land
മുണ്ടയ്ക്കല്‍ നൂഞ്ഞിക്കുസമീപം ഒരു കര്‍ഷകന്‍

കോഴിക്കോട്: വലിയ കുന്നുകളുടെ താഴ്വരകളില്‍ കടുത്ത വേനലിലും തെളിനീരിന്റെ സംഭരണികളായി നിലനിന്നിരുന്ന നൂഞ്ഞികള്‍ പുനര്‍ജനി തേടുന്നു. മലകളുടെ നാശമാണ് കൃഷിക്കും കുടിവെള്ളത്തിനും ജനങ്ങള്‍ ഏറെ ആശ്രയിച്ചിരുന്ന ചതുപ്പുനിലങ്ങള്‍ അപ്രത്യക്ഷമാവുന്നതിന്റെ പ്രധാന കാരണമാവുന്നത്.

കുന്നുകള്‍ നിറഞ്ഞ ഇടനാടുകളുടെ സവിശേഷതയാണ് നീര്‍ക്കുഴികളും നീര്‍ച്ചാലുകളും കാണപ്പെടുന്ന നൂഞ്ഞികള്‍. പ്രദേശത്തിന്റെ ജലസംഭരണികളാണ് ഇവ. മല, സമതലം (പറമ്പ്), നൂഞ്ഞി, വിരുപ്പ്, വയല്‍ എന്നീ ക്രമത്തിലാണ് ഈ പ്രദേശങ്ങളില്‍ ഭൂപ്രകൃതി രൂപപ്പെട്ടിട്ടുള്ളത്.

പെരുവയല്‍, മാവൂര്‍, കുന്ദമംഗലം, ചാത്തമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ മലകളുടെ താഴ്വാരങ്ങളില്‍ നൂഞ്ഞികള്‍ എന്നറിയപ്പെടുന്ന നീര്‍ത്തടങ്ങള്‍ ഏറെ ഉണ്ടായിരുന്നു. ജില്ലയിലെ മറ്റുപ്രദേശങ്ങളിലും ഇത്തരം നീര്‍ത്തടങ്ങളുണ്ട്. ഇവയെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടന്നിട്ടില്ല.

EIA 2020

ഇഐഎ 2020 കരട് റിപ്പോര്‍ട്ടില്‍ നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും #StopTheEnd #EIA2020 എന്ന ഹാഷ് ടാഗോടുകൂടി നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലോ താഴെ  കമന്റായോ പോസ്റ്റു ചെയ്യൂ..​

നിര്‍മാണപ്രവര്‍ത്തനങ്ങളും മലകളിലെ മണ്ണ് നീക്കം ചെയ്യുന്നതും വയലുകളുടെ നാശവും ഭൂപ്രകൃതിയില്‍ വന്ന മാറ്റങ്ങളും നൂഞ്ഞികളെ നാമാവശേഷമാക്കി. സ്വാഭാവിക നീരുറവകളുടെ നാശം കുടിവെള്ളക്ഷാമത്തിലേക്കും കൃഷിയുടെ തകര്‍ച്ചയിലേക്കുമാണ് നയിച്ചത്.

പെരുവയല്‍, കുന്ദമംഗലം, മാവൂര്‍ പഞ്ചായത്തുകളിലെ അരിയോറക്കുന്ന്, അണോറക്കുന്ന്, പൊന്‍പറക്കുന്ന്, കോട്ടാംപറമ്പ്, മൈലാടുംകുന്ന്, മുപ്രകുന്ന്, പാലോറമല, നാഗന്‍കോട്ടകുന്ന് തുടങ്ങിയ മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ ഒട്ടേറെ നീര്‍ച്ചാലുകളാണുള്ളത്. അരിയോറക്കുന്നില്‍നിന്ന് മാത്രം 17 നീര്‍ച്ചോലകള്‍ ഒഴുകിയിരുന്നു. പെരുവയല്‍ മുണ്ടയ്ക്കലിലെ മുത്താച്ചിക്കുണ്ടാണ് കല്ലായിപ്പുഴയുടെ ഉദ്ഭവസ്ഥാനമായി കണക്കാക്കപ്പെടുന്നത്. ഇവയെല്ലാം നാശത്തിന്റെ വക്കിലാണ്.

പ്രതീക്ഷയായി പ്രാദേശിക കൂട്ടായ്മകള്‍

പ്രാദേശിക കൂട്ടായ്മകളിലൂടെ തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ വളര്‍ത്തുന്നു. നരിയോറക്കുന്ന് പരിസ്ഥിതി സംരക്ഷണ സമിതി, ചോല റെസിഡന്റ്സ് അസോസിയേഷന്‍, കേരള നദീസംരക്ഷണ സമിതി എന്നിവ നൂഞ്ഞികളുടെ സംരക്ഷണത്തിനായി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ നീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംഘടനകള്‍ ബോധവത്കരണം നടത്തുന്നു.

നൂഞ്ഞികള്‍ രൂപപ്പെടുന്നത്

വലിയ മലകളുടെ താഴ്വരകളില്‍ രൂപപ്പെടുന്ന സ്വാഭാവിക നീരുറവകളാണ് നൂഞ്ഞികളെന്ന് പെരിങ്ങൊളം ഭാഗത്തെ നീര്‍ത്തടങ്ങളെക്കുറിച്ച് പഠനം നടത്തിയ മുന്‍ ജലവിഭവ വികസന വിനിയോഗകേന്ദ്രം ശാസ്ത്രജ്ഞന്‍ ഇ. അബ്ദുള്‍ ഹമീദ് പറഞ്ഞു. മഴപെയ്യുമ്പോള്‍ ചെങ്കല്‍ക്കുന്നുകളില്‍ കിനിഞ്ഞിറങ്ങുന്ന ജലം താഴ്വരകളില്‍ സംഭരിക്കപ്പെടുന്നു. മലമടക്കുകളിലൂടെ അരുവികളായും താഴ്വരയിലേക്ക് ജലമൊഴുകുന്നു.

ചോല റെസി. അസോസിയേഷന്റെ ശ്രമഫലമായി പെരുവയല്‍ പഞ്ചായത്തിലെ അരീപ്പറമ്പ്‌ചോല ഉടമ സൗജന്യമായി പഞ്ചായത്തിന് വിട്ടുനല്‍കി. കൂടാതെ കല്ലായിപ്പുഴയുടെ ഉദ്ഭവസ്ഥലമെന്ന് കരുതുന്ന മുത്താച്ചിക്കുണ്ട് ഏറ്റെടുത്ത് സംരക്ഷിക്കാന്‍ നദീസംരക്ഷണസമിതി പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

വെള്ളം ഒഴിഞ്ഞുപോകാന്‍ സ്ഥലമില്ലാതായി

നീര്‍ച്ചാലുകളും വയലുകളും നികത്തപ്പെട്ടതോടെ മഴക്കാലത്ത് വെള്ളം ഒഴിഞ്ഞുപോകാന്‍ സ്ഥലമില്ലാതെയായി. വെള്ളക്കെട്ടുകാരണം തെങ്ങും കവുങ്ങും വ്യാപകമായി വീണ് നശിക്കുന്നു. -തെക്കുംപാടം പൊറ്റ ഗംഗാധരന്‍ (കര്‍ഷകന്‍)

ബോധവത്കരണം നടക്കുന്നു

നൂഞ്ഞികള്‍ സംരക്ഷിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. നീര്‍ച്ചോലകള്‍ ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്. -കെ. രാജന്‍ നായര്‍, (പ്രസിഡന്റ്, ചോല റെസിഡന്റ്സ് അസോ.)

മുത്താച്ചിക്കുണ്ട് പ്രദേശം സംരക്ഷിക്കും

ഗ്രാമപ്പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലനസമിതി യോഗം കല്ലായിപ്പുഴയുടെ ഉത്ഭവസ്ഥാനമായ മുത്താച്ചിക്കുണ്ട് പ്രദേശം കേരള സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് പ്രാദേശിക ജൈവവൈവിധ്യ പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. -ഐ.വി. ശാന്ത, (പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ്)