സെറോപെയ്ൽസ് അനഘെ, സെറോപെയ്ൽസ് കേരളെൻസിസ്
ചിലന്തികളെ ഭക്ഷണമാക്കുന്ന അപൂര്‍വ ജനുസ്സില്‍പെടുന്ന രണ്ടിനം കടന്നലുകളെ കണ്ടെത്തി വര്‍ഗീകരിച്ചു. സെറോപെയ്ല്‍സ് അനഘെ, സെറോപെയ്ല്‍സ് കേരളെന്‍സിസ് എന്നിങ്ങനെയാണ് കടന്നലുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. സാംപിളുകള്‍ ശേഖരിക്കുന്നതാണ് ആദ്യപടി. പിന്നീട് നിലവിലുള്ള കടന്നലുകളുടെ ജനുസ്സുമായി താരതമ്യപ്പെടുത്തും. ഇവയുമായി യാതൊരു തരത്തിലും ബന്ധം പുലര്‍ത്താത്തവ പുതിയ വിഭാഗങ്ങളായി പ്രഖ്യാപിക്കപ്പെടും. ചിലന്തികളെ ഭക്ഷണമാക്കി വളരുന്ന പോംപൈലിഡെ കുടുംബത്തില്‍, സെറോപെയ്ല്‍സ് എന്ന ജീനസില്‍ ഉള്‍പ്പെടുന്നവയാണ് ഇവ. പ്രിഡേറ്ററി വാസ്പില്‍പെടുന്നവയാണ് പുതിയ ഇനം കടന്നലുകള്‍. പുതിയ രണ്ടിനും കടന്നലുകളെയും കണ്ടെത്തിയതിന് ശേഷം മൂന്ന് വര്‍ഷമെടുത്തു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍.
അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണമായ 'സൂടാക്‌സ'യിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സെറോപെയ്ല്‍സ് അനഘെയെ കേരളം, തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ശേഖരിച്ചത്. പിഎച്ച്ഡി റിസര്‍ച്ച് സ്‌കോളറായ അനഘയുടെ സഹായവും ഇതിന് ലഭിച്ചിരുന്നു. അതിനാലാണ് കടന്നലിന് സെറോപെയ്ല്‍സ് അനഘെ എന്ന് പേര് നല്‍കിയിരിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് സെറോപെയ്ല്‍സ് കേരളെന്‍സിസിനെ ലഭിക്കുന്നത്.
പുതിയ വര്‍ഗങ്ങളെ കണ്ടെത്തുന്ന സമയത്ത് ഒന്നിലധികം സ്‌പെസിമെനുകളുടെ സാന്നിധ്യമുണ്ടാകും. അതില്‍ വിശദീകരിക്കാന്‍ ഏറ്റവും നല്ല സ്‌പെസിമെന്‍ തിരഞ്ഞെടുക്കും. ഇതിനെ ഹോളോടൈപ്പ് എന്നാണ് അറിയപ്പെടുക. ബാക്കിയെല്ലാം പാരാടൈപ്പുകളാണ്. സെറോപെയ്ല്‍സ് കേരളെന്‍സിസിന്റെ ഹോളോടൈപ്പ് കേരളത്തില്‍ നിന്നുമാണ് ലഭിച്ചത്. ഇത്തരത്തിലാണ് കടന്നലിന് പേരിനൊപ്പം കേരളെന്‍സിസ് എന്ന് വന്നത്. കടന്നലുകള്‍ക്ക് പ്രകൃതിയില്‍ പ്രാധാന്യമുണ്ടെന്ന് പറയുന്നു കടന്നലുകളെ കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പുതിയ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചതുമായ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോഴിക്കോട് കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. പി. ഗിരീഷ് കുമാര്‍.
"പ്രകൃതിയില്‍ കടന്നലുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പരാഗണം, ജൈവ കീട നിയന്ത്രണം എന്നിങ്ങനെ രണ്ടു പ്രധാന പങ്കുകള്‍ പ്രകൃതിയില്‍ കടന്നലുകള്‍ വഹിക്കുന്നുണ്ട്." ഡോ.പി.ഗിരീഷ് കുമാര്‍
പാരസെറ്റിക് വാസ്പ് (പരാദ കടന്നല്‍), പ്രിഡേറ്ററി വാസ്പ് എന്നിങ്ങനെ രണ്ടു വിഭാഗത്തിലാണ് കടന്നലുകളെ കാണാന്‍ കഴിയുക. പ്രിഡേറ്ററി വാസ്പുകള്‍ മറ്റു ജീവിവിഭാഗങ്ങളെയാണ് ആഹാരമാക്കുക. കീടങ്ങളുടെ ലാര്‍വ, ചിലന്തി തുടങ്ങിയവയാണ് ആഹാരത്തില്‍ ഉള്‍പ്പെടുക. ചിലന്തികളുടെ എണ്ണത്തില്‍ ഈ വിഭാഗത്തില്‍പെടുന്ന കടന്നലുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പരാദ കടന്നലുകള്‍ അഥവാ പാരസെറ്റിക് വാസ്പുകള്‍ മറ്റു ജീവി വര്‍ഗങ്ങളുടെ ദേഹേേത്താ പുറത്തോ ആകും മുട്ടയിടുക. കുഞ്ഞന്‍ കടന്നലുകള്‍ വളരുമ്പോള്‍ ഈ ജീവികളെയാണ് ആഹാരമാക്കുക. അതിനാലാണ് ഇവ പരാദ കടന്നലുകളെന്നറിയപ്പെടുന്നത്. ജൈവ കീടനിയന്ത്രണത്തിലുള്ള കടന്നലുകളുടെ പങ്ക് ഇതാണ്.
'ഒരേ ജനുസ്സില്‍പ്പെടുന്നവയായതിനാല്‍ പുതിയ രണ്ടിനം കടന്നലുകള്‍ക്ക് ഒറ്റനോട്ടത്തില്‍ സാമ്യത തോന്നുമെന്നും ഗവേഷകര്‍ പറയുന്നു'
20 വര്‍ഷത്തോളമായി കടന്നലുകളെ കുറിച്ച് പഠനം നടത്തുകയാണ് ഡോ. പി..ഗിരീഷ് കുമാര്‍. ജീവികളെ കുറിച്ച് പഠനം നല്‍കുന്ന സന്തോഷമാണ് ഈ മേഖല തിരഞ്ഞെടുക്കുന്നതിന് പിന്നിലെ കാരണമെന്നും അദ്ദേഹം പറയുന്നു. കടന്നലുകളുടെ എണ്ണം വ്യാപകമായതിനാല്‍, ഇവയുടെ എത്ര വിഭാഗത്തെയാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നും ഡോ. പി. .ഗിരീഷ് കുമാര്‍ പറയുന്നു. മടപ്പള്ളി ഗവണ്മെന്റ് കോളേജ് സുവോളജി വിഭാഗം സീനിയര്‍ റിസര്‍ച്ച് ഫെലോ കെ. അഞ്ജു, സുവോളജി വിഭാഗം അധ്യാപകന്‍ ഡോ. പി. തേജസ്സ്, ചേളന്നൂര്‍ എസ്.എന്‍. കോളേജ് സുവോളജി വിഭാഗം അധ്യാപകന്‍ ഡോ. സി. ബിനോയ് എന്നിവരുള്‍പ്പെട്ട ഗവേഷണസംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.
Content Highlights: wasp who feed on spiders have been found in kerala too


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..