മ്ലാവിന്റെ കഴുത്തില്‍  രണ്ട് വര്‍ഷത്തോളമായി കുടുങ്ങിയ ടയര്‍ നീക്കം ചെയ്ത് വനംവകുപ്പുദ്യോഗസ്ഥര്‍. ഇതിനു മുമ്പ് ഒട്ടേറെ തവണ ടയര്‍ നീക്കല്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒടുവില്‍ രണ്ട് വര്‍ഷത്തിനു ശേഷമാണ് നീക്കം ചെയ്യാനായത്. 

2019 ല്‍ ഇവാന്‍സ് പര്‍വത പ്രദേശത്തുള്ള ബിഗ് ഹോണ്‍ ഷീപ്പുകളുടെയും ആടുകളുടെയും എണ്ണമെടുക്കുന്നതിനിടെയാണ് വനംവകുപ്പുദ്യോഗസ്ഥര്‍  കഴുത്തില്‍ ടയര്‍ കുടുങ്ങിയ നിലയില്‍ മ്ലാവിനെ ആദ്യം കാണുന്നത്. 

എന്നാല്‍ ജനവാസ മേഖലയില്‍ നിന്നും മനുഷ്യരില്‍ നിന്നും അകന്ന് ജീവിക്കുന്ന ഇവയ്ക്കടുത്തേക്ക് എത്തുക പ്രയാസമായിരുന്നു. അതുകൊണ്ടുതന്നെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ മ്ലാവിനെ കണ്ടെത്തുന്നതും അതിനെ സമീപിക്കുന്നതിനും വനപാലകര്‍ക്ക് ഏറെ ശ്രമിക്കേണ്ടി വന്നു. രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് വര്‍ഷം വേണ്ടി വന്നതും ഇക്കാരണം കൊണ്ടാണ്. 

ക്യാമറകള്‍ ഉള്‍പ്പടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇതിനെ നിരീക്ഷിച്ചുവരികയായിരുന്നു. കഴുത്തിലെ ടയര്‍ ഭക്ഷണം കഴിക്കുന്നതിനും വെള്ളംകുടിക്കുന്നതിനും മ്ലാവിന് തടസമായിരുന്നില്ല. എന്നാല്‍ മരക്കൊമ്പുകള്‍ക്കിടയിലും വേലികളിലും കുടുങ്ങിപ്പോവാനിടയുണ്ടെന്ന് ആശങ്കയുണ്ടായിരുന്നു. 

കഴിഞ്ഞയാഴ്ചയാണ് ഈ മ്ലാവിനെ പിടികൂടി ശാന്തമാക്കി ടയര്‍ നീക്കം ചെയ്യാന്‍ വനപാലകര്‍ക്ക് സാധിച്ചത്. മൂന്ന് തവണ ടയര്‍നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സമീപത്ത് മറ്റ് മ്ലാവുകള്‍ ഉണ്ടായിരുന്നതും മറ്റ് പ്രതികൂല സാഹചര്യങ്ങളും കാരണം ആ ശ്രമങ്ങള്‍ പരാജയപ്പെട്ടു. നാലാമത്തെ ശ്രമമാണ് വിജയം കണ്ടത്.  

നാല് വയസ് പ്രായമുള്ള മ്ലാവിന് ഏകദേശം 273 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ടയര്‍ നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൊമ്പുകള്‍ മുറിക്കേണ്ടി വന്നു. ചപ്പുചവറുകളും ടയറിനുള്ളില്‍ നിറഞ്ഞിരുന്നു. ടയര്‍ കുടുങ്ങിയ ഭാഗത്തെ രോമം നഷ്ടപ്പെട്ടതും ചെറിയ മുറിവുണ്ടായതുമല്ലാതെ കാര്യമായ പരിക്കുകളൊന്നും മ്ലാവിന് ഉണ്ടായിരുന്നില്ല.