മെതുസെല | Photo-AP
സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തിലെ ഏറ്റവും പ്രായമേറിയ അക്വേറിയം മത്സ്യം സാന്‍ഫ്രാന്‍സിസ്‌കോയില്‍. മെതുസെല എന്ന് പേരിട്ടിരിക്കുന്ന മത്സ്യത്തിന് നാല് അടിയോളം നീളവും 18 കിലോഗ്രാം ഭാരവുമുണ്ട്. ഓസ്‌ട്രേലിയന്‍ ലങ്ഫിഷ് വിഭാഗത്തില്‍ പെടുന്നതാണ് മത്സ്യം. 1938 ലാണ് ഓസ്‌ട്രേലിയയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് മെതുസെല എത്തുന്നത്.
മെതുസെലയ്ക്ക് 90 വയസ്സ് പ്രായമുണ്ടെന്നാണ് കരുതപ്പെടുന്നത്. ചിക്കാഗോയിലെ ഷെഡ്ഡ് അക്വേറിയത്തിലും ഓസ്‌ട്രേലിയന്‍ ലങ്ഫിഷ് വിഭാഗത്തില്‍ പെടുന്ന മത്സ്യമുണ്ടായിരുന്നു. എന്നാല്‍ 2017 ല്‍ 95 വയസ്സുള്ളപ്പോള്‍ ഗ്രാന്‍ഡ് ഡാഡ് എന്ന് പേരിട്ടിരുന്ന ഈ മത്സ്യം മരണത്തിന് കീഴടങ്ങി. ഇതോടെയാണ് റെക്കോഡ് മെതുസെല സ്വന്തമാക്കുന്നത്. എന്നാല്‍ മെതുസെല ഏത് ലിംഗത്തില്‍ പെടുന്ന മത്സ്യമാണെന്ന് കണ്ടെത്തിയിട്ടില്ല.
ലിംഗ നിര്‍ണയത്തിനും യഥാര്‍ത്ഥ പ്രായം കണ്ടെത്തുന്നതിനുമായി മീന്‍ ചിറകിന്റെ സാമ്പിള്‍ ഓസ്‌ട്രേലിയയിലെ ഗവേഷകര്‍ക്ക് അയച്ചു കൊടുക്കാനിരിക്കുകയാണ് അധികൃതര്‍. നിലവില്‍ വംശനാശ ഭീഷണി നേരിടുന്നവയാണ് ഓസ്‌ട്രേലിയന്‍ ലങ്ഫിഷ്. അതിനാല്‍ മെതുസെലയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് ഗവേഷകര്‍.
നോഹയുടെ മുത്തച്ഛന്റെ പേര് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് മെതുസെലയെന്നാണ്. 969 വയസ്സ് വരെ അദ്ദേഹം ജീവിച്ചിരുന്നതായാണ് പറയുന്നത്.
Content Highlights: world's oldest living aquarium fish in san francisco
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..