ആലുവ: നൂറു കണക്കിന് മരങ്ങള്‍, അവയുടെ പ്രത്യേകതകള്‍.... ഇവയെ പറ്റി പറയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം. മാതൃഭൂമി സീഡ്- സീസണ്‍ വാച്ച് പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായാണ് പെരിയാറിന്റെ തീരത്തുള്ള ആര്‍ബറേറ്റത്തില്‍ വെച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും 'മരപരിചയം' നേടിയത്.

ഇലയും തൊലിയും പൂവും കായും പരിശോധിച്ച് മരമേതെന്ന് കണ്ടെത്തുവാനുള്ള വിദ്യ ക്യാമ്പില്‍ പകര്‍ന്നു നല്‍കി. തേവര എസ്.എച്ച്. കോളേജ് പ്രൊഫസര്‍ ജിബി കുര്യാക്കോസാണ് സീസണ്‍വാച്ചിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് 'മരപരിചയം' സംബന്ധിച്ച് പറ്റി ക്ലാസ് നയിച്ചത്. 

image
പ്രൊഫസര്‍ ജിബി കുര്യാക്കോസി?ന്റെ ക്ലാസ്.

ആര്‍ബറേറ്റത്തിലെ കുട്ടികാടിലെ തിങ്ങി നിറഞ്ഞ നൂറ് കണക്കിന് മരങ്ങള്‍ക്കിടയിലൂടെയാണ് വിദ്യാര്‍ത്ഥി സംഘം കാടുകാണല്‍ നടത്തിയത്. നാട്ടു മരങ്ങളും കാട്ടു മരങ്ങളും ഫലവൃക്ഷങ്ങളും അടുത്തടുത്ത് നില്‍ക്കുന്നത് കണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അത്ഭുതം. ഓരോ മരവും തൊട്ടു നോക്കി അടുത്തറിഞ്ഞാണ് കുട്ടികൂട്ടം കാടുവിട്ടത്. 

പ്രകൃതി പഠന ക്യാമ്പ് കെ.എം.ആര്‍.എല്‍. എം.ഡി. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. പ്രത്യാശ നല്‍കുന്ന ലോകം സൃഷ്ടിക്കുന്നതിനായി പരിസ്ഥിതി സംരക്ഷണത്തിന് വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. അല്ലാത്ത പക്ഷം നല്ല മണ്ണ്, നല്ല വായു, നല്ല വെള്ളം, നല്ല വെളിച്ചം, നല്ല ഭക്ഷണം എന്നിവ സ്വപ്മായി മാറും. മാലിന്യ കൂമ്പാരത്തില്‍ ജീവശവമായി ജീവിക്കുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍ പച്ചപ്പ് കാത്തു സൂക്ഷിക്കണം -അദ്ദേഹം പറഞ്ഞു.

സീസണ്‍വാച്ച് അനുഭവകുറിപ്പ് വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും ഇതിനോടൊപ്പം നടന്നു. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള 39 സ്‌കൂളുകളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

പ്രൊഫസര്‍ സീതാരാമന്‍, സീസണ്‍വാച്ച് സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ.നിസാര്‍, പ്രതിനിധികളായ ഡോ. ഗീത, സഹിന്‍ഷാ തുടങ്ങിയവര്‍ ക്യാമ്പില്‍ എത്തിയിരുന്നു.