പ്രതീകാത്മകചിത്രം| Photo: EPA
തൃശ്ശൂര്‍: പാലക്കാട് ചുരം കടന്ന് പശ്ചിമഘട്ടത്തിനു കിഴക്കുനിന്ന് വീശുന്ന വൃശ്ചികക്കാറ്റിന് സമീപവര്‍ഷങ്ങളില്‍ വേഗം കുറഞ്ഞെന്ന് പഠനം. എന്നാല്‍, ദിശയില്‍ കാര്യമായ മാറ്റംവന്നിട്ടില്ലെന്നും മലയാളികളായ മൂന്നു ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
ഇന്ത്യന്‍ കാലാവസ്ഥാവിഭാഗത്തിന്റെ ഏപ്രിലിലെ 'മോസം' ജേണലില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചു.സി. അച്യുതമേനോന് ഗവ. കോളേജ് സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനായ ഡോ. ഉണ്ണികൃഷ്ണന് തെക്കേപ്പാട്ട്, ഫാറൂഖ് കോളേജില്‍നിന്ന് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവിയായി വിരമിച്ച ഡോ. പി. അനില്‍കുമാര്‍, കേരള കാര്‍ഷികസര്‍വകലാശാല കാലാവസ്ഥാ വ്യതിയാനകേന്ദ്രം ശാസ്ത്രഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ തുടങ്ങിയവരുടെ പഠനമാണ് പ്രസിദ്ധീകരിച്ചത്. പ്രധാനമായും നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള കാലയളവില്‍ വീശുന്നതാണ് വൃശ്ചികക്കാറ്റ്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ കാറ്റിന്റെ വേഗത്തില്‍ കുറവുണ്ടായതായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കാറ്റിന്റെ ദിശയില്‍ മാറ്റമുണ്ടായിട്ടുണ്ടോയെന്ന പഠനം നടത്തിയത്.
ഒരുവര്‍ഷത്തെ നാലു കാലാവസ്ഥാ സീസണുകളായി തിരിച്ചായിരുന്നു പഠനം. ഇതുപ്രകാരം കാറ്റിന്റെ വേഗത്തില്‍ കണ്ടെത്തിയതുപോലുള്ള മാറ്റം ദിശയില്‍ കാണാന്‍ കഴിഞ്ഞില്ല. 198397 കാലഘട്ടത്തിലെയും 20032017 കാലഘട്ടത്തിലെയും കാറ്റിന്റെ ദിശയാണ് പഠനവിധേയമാക്കിയത്.
കാറ്റിന്റെ ദിശയറിയാന്‍
സ്ഥിതിവിവരക്കണക്കിന്റെ സഹായത്തോടെയാണ് ഗവേഷണങ്ങള്‍ ശാസ്ത്രീയവത്കരിക്കുന്നതെന്ന് ഉണ്ണികൃഷ്ണന് തെക്കേപ്പാട്ട് പറഞ്ഞു. ഇതില്‍ത്തന്നെ ശരാശരിയാണ് പ്രയോഗിക്കുക. എന്നാല്‍, ദിശയെപ്പറ്റിയുള്ള പഠനംവരുമ്പോള് ഡിഗ്രി, മിനിറ്റ് തുടങ്ങിയ കോണളവിലേക്കാണ് എത്തുക. ഇത്തരം വിവരങ്ങള്‍ സര്‍ക്കുലര്‍ ഡേറ്റ അല്ലെങ്കില്‍ ഡയറക്ഷണല്‍ ഡേറ്റ എന്ന വിഭാഗത്തിലാണ് പെടുന്നത്. കാറ്റിന്റെ ദിശ ഇത്തരത്തില്‍പ്പെടുന്നു. ബേണ്‍സ്റ്റെയിന്‍ പോളിനോമിയല്‍ എന്ന സങ്കേതമുപയോഗിച്ചാണ് കാറ്റിന്റെ ദിശ വിശകലനംചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വേഗം കുറയുന്നത്
വൃശ്ചികക്കാറ്റിന് വേഗം കുറയുന്നത് ആഗോളതാപനത്തിന്റെ ഭാഗമായുള്ള കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രാദേശിക പ്രതിഫലനമായേ കാണാനാകൂ എന്ന് ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. കൂടുതല്‍ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വേഗം കുറഞ്ഞാല്‍ നേട്ടം
വൃശ്ചികക്കാറ്റിന് വേഗം കുറയുന്നത് കാര്‍ഷികവിളകള്‍ക്ക് ഗുണകരമാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാല കാലാവസ്ഥാ വ്യതിയാനകേന്ദ്രം ശാസ്ത്രഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു.കശുമാവ്, മാവ്, പ്ലാവ്, നെല്ല് എന്നിവയുടെ പരാഗണത്തെ ശക്തിയായ കാറ്റ് ബാധിക്കാറുണ്ട്. ശക്തമായ കാറ്റ് ബാഷ്പീകരണം കൂട്ടും. ഇത് ജലാശയങ്ങള്‍ വേഗം വറ്റാനിടയാക്കും. വിളകള്‍ക്ക് നേരത്തെ ജലസേചനം നടത്തേണ്ടിവരികയും ചെയ്യുമെന്ന് ഡോ. ഗോപകുമാര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..