പ്രതീകാത്മക ചിത്രം | Photo: Gettyimages
ഇക്കുറി പക്ഷികളുടെ കണക്കെടുപ്പില്‍ (Great Backyard Bird Count) ഏറ്റവുമധികം പക്ഷിവിഭാഗങ്ങളെ കണ്ടെത്തിയത് പശ്ചിമബംഗാളില്‍. ഗ്രേറ്റ് ബാക്കിയാര്‍ഡ് ബേര്‍ഡ് കൗണ്ടിലാണ് (ജിബിബിസി) ഇത്രയും പക്ഷിവിഭാഗങ്ങള്‍ സംസ്ഥാനത്ത് രേഖപ്പെടുത്തപ്പെട്ടത്. കേന്ദ്ര ഭരണ പ്രദേശങ്ങളിലും 35 സംസ്ഥാനങ്ങളിലുമായി ഫെബ്രുവരി 17 മുതല്‍ 30 വരെയാണ് കണക്കെടുപ്പ് നടന്നത്. അതേ സമയം പക്ഷികളുമായി ബന്ധപ്പെട്ട് സമഗ്രവിവരങ്ങള്‍ രേഖപ്പെടുത്തിയത് കേരളത്തിലാണെന്ന് ബേര്‍ഡ് കൗണ്ട് ഓഫ് ഇന്ത്യയുടെ (ബിസിഐ) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജിബിബിസി 2023-ല്‍ പങ്കെടുത്ത 190 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷി നിരീക്ഷകര്‍, വിദ്യാര്‍ഥികള്‍, പരിസ്ഥിതി സ്‌നേഹികള്‍ എന്നിവര്‍ കണക്കെടുപ്പില്‍ പങ്കാളികളായി. പക്ഷികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഇ-ബേര്‍ഡ് എന്ന വെബ്‌സൈറ്റില്‍ ഇതുവരെ 46,000 ഓളം സമഗ്രവിവരങ്ങളും 1,067 പക്ഷി വിഭാഗങ്ങളെയും രേഖപ്പെടുത്തിയെന്ന് ബിസിഐയുടെ പ്രാഥമിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പശ്ചിമ ബംഗാളില്‍ 489 പക്ഷി വിഭാഗങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തി. 426 പക്ഷിവിഭാഗങ്ങളുമായി രണ്ടാം സ്ഥാനത്ത് ഉത്തരാഖണ്ഡാണ്. അരുണാചല്‍ പ്രദേശ് (407), അസം (397), കര്‍ണാടക (371) എന്നിങ്ങനെ പോകുന്നു കണക്കുകള്‍. എട്ടും ഒന്‍പതും സ്ഥാനങ്ങളില്‍ തമിഴ്‌നാടും കേരളവുമാണ്. 349 പക്ഷി വിഭാഗങ്ങളെ തമിഴ്‌നാട്ടില്‍ കണ്ടെത്തിയപ്പോള്‍ കേരളത്തില്‍ കണ്ടെത്തിയത് 325 പക്ഷി വിഭാഗങ്ങളെയാണ്.
പക്ഷികളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ അപ്ലോഡ് ചെയ്ത സംസ്ഥാനങ്ങളില്‍ പക്ഷേ മുന്‍പന്തിയില്‍ കേരളമാണ്. 9,768 പട്ടികകള്‍ കേരളത്തിന്റേതായുള്ളപ്പോള്‍ മഹാരാഷ്ട്രയുടേതായി 7,414 പട്ടികകളുണ്ട്. 6,098 പട്ടികകളുമായി മൂന്നാം സ്ഥാനത്ത് തമിഴ്‌നാടാണ്. നഗരങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളിലേക്ക് പക്ഷികള്‍ ഏറിയ പങ്കും ചേക്കേറുന്നതായി ജിബിബിസിയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പൂണെയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത് 5,900 പട്ടികകളാണ്. നഗരപ്രദേശത്ത് നിന്നും ഏറ്റവുമധികം പട്ടികകള്‍ അപ്ലോഡ് ചെയ്തതും പൂണെയില്‍ നിന്നാണ്. അമേരിക്കയ്ക്ക് ശേഷം പക്ഷികളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ ഏറ്റവുമധികം അപ്ലോഡ് ചെയ്ത രാജ്യം ഇന്ത്യയാണ്. 1998-ലാണ് ജിബിബിസി ആരംഭിക്കുന്നത്. രാജ്യത്ത് ജിബിബിസിക്ക് നേതൃത്വം നല്‍കുന്നത് ബേര്‍ഡ് കൗണ്ട് ഇന്ത്യയാണ്.
Content Highlights: west bengal records most species in great backyard bird count 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..