ന്യൂഡല്‍ഹി: ശക്തമായ കാറ്റ്  ഡല്‍ഹിയിലെ വായുഗുണനിലവാരം തിങ്കളാഴ്ച മെച്ചപ്പെടുത്തിയെങ്കിലും വായുഗുണനിലവാര സൂചികയില്‍ കാര്യമായ മാറ്റങ്ങളുണ്ടായില്ല. ശക്തമായ കാറ്റ് വായു മലിനീകരണം കുറയാന്‍ സഹായകരമാകുന്ന ഘടകമാണ്. ഡല്‍ഹിയില്‍ വായുഗുണനിലവാര തോത് (എ.ക്യു.ഐ) തിങ്കളാഴ്ച 311 ആയിരുന്നുവെങ്കില്‍  ഞായറാഴ്ചയത്‌ 349 ആയിരുന്നു. എന്നാല്‍ കാറ്റിന്റെ വേഗതയില്‍ കുറവുണ്ടായാല്‍ വായു ഗുണനിലവാരം വീണ്ടും പഴയപടിയാകാനുള്ള സാധ്യതയുണ്ട്. 

ഡല്‍ഹിയിലെ വായു ഗുണനിലവാര തോത് കഴിഞ്ഞ ഒരാഴ്ചയായി ശോചനീയമായ അവസ്ഥയില്‍ തന്നെ തുടരുകയാണ്. എന്നാല്‍ തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ അതിശക്തമായ കാറ്റ് ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ചുവെന്നും എന്‍വയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍ പ്രോഗ്രാം ലീഡായ തനുശ്രീ ഗാംഗുലി പറഞ്ഞു. ശക്തമായ കാറ്റ് ചൊവ്വാഴ്ചയും തുടരാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷയും സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് (സഫര്‍) പങ്ക് വെച്ചു. ഇത് വായുഗുണനിലവാരം മെച്ചപ്പെടാന്‍ സഹായകരമാകും.

ബുധനാഴ്ചയോടെ കാറ്റിന്റെ വേഗത കുറയുകയും വായു ഗുണനിലവാര സൂചിക വീണ്ടും മോശം അവസ്ഥയിലേക്ക് പോകാനും സാധ്യതയുണ്ടെന്നും സഫര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് തീരെ മോശം നിലവാരത്തിനുള്ളില്‍ തന്നെ നിലനില്‍ക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ സഫര്‍ അറിയിച്ചു.

Content Highlights: wind affects air pollution in delhi which helps pollutants disperse