ബെംഗളൂരു: പരിസ്ഥിതി ആഘാത പഠന(ഇ.ഐ.എ.) വിജ്ഞാപനത്തിന്റെ കരട് പ്രസിദ്ധീകരിക്കുന്നതിനുള്ള സ്റ്റേ കര്‍ണാടക ഹൈക്കോടതി വീണ്ടും നീട്ടി. ഇനിയൊരു ഉത്തരവുണ്ടാകുംവരെ കരട് പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദേശിച്ചു. ഇ.ഐ.എ. കരട് വിജ്ഞാപനത്തില്‍ എതിര്‍പ്പറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് വേണ്ടത്ര സമയം ലഭിച്ചില്ലെന്ന ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. 

ജൂലായ് അവസാനമാണ് കര്‍ണാടക ഹൈക്കോടതി മുമ്പാകെ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഓഗസ്റ്റ് നാലിനു ഹര്‍ജി പരിഗണിച്ച കോടതി സെപ്റ്റംബര്‍ ഏഴ് വരെ കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് സ്റ്റേ ചെയ്യുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വീണ്ടും ഹര്‍ജി പരിഗണിച്ച കോടതി സ്‌റ്റേ അനിശ്ചിത കാലത്തേക്ക് നീട്ടി. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ കരട് വിജ്ഞാപം ഇറക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സാധിക്കില്ല. 

EIA 2020മാര്‍ച്ച് 23-ന് ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇ.ഐ.എയുടെ കരട് വിജ്ഞാപനം പുറത്തിറക്കിയത്. എന്നാല്‍ കോവിഡ് വ്യാപനം ഉണ്ടാവുകയും രാജ്യം ലോക്ഡൗണിലേക്ക് പോവുകയും ചെയ്തതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ഇതിനെക്കുറിച്ച് വേണ്ടപോലെ മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ ലഭ്യമല്ലാത്തത് ഇതേക്കുറിച്ച് മനസ്സിലാക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. 

അഭിപ്രായം രേഖപ്പെടുത്താന്‍ വേണ്ടത്ര സമയം കിട്ടിയില്ലെന്ന വാദം കര്‍ണാടക ഹൈക്കോടതി അംഗീകരിച്ചു. ഇതിനെ തുടര്‍ന്നാണ് സ്‌റ്റേയ്ക്ക് ഉത്തരവിട്ടത്. അതേസമയം, വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

Content Highlights: EIA 2020- Karnataka HC Extends Stay On Publication Of Final Notification Until Further Orders