടെ ഉപഭോഗത്തിലും കാര്‍ബണ്‍ പുറന്തള്ളല്‍ അടക്കമുള്ള മലിനീകരണങ്ങളിലും ഉണ്ടായ കുറവ് കൂടി ഇതിനു പിന്നിലുണ്ടെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

പരിസ്ഥിതിരംഗത്തെ സന്നദ്ധസംഘടനയായ 'ഗ്ലോബല്‍ ഫുട്പ്രിന്റ് നെറ്റ്വര്‍ക്ക്' (ജി.എഫ്.എന്‍.) ആണ് ഓരോ വര്‍ഷവും കണക്കുകളുടെ അടിസ്ഥാനത്തില്‍ എര്‍ത്ത് ഓവര്‍ഷൂട്ട് ഡേ നിശ്ചയിക്കുന്നത്. സംഘടനയുടെ കണക്കനുസരിച്ച്, ഈ നില തുടര്‍ന്നാല്‍ 2030 ഓടെ പ്രകൃതിവിഭവങ്ങളുടെ ആഗോള ഉപഭോഗം രണ്ട് ഭൂമി ഉത്പാദിപ്പിക്കുന്നതിലും അധികമായിരിക്കും. ഇപ്പോഴത്തെ നമ്മുടെ ഉപഭോഗം ഒന്നരഭൂമിയുടെ ഉത്പാദനത്തിലും അധികമാണ്. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതുിലൂടെയും പ്രകൃതിവിഭവങ്ങളുടെ സന്തുലിതമായ ഉപയോഗത്തിലൂടെയും പരിസ്ഥിതിസംരക്ഷണത്തിലൂടെയും മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ നമുക്ക് കഴിയൂ. 

Content Highlights: EIA2020- Earth Overshoot Day 2020