പശ്ചിമഘട്ടമേഖലയിൽ മാത്രം കാണപ്പെടുന്ന ഇവ പീച്ചി മേഖലയിൽ ധാരാളമുണ്ട് | ഫോട്ടോ:സന്ദീപ് ദാസ്
മഴ കനത്തപ്പോള്‍ പട്ടത്തിപ്പാറയുടെ വശ്യതയേറി. സഞ്ചാരികളുടെ എണ്ണവും കൂടി. എന്നാല്‍ തത്കാലം ജലസമൃദ്ധിയുടെ കാഴ്ചയ്ക്ക് ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് വനംവകുപ്പ്. പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ് പട്ടത്തിപ്പാറ വെള്ളച്ചാട്ടമേഖല. ഈ മേഖലയില്‍ പാതാളത്തവളകളെ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. പാതാളത്തവളകളുടെ പ്രജനനസമയമാണിത്. സഞ്ചാരികളുടെ ചവിട്ടേറ്റ് അവ ചത്തുപോകുന്നത് തടയാനാണ് നിരോധനം.
ജീവിതകാലയളവില്‍ ഭൂരിഭാഗവും മണ്ണിനടിയില്‍ കഴിയുന്ന പാതാളത്തവളകള്‍ മണ്സൂണ്സമയത്ത് പ്രത്യുത്പാദനത്തിന് മാത്രമായാണ് രണ്ടാഴ്ചയോളം പുറത്തേക്കുവരുന്നത്. ഈ സമയത്ത് സന്ദര്‍ശകരുടെ ചവിട്ടേറ്റ് നിരവധി തവളകളാണ് ചത്തുപോകുന്നത്. വാല്മാക്രിഘട്ടം കഴിഞ്ഞാല്‍ നേരെ മണ്ണിനടിയിലേക്ക് പോകുന്ന ഇവയ്ക്ക് മാവേലിത്തവള എന്ന പേരുകൂടിയുണ്ട്.
പശ്ചിമഘട്ടമേഖലയില്‍ മാത്രം കാണപ്പെടുന്ന ഇവ പീച്ചി മേഖലയില്‍ ധാരാളമുണ്ട്. ഉരഗ-ഉഭയജീവികളുടെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് ഇവയെ കണ്ടെത്തിയത്.
കഴിഞ്ഞവര്‍ഷം മുതല്‍ പാതാളത്തവളയുടെ സംരക്ഷണത്തിന് വനംവകുപ്പ് കാര്യമായ ശ്രദ്ധ നല്‍കിയിരുന്നു. ജീവനക്കാരെ മേഖലയില്‍ നിയോഗിക്കുകയും സഞ്ചാരികളെ ബോധവത്കരിച്ച് തിരിച്ചയയ്ക്കുകയും ചെയ്തു. എന്നിട്ടും നിലയ്ക്കാത്ത സന്ദര്‍ശകപ്രവാഹം തുടര്‍ന്നപ്പോഴാണ് ഇക്കൊല്ലം കര്‍ശനനടപടികളിലേക്ക് കടന്നത്. പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചര്‍ പി. രാജീവ്, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ പി.കെ. ലോഹിതാക്ഷന് എന്നിവരുടെ നേതൃത്വത്തിലാണ് വനംവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍.
പട്ടത്തിപ്പാറ വെള്ളച്ചാട്ടം വിനോദസഞ്ചാരമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സംരക്ഷിത വനമേഖലയിലേക്ക് വനംവകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ആരെങ്കിലും പ്രവേശിച്ചാല്‍ ഒരുവര്‍ഷംമുതല്‍ അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. 1000 മുതല്‍ 5000 രൂപ വരെ പിഴയും അടയ്ക്കേണ്ടിവരും. പാതാളത്തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..