ആലപ്പുഴ: കേരളത്തിന്റെതീരത്ത് തിമിംഗിലങ്ങള്‍ ചത്തടിയുന്നതും മീന്‍പിടിത്തവലകളില്‍ ജീവനോടെ അകപ്പെടുന്നതും കൂടുന്നു. കണ്ണൂര്‍മുതല്‍ കൊല്ലംവരെയുള്ള ഭാഗത്ത് ഇത്തരം നാലുസംഭവങ്ങളാണു രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടായത്.

ആലപ്പുഴയിലെ ആറാട്ടുപുഴ, ഒറ്റമശ്ശേരി എന്നിവിടങ്ങളിലും കണ്ണൂര്‍ അഴീക്കലിലുമാണു തിമിംഗിലങ്ങളുടെ ജഡം കരയ്ക്കടിഞ്ഞത്. കൊല്ലം അഴീക്കലില്‍ മീന്‍പിടിത്ത ബോട്ടിന്റെ വലയില്‍ ജീവനോടെ കുടുങ്ങുകയുംചെയ്തു. അടുത്തടുത്തുണ്ടായ ഈ സംഭവങ്ങളെത്തുടര്‍ന്ന്, കേരളതീരത്ത് തിമിംഗില സാന്നിധ്യം കൂടുന്നെന്ന നിഗമനത്തിലാണു ഗവേഷകര്‍.

ഇതുസംബന്ധിച്ച് വിശദമായപഠനം നടത്താനൊരുങ്ങുകയാണു കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ്. വകുപ്പുമേധാവി പ്രൊഫ. എ. ബിജുകുമാറിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞത്തു സ്ഥാപിച്ച ഹൈഡ്രോഫോണില്‍ രണ്ടുമാസംമുന്‍പ് നീലത്തിമിംഗിലത്തിന്റെ ശബ്ദം ഗവേഷകര്‍ രേഖപ്പെടുത്തിയിരുന്നു.

whale caracass
തമിഴ്നാട് തീരത്തടിഞ്ഞ തിമിംഗല ജഡം | ANI

സഞ്ചാരം ദിശതെറ്റിയാല്‍

ആഴക്കടലില്‍ ജീവിക്കുന്ന തിമിംഗിലങ്ങള്‍ അവ പുറപ്പെടുവിക്കുന്ന അള്‍ട്രാ സൗണ്ട് തരംഗങ്ങളുടെ സഹായത്താല്‍ സ്ഥാനനിര്‍ണയം (ഇക്കോ ലൊക്കേഷന്‍) നടത്തിയാണു സഞ്ചരിക്കുന്നത്.

ദിശതെറ്റിയുള്ള സഞ്ചാരത്തിനിടെയാണു പലപ്പോഴും ആഴക്കടലില്‍നിന്ന് തീരമേഖലയില്‍ എത്തിപ്പെടുന്നത്. കപ്പല്‍ ഇടിച്ചോ അതിന്റെ പ്രൊപ്പല്ലര്‍ തട്ടി പരിക്കേറ്റോ തിമിംഗിലങ്ങള്‍ ചാകാറുണ്ട്.

വിഷബാധ, പരാദജീവികളുടെ ആക്രമണം എന്നിവയും തിമിംഗിലങ്ങളുടെ മരണത്തിനു കാരണമാകാറുണ്ട്.

നീലത്തിമിംഗിലവും

കേരളതീരത്ത് ആദ്യമായി നീലത്തിമിംഗിലങ്ങളുടെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞതു രണ്ടുമാസം മുന്‍പാണ്. വിഴിഞ്ഞംഭാഗത്തെ ആഴക്കടലില്‍ സ്ഥാപിച്ച ഹൈഡ്രോഫോണിലാണു തിമിംഗിലശബ്ദം രേഖപ്പെടുത്തിയത്.