ന്യൂഡല്‍ഹി: 'പാരിസ്ഥിതിക ആഘാതപഠന വിജ്ഞാപന കരട് 2020' (EIA 2020) സംബന്ധിച്ച തര്‍ക്കങ്ങള്‍ കോടതിയില്‍ നില്‍ക്കെ ഖനനവ്യവസായത്തിന് പ്രത്യേക ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 'പാരിസ്ഥിതിക ആഘാതപഠന വിജ്ഞാപനം 1994' പ്രകാരം പരിസ്ഥിതി അനുമതി നല്‍കിയ പദ്ധതികള്‍ക്ക് പൊതു ഹിയറിംഗ് ഒഴിവാക്കിക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. 

ഖനന വ്യവസായങ്ങളുടെ പ്രവര്‍ത്തനാനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് വിശദീകരണം. പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച 1994 ലെ ഉത്തരവ് പ്രകാരം അഞ്ചു വര്‍ഷത്തേക്ക് അനുമതി കാലയളവ് ബാക്കിനില്‍ക്കുന്ന ഖനന വ്യവസായങ്ങള്‍ക്ക് 2006ലെ വിജ്ഞാപന പ്രകാരം പാരിസ്ഥിതികാനുമതിക്ക് അപേക്ഷിക്കാം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഇതിനായി വീണ്ടും പൊതുജനങ്ങളുടെ ഹിയറിങ് ആവശ്യമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിലവിലുള്ള പരിസ്ഥിതി നിയമപ്രകാരം ഖനനം, ഹൈവേ, ഊര്‍ജ്ജ നിലയങ്ങള്‍, ഡാമുകള്‍ തുടങ്ങിയവയ്ക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതിന് മുന്‍പായി പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും വിദഗ്ധസമിതി വിശദമായ പഠനം നടത്തുകയും വേണം. ഇതു സംബന്ധിച്ച 1994ലെ വിജ്ഞാപനത്തില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടുള്ള പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം 2020 വിവാദമാകുകയും കോടതി വ്യവഹാരങ്ങളിലേയ്ക്കു നീങ്ങുകയും ചെയ്ത സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്.

Content Highlights: central government can now clear one more kind of mining project without consulting the public