ആഗോളതാപനത്തിന്റെ സാഹചര്യത്തില്‍ സമുദ്രങ്ങള്‍ വന്‍തോതില്‍ അന്തരീക്ഷതാപം ആഗിരണം ചെയ്യുന്നുണ്ട്. കരയിലെ വര്‍ധിതതാപത്തിന്റെ 90 ശതമാനവും സമുദ്രങ്ങള്‍ ഏറ്റുവാങ്ങി സംഭരിക്കുന്നു. സമുദ്രജലആവാസമേഖലയെ മാത്രമല്ല തീരദേശആവാസവ്യൂഹങ്ങള്‍, വ്യവസായം, മത്സ്യബന്ധനം, കൃഷി, വിനോദസഞ്ചാരം എന്നിവയിലധിഷ്ഠിതമായ സാമൂഹ്യജീവിതം  മുതലായവയിലും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുവാന്‍ കഴിവുള്ളവയാണിവ. താപനകാരകങ്ങളായ ഹരിതഗൃഹവാതകങ്ങളുടെ വന്‍തോതിലുള്ള ഉത്സര്‍ജ്ജനം, വനനശീകരണം, തണ്ണീര്‍ത്തട/ജലാശയശോഷണം, ദ്രുതഗതിയിലുള്ള നഗരവല്‍കരണം എന്നിവ മൂലം അന്തരീക്ഷതാപനം വര്‍ധിക്കുന്നതാണ് സമുദ്ര ആവാസ വ്യസ്ഥയ്ക്ക് ഭീഷണിയാകുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് സമുദ്രത്തിനും എത്രമാത്രം അനിവാര്യമാണെന്ന് വിശദീകരിക്കുകയാണ് ഈ ലേഖനം.

ഭൂമിയിലെ സമുദ്രങ്ങള്‍, ജലം ഉറഞ്ഞ പ്രദേശങ്ങള്‍ എന്നിവയെ  കാലാവസ്ഥാവ്യതിയാനം ഭീതിദമായ വിധത്തിലാണ് ബാധിച്ചുകൊണ്ടിരിക്കുന്നത്. ഉഷ്ണതരംഗരൂപത്തില്‍ വര്‍ധിതതാപം വിവിധഭൂപ്രദേശങ്ങളില്‍  അനുഭവപ്പെട്ടുവരുന്നു. സമാനമായ ഉഷ്ണതരംഗസാഹചര്യങ്ങള്‍ സമുദ്രങ്ങളിലും ഉണ്ടാകാറുണ്ട്. അന്തരീക്ഷതാപനത്തിന്റെ ചുവടുപിടിച്ച് സമുദ്രജലതാപനവും ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. സമുദ്രജലത്തിലുണ്ടാകുന്ന അതിതാപനസന്ദര്‍ങ്ങളാണ് സമുദ്രോഷ്ണതരംഗങ്ങള്‍ (Marine Heat Waves). 1993 മുതല്‍ താപനനിരക്ക് ഇരട്ടിയെക്കാള്‍ ഏറെയായിരിക്കുന്നു. 

കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച്  സമുദ്രോഷ്ണതരംഗങ്ങളുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ വര്ധിച്ചിട്ടുണ്ട്. 1925  മുതല്‍ 2016  വരെയുള്ള കാലയളവില്‍ ഇവയുടെ ആവൃത്തി 34 ശതമാനം  കണ്ട്  വര്‍ധിച്ചിരിക്കുന്നു.  ഇവ നീണ്ടുനില്‍ക്കുന്ന സമയദൈര്‍ഘ്യത്തിലാവട്ടെ 17 ശതമാനത്തിന്റെ വര്‍ദ്ധനവുമുണ്ടായിട്ടുണ്ട്.  ആഗോളാടിസ്ഥാനത്തില്‍ നോക്കിയാല്‍ സമുദ്രോഷ്ണതരംഗങ്ങള്‍ ഉണ്ടാകാവുന്ന ദിനങ്ങളുടെ എണ്ണം   54 ശതമാനത്തോളം വര്‍ധിച്ചിരിക്കുന്നു.  

EIA 2020

 

ഇഐഎ 2020 കരട് റിപ്പോര്‍ട്ടില്‍ നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും #StopTheEnd #EIA2020 എന്ന ഹാഷ് ടാഗോടുകൂടി നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലോ താഴെ  കമന്റായോ പോസ്റ്റു ചെയ്യൂ..​

 

30 വര്‍ഷത്തില്‍ കുറയാതെയുള്ള കാലയളവില്‍ ഓരോ വര്‍ഷങ്ങളിലും നിശ്ചിതകാലങ്ങളില്‍ സമുദ്രജലത്തില്‍ അനുഭവപ്പെടുന്ന താപനില നിരീക്ഷണ വിധേയമാക്കിയാണ് സമുദ്രോഷ്ണതരംഗസാന്നിധ്യം തീര്ച്ചപ്പെടുത്തുന്നത്. നിരീക്ഷണ കാലയളവില്‍, എല്ലാ വര്‍ഷവും പരമാവധി ഒരേ സമയത്തനുഭവപ്പെടുന്ന സമുദ്രജലതാപം രേഖപ്പെടുത്തുന്നു.  ഇപ്രകാരം രേഖപ്പെടുത്തപ്പെടുന്ന താപനിലകളില്‍  ഭൂരിഭാഗവും പരസ്പരം വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ കാണപ്പെടുകയും, എന്നാല്‍  അപൂര്‍വ്വം  അവസരങ്ങളില്‍,  മേല്‍ സൂചിപ്പിക്കപ്പെട്ട സമാനമൂല്യമുള്ള താപനിലകളെക്കാള്‍ അസാധാരണംവിധം ഉയര്‍ന്നതോതില്‍  സമുദ്രജലതാപം അനുഭവപ്പെടുന്നതായും, ചുരുങ്ങിയത് അഞ്ച് ദിവസത്തോളം ഉയര്‍ന്ന താപനില തുടര്‍ന്നതായും കാണപ്പെട്ടാല്‍ അതിനെ സമുദ്രോഷ്ണതരംഗസാന്നിധ്യം എന്ന വിശേഷിപ്പിക്കാം.

sea

ഉഷ്ണതരംഗ സന്ദര്‍ഭങ്ങളില്‍ അനുഭവപ്പെടുന്ന താപനിലയെക്കള്‍  ഉയര്‍ന്ന തോതില്‍ താപം  അനുഭവപ്പെട്ടാല്‍ തന്നെ,  അതിന് ഒരു നൈരന്തര്യ സ്വഭാവം (continuity) ഇല്ല എങ്കില്‍, അത് ''സമുദ്രോഷ്ണതരംഗം'' എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ല (Hobday et  al., 2016). ചുരുങ്ങിയത് അഞ്ച്  ദിവസമെങ്കിലും താപമാനം ശരാശരിയില്‍ കവിഞ്ഞ്  ഉയര്‍ന്നു നിന്നാല്‍ മാത്രമേ സമുദ്രോഷ്ണതരംഗ സാന്നിധ്യം സ്ഥിരീകരിക്കാനാവൂ. ഒരു സമുദ്രോഷ്ണതരംഗ ഘട്ടത്തെ തുടര്‍ന്ന്  രണ്ട് ദിവസമോ അതില്‍ കുറവോ ആയ ഇടവേളക്ക് ശേഷം വീണ്ടും ഉഷ്ണതരംഗ സന്നിദ്ധ്യമുണ്ടായാല്‍ അപ്രകാരം ഉണ്ടാകുന്ന എല്ലാ സമുദ്രോഷ്ണതരംഗ സാഹചര്യങ്ങളെയും ചേര്‍ത്ത് ഒറ്റ ഉഷ്ണതരംഗം എന്ന നിലയില്‍ പരിഗണിക്കും. 

സമുദ്രോഷ്ണതരംഗങ്ങള്‍ക്ക് ഇടയാക്കുന്നതെന്ത്?

സമുദ്രോഷ്ണതരംഗങ്ങള്‍ ആരംഭിച്ച് അവസാനിക്കും വരെയുള്ള കാലയളവ്,  ദിവസങ്ങളുടെ കണക്കിലാണ്  സൂചിപ്പിക്കുക. ഉഷ്ണതരംഗസമയത്ത് അനുഭവപ്പെടുന്ന താപമാനമാണ് തരംഗത്തിന്റെ ''തീവ്രത''. തത്പ്രദേശത്തെ സമുദ്രജലത്തില്‍  സമാന്യഗതിയില്‍  അനുഭവപ്പെടുന്ന താപനിലയേക്കാള്‍ എത്രകണ്ട് കൂടുതലാണ് ഉഷ്ണതരംഗതാപമാനം എന്നതിനെ സൂചിപ്പിക്കുവാന്‍ ഈ പദം  ഉപയോഗിക്കുന്നു. സമുദ്രഭാഗം സ്ഥിതിചെയ്യുന്ന മേഖല, പ്രസ്തുത മേഖലയിലെ സവിശേഷ ഋതുവിന്യാസം എന്നിവക്കനുസരിച്ച് ആപേക്ഷികമായിരിക്കും ഉഷ്ണതരംഗ തീവ്രത. തീവ്രതയുടെ  അടിസ്ഥാനത്തില്‍ സമുദ്രോഷ്ണ തരംഗങ്ങളെ കാറ്റഗറി I, II, III, IV എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. തീവ്രതയുടെ  അടിസ്ഥാനത്തില്‍ സമുദ്രോഷ്ണ തരംഗങ്ങളെ കാറ്റഗറി I,II ,III ,IV എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഉഷ്ണമേഖലയില്‍ സ്ഥിതിചെയ്യുന്ന സമുദ്രഭാഗങ്ങളില്‍ അനുഭവപ്പെടുന്ന സമുദ്രോഷ്ണ  തരംഗങ്ങളോളം ചൂടേറിയവയല്ല ശൈത്യമേഖലയില്‍ സ്ഥിതിചെയ്യുന്ന സമുദ്രങ്ങളിലെ ഉഷ്ണതരംഗ പ്രഭാവങ്ങള്‍ എന്നതും പ്രസ്താവ്യമാണ്.

സമുദ്രോഷ്ണതരംഗങ്ങള്‍ ഉണ്ടാകുന്നതിന് നിരവധി ഘടകങ്ങള്‍ കാരണമാകാം.  തെളിഞ്ഞ വെയിലുള്ള ദിവസങ്ങളില്‍ സമുദ്രോപരിതലം ചൂട് പിടിക്കുന്നു.  ഇത്തരം  അവസരങ്ങളില്‍ കാറ്റിന് വേഗത കുറവാണെങ്കില്‍ ചൂടേറിയ സമുദ്രോപരിതലജലം സമുദ്രങ്ങളുടെ താഴെത്തട്ടിലുള്ള താരതമ്യേന തണുത്തജലവുമായി കൂടിക്കലരുന്നതിന്  ഇടയാകുന്നില്ല.  ഇക്കാരണത്താല്‍ ഉപരിതലജലതാപനില കുറയാതെ നിലകൊള്ളുന്നു. സമുദ്രോപരിതലത്തിന്റെ മുകളിലായി ഒരു അതിമര്‍ദ്ദമേഖല സ്ഥിതിചെയ്യുന്ന അവസരങ്ങളില്‍, ഈ അതിമര്‍ദ്ദമേഖലയുടെ സാന്നിധ്യം മൂലം കാറ്റിന്റെ സഞ്ചാരം മന്ദഗതിയിലാകാം  എന്നത് മറ്റൊരു  കാരണം.  മാത്രമല്ല, അതിമര്‍ദ്ദമേഖല, മേഘങ്ങളുടെ ആഗമനം  തടയുന്നതിനാല്‍ മേഘരഹിതമായ അന്തരീക്ഷത്തില്‍ സൂര്യതാപം നേരിട്ട് കൂടുതല്‍ അളവില്‍ സമുദ്രങ്ങളിലെത്താനിടയാവുന്നു. സമുദ്രത്തിലെ ചൂടേറിയ ഭാഗത്തുനിന്ന് തണുപ്പേറിയ ഭാഗത്തക്ക്  തപ്തജലം  സഞ്ചരിക്കുന്നതാണ് ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകാനുള്ള മുഖ്യ കാരണം.  

Ocean Warming

അന്തരീക്ഷവുമായുള്ള സമ്പര്‍ക്കഫലമായി സമുദ്രങ്ങള്‍ സ്വാഭാവികമായും അധിക അന്തരീക്ഷതാപം ഏറ്റുവാങ്ങുകയും, ദീര്‍ഘകാലം സംഭരിക്കുകയും  ചെയ്യുമെന്ന് മുന്‍പ് സൂചിപ്പിച്ചിരുന്നുവല്ലോ? താപനം മാത്രമല്ല അന്തരീക്ഷത്തിലെ  അസാധാരണവും തീക്ഷ്ണവുമായ ഏതൊരു ഭൗതികമാറ്റത്തെയും പ്രത്യക്ഷമായോ പരോക്ഷമായോ  സമുദ്രങ്ങള്‍ ഉള്‍കൊള്ളുന്നു.  സമുദ്രജലത്തെ ക്രമേണ ചൂട് പിടിപ്പിക്കുകയല്ല, മറിച്ച് സമുദ്രജലതാപം  ദ്രുതഗതിയില്‍ അധികരിക്കുന്ന ഒരു അവസ്ഥ സൃഷ്ടിക്കുവാന്‍ അന്തരീക്ഷത്തിലെ  അതിതാപനത്തിന് കഴിയുന്നുണ്ട്.  

സമുദ്രജലതാപനിലയില്‍  പ്രകടമായ വര്‍ദ്ധനവ് കാണപ്പെടുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.  ആവാസവ്യവസ്ഥകളെ മാത്രമല്ല, സമുദ്രത്തെ ചുറ്റിപറ്റി ഉപജീവിച്ച് വരുന്ന ജനവിഭാഗങ്ങളെയും ഈ  സാഹചര്യം അലോസരപ്പെടുത്തുന്നു.  ആഗോളതാപന സാഹചര്യങ്ങളില്‍ ഉണ്ടാകാനിടയുള്ള അനുമാനിത താപനിരക്കിനേക്കാള്‍ ഉദ്ദേശം രണ്ടിരട്ടിയോളം അധിക തോതിലാണ് നിലവില്‍ ചില സമുദ്ര മേഖലകളിലെ താപനനിരക്ക്.  

ജീവിവര്‍ഗങ്ങള്‍ക്കു ഭീഷണി

സ്വാഭാവിക ആവാസവ്യൂഹങ്ങളില്‍ തന്നെ, ചൂടേറുന്ന സാഹചര്യങ്ങളില്‍  താഴ്ന്ന താപസഹിഷ്ണുതയുള്ള ജീവിവര്‍ഗ്ഗങ്ങളെ പിന്തള്ളി, ഉയര്‍ന്ന താപസഹിഷ്ണുതയുള്ള ജീവിവര്‍ഗ്ഗങ്ങള്‍ സ്ഥാനം പിടിക്കുന്ന അവസ്ഥയുണ്ടാകുന്നു. ക്രമമായി ചൂടേറിവരുന്ന സാഹചര്യങ്ങളിലാകട്ടെ,  ആവാസവ്യവസ്ഥകളിലെ വിവിധ സ്പീഷീസുകള്‍ പിന്തള്ളപ്പെട്ട് പുതിയവ  സ്ഥാനം പിടിക്കുന്ന പ്രവര്‍ത്തനം  ക്രമേണയായിരിക്കും. എന്നാല്‍, താപനിലയില്‍ ദ്രുതമാറ്റം അനുഭവപ്പെടുമ്പോള്‍ സ്വാഭാവിക ജീവിവര്‍ഗ്ഗങ്ങളുടെ  വൈപുല്യം, വൈവിധ്യം എന്നിവയില്‍  ശോഷണമോ  മാറ്റമോ അനുഭവപ്പെടുന്നതായി കാണാം.

സമുദ്രമേഖലകളില്‍ അനുഭവപ്പെടുന്ന താപവ്യതിയാനം മനുഷ്യസമൂഹത്തെ സംബന്ധിച്ചിടത്തോളവും ആശങ്കാജനകമാണ്.  കാരണം, സമുദ്രവിഭവ ലഭ്യതയില്‍ ഉണ്ടാകാനിടയുള്ള ദൗര്‍ലഭ്യം, ശോഷണം എന്നിവ വലിയ ഒരു പരിധിവരെ  സമുദ്രങ്ങളെ ആശ്രയിച്ച്  ഉപജീവിക്കുന്ന ജനവിഭാഗങ്ങളുടെ സാമ്പത്തിക അടിത്തറ ഇളക്കുമെന്നതിനാല്‍ തന്നെ.  ആഗോളതാപനം തുടര്‍ന്നുകൊണ്ടേയിരിക്കുന്ന സാഹചര്യത്തില്‍ ആവാസവ്യൂഹങ്ങളും മനുഷ്യരുള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗങ്ങളും അത്തരം അവസ്ഥാ വിശേഷങ്ങളോട് ക്രമേണ താദാത്മ്യം പ്രാപിച്ചേക്കാം.  എന്നാല്‍, താപനനിരക്കിന്റെ ഗതിവേഗവുമായി താരതമ്യം ചെയ്യുമ്പോള്‍, അത്രയും തന്നെ വേഗത്തില്‍ പ്രസ്തുത സാഹചര്യങ്ങളോട് അനുകൂലനം പ്രാപിക്കാനാവുമോ എന്ന  കാര്യത്തിലാണ് ശാസ്ത്രലോകത്തിന് ആശങ്ക.  

സമുദ്രങ്ങളില്‍ അനുഭവപ്പെടുന്ന ഉഷ്ണതരംഗസാന്നിധ്യം 1982 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ ഏകദേശം ഇരട്ടിയോളമായി വര്‍ധിച്ചിട്ടുണ്ട്.  മാത്രമല്ല, ഇവയുടെ തീവ്രത, വ്യാപനശേഷി എന്നിവയും ഏറിയതായി കാണപ്പെടുന്നു. കാര്‍ബണ്‍ ഉത്സര്‍ജ്ജനതോത് കഴിയുന്നത്ര പരിമിതപ്പെടുത്താത്തപക്ഷം 2050-ഓടെ സമുദ്രത്തിലെ ഉഷ്ണതരംഗരൂപീകരണ സാധ്യത നാല് ദിവസത്തിലൊരിക്കല്‍ എന്നതാവാം; 2100-മാണ്ടോടെ ഈ സാധ്യത രണ്ടു ദിവസത്തിലൊരിക്കല്‍ എന്ന  രീതിയില്‍ വര്ധിക്കാനിടയുണ്ട്. വ്യവസായ വിപ്ലവപൂര്‍വ്വ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന അന്തരീക്ഷകാര്‍ബണ്‍തോത് പ്രകാരമാകട്ടെ,  ഈ സാധ്യത 100  ദിവസത്തിലൊരിക്കല്‍ ആയിരുന്നു!.  

2081-മാണ്ടോടെ ഇത്തരം തീക്ഷ്ണ സാഹചര്യങ്ങളുടെ ആവൃത്തി 20 മുതല്‍ 50 ഇരട്ടി വരെ ആകാന്‍ ഇടയുണ്ട്.  ആഗോളതാപനത്തിന് ആക്കംകൂട്ടുന്ന ഹരിതഗൃഹവാതകഉത്സര്‍ജ്ജനം വെട്ടിക്കുറക്കുന്നതില്‍ എത്രത്തോളം  വിജയിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇവയുടെ ആക്കവും വ്യാപ്തിയും. ഉത്സര്‍ജ്ജനം ഉയര്‍ന്ന തോതില്‍തന്നെ തുടര്‍ന്ന് പോകുന്നപക്ഷം സമീപഭാവിയില്‍ സമുദ്രജലതാപനം ഇന്നുള്ളതിനേക്കാള്‍ പത്തിരട്ടിയോളം വര്‍ദ്ധിക്കാനിടയുണ്ട്.   

എന്താണ് ബ്ലോബ്?

വടക്കേ അമേരിക്കയ്ക്ക് അഭിമുഖമായി കിടക്കുന്ന ശാന്തസമുദ്ര മേഖലയില്‍ വന്‍തോതില്‍ തപ്തജല സാന്നിധ്യം അനുഭവപ്പെട്ട  പ്രതിഭാസമായിരുന്നു 'ബ്ലോബ്'(Blob).  2013 ലാണ് ആദ്യമായി ഈ പ്രതിഭാസം കണ്ടെത്തിയത്.  തുടര്‍ന്ന് 2014, 2015 വര്‍ഷങ്ങളില്‍ ഈ സാഹചര്യം നീണ്ട്  നില്‍ക്കുകയും ചെയ്തു.  2016 സെപ്തംബര് മാസത്തില്‍ ബ്ലോബ് വീണ്ടും പ്രത്യക്ഷപ്പെട്ടതോടെയാണ് 'സമുദ്ര ഉഷ്ണതരംഗം' എന്ന നിലയില്‍ ഈ പ്രതിഭാസം തിരിച്ചറിയപ്പെട്ടത്.  അസാധാരണമായ ഈ തപ്തജലസാന്നിധ്യം വടക്കേ അമേരിക്കയുടെ പസഫിക് സമുദ്രമേഖലയില്‍ കാലാവസ്ഥയില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ പര്യാപ്തമായിരുന്നു. മാത്രമല്ല, പോഷകാംശങ്ങള്‍ തീരെ കുറവായിരുന്ന ഈ ഉഷ്ണജലം സമുദ്രജലജീവികളുടെ നിലനില്പിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.  

തുടക്കത്തില്‍ 800 കിലോമീറ്ററോളം വീതിയും 91 മീറ്റര്‍ ആഴവും മാത്രമുണ്ടായിരുന്ന ഉഷ്ണജലസാന്നിധ്യം 2014 മാസത്തോടെ 1600 കിലോമീറ്റര് നീളം, 1600 കിലോമീറ്റര് വീതി, 91 മീറ്റര്‍ ആഴം എന്നിങ്ങനെയുള്ള മാനങ്ങള്‍ കൈവരിച്ചു.  2014 ഫെബ്രുവരിയില്‍ ബ്ലോബ് അനുഭവപ്പെട്ട മേഖലയിലെ സമുദ്രജലതാപനില ആ സമയത്ത് സാധാരണഗതിയില്‍ അനുഭവപ്പെടുന്ന താപനിലയെക്കാള്‍ 2.5°C   കൂടുതലായിരുന്നു.  ഹവായ് മുതല്‍ അലാസ്‌ക വരെയുള്ള സമുദ്രമേഖലയില്‍ വന്‍ ആവാസവ്യൂഹതകര്‍ച്ചക്കിടയാക്കിയ ഉഷ്ണതരംഗമായിരുന്നു ഇത്. പവിഴപ്പുറ്റുകളുടെ വന്‍നാശം, കടല്‍സിംഹങ്ങള്‍ പോലുള്ള സസ്തനികളുടെ തീരപ്രവേശം, മത്സ്യബന്ധനസ്തംഭനം എന്നിവ അതിന്റെ ഏതാനും ചില അനന്തര ഫലങ്ങള്‍ ആയിരുന്നു. 

സമുദ്രജലതാപനം ഉയരുന്നത് കാലാവസ്ഥാ വ്യൂഹത്തിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്. ''ബ്ലോബ്'' സമുദ്രജലഉഷ്ണതരംഗത്തിന്റെ ഫലമായി കാലിഫോര്‍ണിയ ഉള്‍പ്പെട്ട ഭൂപ്രദേശങ്ങളില്‍ 2014 ല്‍ കഠിനമായ വരള്‍ച്ച അനുഭവപ്പെട്ടു. 1200 വര്‍ഷങ്ങള്‍ക്കിടെ   തല്‍പ്രദേശത്തനുഭവപ്പെട്ട ഏറ്റവും ഭീകരമായ വരള്‍ച്ചയായിരുന്നു അത്.  ഉത്ഭവമേഖല, ഉത്ഭവവര്‍ഷം എന്നിവ ചേര്‍ത്ത് പറഞ്ഞുകൊണ്ടാണ് സമുദ്രോഷ്ണ തരംഗങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നത്.  ഈ സമ്പ്രദായപ്രകാരം 'ഉത്തരപൂര്‍വ്വപസഫിക് 2013 'എന്ന ഉഷ്ണതരംഗമാണ് 'ബ്ലോബ്' എന്ന സാമാന്യ നാമധേയത്തില്‍ അറിയപ്പെടാനിടയായത്. 

സമുദ്രത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് വളരെ കുറഞ്ഞ നിരക്കില്‍ മാത്രം താപം  പ്രസരിക്കുകയും ജലപര്യയനം തീരെ ദുര്ബലമാവുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഉഷ്ണതരംഗസാന്നിധ്യം ഉടലെടുക്കാറുള്ളത്.  സാധാരണഗതിയില്‍ ഒരു അതിമര്‍ദ്ദമേഖല സമുദ്രോപരിതലത്തിന് മുകളില്‍ രൂപംകൊള്ളുന്ന അവസ്ഥയിലാണ് മേല്‍ സൂചിപ്പിച്ച അവസ്ഥാവിശേഷങ്ങള്‍ ഉണ്ടാകാറുള്ളത്.  ഈ അവസ്ഥയില്‍ വാതപ്രേരിത (wind  forced) ജലപ്രവാഹങ്ങള്‍ക്ക് ശക്തികുറയുകയും കാറ്റ് മൂലമുള്ള ജലമിശ്രണം നിലക്കുകയും ചെയ്യുന്നു.   

കരയില്‍ ഉണ്ടാകുന്ന ഉഷ്ണതരംഗങ്ങളെ പോലെ തന്നെ സമുദ്ര ഉഷ്ണതരംഗങ്ങളും വ്യാപക നശീകരണശേഷി ഉള്ളവയാണ്.  ജലതാപനം ഏറുന്നതോടൊപ്പം ജലത്തിലെ വിലയിതഓക്‌സിജനില്‍ കുറവുണ്ടാകുന്നതും സമുദ്രജലഅമ്ലത്വം വര്ധിക്കുമെന്നതുമാണ് താപവര്‍ദ്ധനവിന്റെ ഗുരുതരമായ  പാര്‍ശ്വഫലങ്ങള്‍.

സമുദ്രങ്ങളോട് ചേര്‍ന്നുകിടക്കുന്ന രാഷ്ട്രങ്ങള്‍  പ്രത്യേകിച്ചും,  ഇത്തരം തീക്ഷ്ണസമുദ്രപ്രതിഭാസങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളില്‍ നിന്ന്  വിമോചിതമാവാനിടയില്ല.  പസഫിക് സമുദ്രമേഖല  അസാധാരണമാം വിധം  ചൂടേറുന്ന പ്രതിഭാസമാണ് എല്‍ നിനോ.  പ്രധാനമായും പൂര്‍വ പസഫിക് മേഖലയിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്.  ലോകകാലാവസ്ഥയെ തന്നെ മാറ്റിമറക്കാന്‍ ശേഷിയുള്ള എല്‍ നിനോ എന്ന ഈ പ്രതിഭാസം ലോകത്തിന് ഇന്ന് അപരിചിതമല്ല.  എല്‍ നിനോയെക്കൂടാതെ, താപവര്‍ദ്ധനവിന്റെ ഏറ്റവും പുതിയ ഉപോല്പന്നമാണ് സമുദ്രോപരിതലത്തിലുണ്ടാകുന്ന ഉഷ്ണതരംഗങ്ങള്‍.  അതിശക്ത എല്‍-നിനോ സാഹചര്യത്തെ തുടര്‍ന്നും സാധാരണ ഗതിയില്‍ സമുദ്രോഷ്ണതരംഗങ്ങള്‍ ഉണ്ടാകാറുള്ളത്.

ആവാസ വ്യവസ്ഥകളെ തകിടംമറിക്കും

സമുദ്രത്തിലെ ജൈവമണ്ഡലത്തിന് കനത്ത പ്രഹരമേല്പിക്കുന്ന പ്രതിഭാസമാണ് സമുദ്രജലഉഷ്ണതരംഗം. സമുദ്രത്തിലെ ഉഷ്ണതരംഗങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘാതമേല്പിക്കുന്നത് പവിഴപുറ്റുകളെയും അവയെ ചുറ്റിപ്പറ്റിനില്‍ക്കുന്ന ആവാസവ്യൂഹങ്ങളെയുമാണ്.  ഭൂമിയുടെ വിസ്തീര്‍ണ്ണത്തിന്റെ ദശാംശം ഒന്ന് ശതമാനം മാത്രം വിസ്തൃതിയുള്ളവയാണ് പവിഴപ്പുറ്റുകളുടെ സാമ്രാജ്യമെങ്കിലും 25 ശതമാനത്തോളം സമുദ്രജീവികളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പവിഴപ്പുറ്റുകളെ ആശ്രയിച്ച് നിലകൊള്ളുന്നവയാണ്.  വളരെക്കുറഞ്ഞ താപസഹിഷ്ണുതയുള്ളവയാണ് പവിഴപ്പുറ്റുകള്‍. സ്വാഭാവികമായും ഉഷ്ണതരംഗരൂപത്തില്‍ സമുദ്രജലത്തിലനുഭവപ്പെടുന്ന താപവര്‍ദ്ധനവ് പവിഴപ്പുറ്റുകളെയും അവ ഉള്‍പ്പെട്ട ആവാസവ്യൂഹങ്ങളെയും ബാധിക്കുന്നു.  താപവ്യതിയാനങ്ങളോട് സൂക്ഷമസംവേദന സ്വഭാവം പുലര്‍ത്തുന്ന പവിഴപ്പുറ്റുകളാണ് ഉഷ്ണതരംഗ സാന്നിധ്യം മൂലം ഏറെ പ്രതികൂലമായി ബാധിക്കപ്പെടുന്ന ആവാസ വ്യൂഹങ്ങള്‍.  ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എടുക്കുന്ന പരിണാമ പ്രക്രിയയിലൂടെ ഉത്ഭവിക്കപ്പെട്ട പവിഴപ്പുറ്റുകള്‍ ചൂടിലുണ്ടാകുന്ന അനുക്രമമായ വ്യതിയാനങ്ങളോട് മാത്രം പൊരുത്തപ്പെട്ട് ശീലിച്ച് പോരുന്നവയാണ്.  സ്വാഭാവികമായും, പെട്ടെന്ന് അനുഭവപ്പെടുന്ന അസാധാരണമാംവിധം ഉയര്‍ന്ന താപനില അതിജീവിക്കുവാനുള്ള ശേഷി ഈ ജീവിവര്‍ഗ്ഗങ്ങള്‍ക്കില്ല.  

sea
Photo: AFP

സാധാരണ താപനിലയില്‍ പവിഴപ്പുറ്റുകള്‍  കടല്‍പായലുകളുമായി സഹവര്‍ത്തിത്വം പുലര്‍ത്തുന്നവയാണ്.  എന്നാല്‍, സമുദ്രജലതാപനം വര്‍ധിക്കുന്നസാഹചര്യങ്ങളില്‍ ഈ സഹവര്‍ത്തിത്വം വിച്ഛേദിക്കപ്പെടുന്നു.  പവിഴപ്പുറ്റുകള്‍ കടല്‍ പായലുകളെ പുറംതള്ളുന്നു. ''ബ്ലീച്ചിങ്ങ്'' എന്നറിയപ്പെടുന്ന ഈ പ്രക്രിയ പവിഴപ്പുറ്റുകളുടെ നിലനില്പിനെയും അവ ഉള്‍പ്പെടുന്ന ആവാസ വ്യവസ്ഥാ ക്രമങ്ങളെയും    പ്രതികൂലമായി ബാധിക്കുന്നു.  വെറും 0.5 ഡിഗ്രി സെന്റിഗ്രേഡ് താപവര്‍ധനവില്‍ പോലും പവിഴപ്പുറ്റുകളുടെ ആരോഗ്യകരമായ അവസ്ഥക്ക്  ഭംഗം വരാറുണ്ട്. ഇന്ത്യയോടടുത്ത സമുദ്രമേഖലകളില്‍ പവിഴപുറ്റുകള്‍  കാണപ്പെടുന്നത്  പ്രധാനമായും ആന്‍ഡമാന്‍-നിക്കോബര്‍  ദ്വീപു സമൂഹങ്ങള്‍, ലക്ഷദ്വീപ്, മാന്നാര്‍ ഉള്‍ക്കടല്‍, കച്ച് മേഖല എന്നിവിടങ്ങളിലാണ്.  ഇതിന് പുറമെ ചാഗോസ് (chagos) ദ്വീപ് സമൂഹത്തിനോടടുത്തും പവിഴപ്പുറ്റുകള്‍ ധാരാളമായി കാണപ്പെടുന്നു.  2016 ല്‍ ഉണ്ടായ അതിശക്തമായ എല്‍-നിനോയെ തുടര്‍ന്ന് അനുഭവപ്പെട്ട സമുദ്രോഷ്ണതരംഗം മൂലം അവയുടെ സ്വാഭാവിക പ്രകൃതം നഷ്ടപ്പെടാനിടയായി.  

സാമ്പത്തിക മേഖലയെ സംബന്ധിച്ചിടത്തോളം  പവിഴപുറ്റുമേഖലകളെ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവികസനം ഒരു മികച്ച സാമ്പത്തിക സ്രോതസ്സാണ്. വിനോദസഞ്ചാരമേഖലയെ മാത്രമല്ല  പവിഴപ്പുറ്റുകള്‍ ഉള്‍പ്പെടുന്ന   ആവാസശൃംഖലയുടെ നിലനില്പിനെയാണ് സമുദ്രജല താപനം പ്രതിസന്ധിയിലാക്കുന്നത്. പവിഴപുറ്റുകളുടെ ശോഷണം അവയുള്‍പ്പെടുന്ന ആവാസവ്യൂഹത്തിന്റെ തകര്‍ച്ചയിലേക്കും അതുവഴി അത്തരം  ആവാസവ്യൂഹങ്ങളിലെ വിഭവങ്ങളെ അടിസ്ഥാനമാക്കി ജീവിതംമുന്നോട്ട് നയിക്കുന്ന അര ബില്യണ്‍ വരുന്ന ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗങ്ങളെയും  പ്രതികൂലമായി ബാധിക്കുന്നു. പവിഴപ്പുറ്റുകളുടെ ശോഷണവും നശീകരണവും ജൈവവൈവിധ്യമേഖലക്ക് മാത്രമല്ല സാമൂഹിക/സാമ്പത്തിക  സുരക്ഷക്കും തിരിച്ചടിയാവുന്നത്  ഇപ്രകാരമാണ്.  

സമുദ്രജലത്തില്‍ പെട്ടെന്നുണ്ടാവുന്ന താപവര്‍ദ്ധനവ് പവിഴപ്പുറ്റുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നു എന്ന് മാത്രമല്ല, അവയുടെ പരിപൂര്‍ണ്ണനാശത്തിലേക്കും വഴിവെക്കുന്നു.  പവിഴപ്പുറ്റുകളെ   മാത്രമല്ല, ചെമ്മീന്‍ വര്‍ഗ്ഗത്തില്‍പെട്ട ജീവികള്‍ (crustaceans), ചിപ്പികള്‍, കാക്കകള്‍, പായലുകള്‍ എന്നിവയുടെയും   വ്യാപകനാശത്തിനും വഴിവക്കും. 2014-2016 ല്‍ ഉണ്ടായ സമുദ്രോഷ്ണതരംഗം രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും തീവ്രതയേറിയ ഒന്നായി കണക്കാക്കപ്പെടുന്നു.  ഉഷ്ണതരംഗസാന്നിധ്യത്തെ തുടര്‍ന്ന് ക്രസ്റ്റേഷ്യന്‍ വിഭാഗത്തില്‍പെടുന്ന താപസഹിഷണുത കുറഞ്ഞ 'കോപിപോഡ്സ്'  ഇനത്തില്‍പെട്ട ജീവികള്‍ തണുത്ത സമുദ്രമേഖല തേടി വടക്ക് ദിശയിലേക്ക് പലായനം ചെയ്തു.  തുടര്‍ന്ന് ഇത്തരം ജീവികളെ ഭക്ഷിക്കുന്ന മല്‍സ്യഇനങ്ങളും സമാന ദിശയിലേക്ക് നീങ്ങുകയുമുണ്ടായി. ഇപ്രകാരം പലായനം ചെയ്യുന്ന ജീവികള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യശൃംഖലയിലെ ഇതരജീവിവര്‍ഗ്ഗങ്ങളുടെ കൂട്ട നാശമായിരുന്നു ഇതിന്റെ ഫലം.  

sea
Photo: AP

താപവര്‍ദ്ധനവിന് പ്രാമുഖ്യമേറുന്ന കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങള്‍ സമുദ്രങ്ങളിലും ഭൂമിയിലെ അതിശീതമേഖലകളിലും വ്യക്തമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.വര്ധിതതോതിലുള്ള കാര്‍ബണ്‍ ഉത്സര്‍ജ്ജനത്തിന്റെ പരിണതഫലമെന്നോണം സമുദ്രങ്ങളില്‍ ഉണ്ടാകുന്ന തീക്ഷ്ണവ്യതിയാനങ്ങളും ശക്തിപ്പെടുകയും ഏറിവരികയും ചെയ്യുന്നു. സമുദ്രത്തിലെ ഉഷ്ണതരംഗങ്ങള്‍, കടുത്ത എല്‍-നിനോ സാഹചര്യങ്ങള്‍, അതിതീവ്ര ചുഴലിക്കാറ്റുകള്‍ എന്നിവയുടെ രൂപത്തിലാണ് വര്‍ധിത താപനപ്രത്യാഘാതങ്ങള്‍ സമുദ്രമേഖലയില്‍ പ്രത്യക്ഷീഭവിച്ചുകൊണ്ടിരിക്കുന്നത്.  

സമുദ്രത്തിന് പനിക്കുമ്പോള്‍ പൊള്ളുന്നതാര്‍ക്കൊക്കെ?

പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം സമുദ്രോഷണതരംഗങ്ങള്‍ വ്യാപക സ്വാധീനമുളവാക്കുന്നുണ്ട്.  അമേരിക്കന്‍ ഐക്യനാടുകളുടെ പശ്ചിമതീരങ്ങളോട് അഭിമുഖമായി കിടക്കുന്ന കിഴക്കന്‍ശാന്തസമുദ്ര മേഖലയില്‍ സമുദ്രോപരിതാപനില ചിലഅവസരങ്ങളില്‍ അസാധാരണമാം വിധം ഉയരുന്നതായി കാണപ്പെടാറുണ്ട്.  6.5 മില്യണ്‍ ചതുരശ്രകിലോമീറ്റര് വിസ്തൃതിയില്‍ ഉള്ള സമുദ്രമേഖലയില്‍ അനുഭവപ്പെടുന്ന ഉഷ്ണതരംഗപ്രഭാവം സമുദ്രത്തിലെ ജൈവമേഖലയെ പ്രതിസന്ധിയിലാക്കുമെന്നു മാത്രമല്ല സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ വരള്‍ച്ചക്കും കാരണമാകുന്നു. 

ഉഷ്ണതരംഗങ്ങള്‍ അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍   ഉപരിതലത്തില്‍ നിന്ന് 300  അടിവരെ താഴ്ചയിലുള്ള സമുദ്രജലത്തില്‍ സാധാരണ താപനിലയില്‍ നിന്നും 5  മുതല്‍ 7 ഡിഗ്രി സെന്റിഗ്രേഡ് വരെ വര്‍ധനവ് അനുഭവപ്പെടാറുണ്ട്.  സമുദ്രമേഖല മുന്കാലങ്ങളെക്കാള്‍ കൂടിയ നിരക്കില്‍ ചൂട് പിടിച്ചുകൊണ്ടിരിക്കുകയാണ്.  വ്യവസായവിപ്ലവോത്തര കാലഘട്ടം മുതല്‍ പ്രതി ദശകം 0.6 ഡിഗ്രി സെന്റിഗ്രേഡ് എന്ന നിരക്കില്‍ സമുദ്രോപരിതാപനില വര്‍ധിക്കാനുള്ള പ്രവണതയാനുള്ളത്. സമുദ്രമേഖലയില്‍ ഇപ്രകാരം ചൂടേറുന്ന പക്ഷം സമുദ്രോഷ്ണതരംഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഏറുന്നു.  കടലിലെ ആവാസവ്യൂഹങ്ങള്‍ അവക്ക് അനുകൂലനസാധ്യമായ താപപരിധിയില്‍ ഉത്ഭവിച്ച് നിലകൊള്ളുന്നവയാണ്.  അതില്‍നിന്നും വളരെ നേരിയ തോതിലുള്ള വ്യതിയാനങ്ങളോട് മാത്രമേ  അവക്ക് പൊരുത്തപ്പെട്ട് പോകാനാവൂ.  എന്നാല്‍, ഉഷ്ണതരംഗസാഹചര്യങ്ങള്‍ ഏറുന്നതോടെ മിക്ക ആവാസവ്യൂഹങ്ങളും അവയുടെ അനുകൂലനതാപപരിധിക്ക് പുറത്താവുകയും ക്രമേണ നശിക്കുകയും ചെയ്യുന്നു.   സമുദ്രത്തിലെ ജൈവമേഖലയെ ബാധിക്കുന്നു എന്ന് മാത്രമല്ല, ആഗോളകാലാവസ്ഥയെ തന്നെ നിയന്ത്രിക്കുവാന്‍ കെല്‍പ്പുള്ളവയാണ് സമുദ്രോഷ്ണതരംഗങ്ങള്‍.

ഹരിതഗൃഹപ്രഭാവം മൂലം ഏറുന്ന അന്തരീക്ഷതാപത്തിന്റെ സിംഹഭാഗവും   സമുദ്രങ്ങളാല്‍ ആഗിരണം ചെയ്യപ്പെടുന്നുവെന്ന് സൂചിപ്പിച്ചല്ലോ.  ഇപ്രകാരം ആഗിരണം ചെയ്യപ്പെടുന്ന താപം  സംഭരിതരൂപത്തില്‍  സമുദ്രങ്ങളില്‍ നിലനില്‍ക്കുന്നു.  സമുദ്രങ്ങളിലെ സംഭരിതതാപനില 2018 ല്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 2019   മെയ് മാസത്തില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച അതിതീവ്ര ചുഴലിക്കാറ്റായ ഫാനി (Foni) യുടെ രൂപീകരണത്തിന് പിന്നിലുള്ള ഒരു സാഹചര്യവും സമുദ്രങ്ങളിലെ സംഭരിതതാപം തന്നെയാണ്.    പസഫിക് സമുദ്രത്തിലുണ്ടാകുന്ന സമുദ്രോഷ്ണതരംഗസാന്നിധ്യത്തിലേക്ക് നയിക്കുന്ന മറ്റൊരു കാരണം ആ മേഖലയില്‍ വീശുന്ന അതീവമന്ദഗതിയിലുള്ള കാറ്റുകളാണ്. ചിലപ്രദേശങ്ങളില്‍ മന്ദഗതിയില്‍ വീശുന്നകാറ്റുകള്‍ കാലാവസ്ഥയെ സ്വാധീനിക്കാറുണ്ട്. കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളില്‍ ഉഷ്ണതരംഗസാന്നിധ്യവും ഏറിവരുന്നു.  

സമുദ്രോഷണതരംഗങ്ങളുടെ രൂപീകരണസാഹചര്യങ്ങള്‍, ഭൗതിക സവിശേഷതകള്‍, അവ സൃഷ്ടിക്കുന്ന  പാരിസ്ഥിതിക പ്രത്യഘാതങ്ങള്‍ എന്നിവ വിശകലംചെയ്ത്  പൊതു അവബോധം സൃഷ്ടിക്കാനായാല്‍ ഭാവിയില്‍ ഇവ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ മുന്‍കൂട്ടിതിരിച്ചറിഞ്ഞ്, ബാധിക്കാനിടയുള്ള സമുദ്രമേഖലകളെ സംരക്ഷിക്കാനുള്ള നടപടികള്‍  കൈകൊള്ളാവുന്നതാണ്.

(കേരള കാര്‍ഷിക സര്‍കലാശാലയിലെ കാലാവസ്ഥാ  വ്യതിയാന പഠന ഗവേഷണ അക്കാഡമിയിലെ സയന്റിഫിക് ഓഫീസര്‍ ആണ് ലേഖകന്‍)