തവിടിൽനിന്നു നിർമിച്ച പ്ലേറ്റുകളുമായി വിനയ് ബാലകൃഷ്ണൻ
കൊല്ലം: പരിസ്ഥിതിസൗഹൃദ പ്ലേറ്റ് നിർമാണം എന്ന സംരംഭവുമായി ഇറങ്ങിത്തിരിച്ച വിനയ് ബാലകൃഷ്ണൻ മൂന്നുമാസമാണ് ബാങ്കുകൾ കയറിയിറങ്ങിയത്. വായ്പതരാൻ പറ്റില്ലെന്ന് ഒരു ബാങ്ക് കത്ത് നൽകി. മറ്റു രണ്ടു ബാങ്കുകളിലും കയറിയിറങ്ങി മടുത്തപ്പോഴാണ് എം.എസ്.എം.ഇ. ചാമ്പ്യൻസ് എന്ന പോർട്ടൽ തുടങ്ങിയ വാർത്ത ശ്രദ്ധയിൽപ്പെടുന്നത്. അങ്ങനെയാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത്.
24 മണിക്കൂറിനുള്ളിൽ റഫറൻസ് നമ്പർ കിട്ടി. അടുത്ത 24 മണിക്കൂറിനുള്ളിൽ ബാങ്കുകളിൽനിന്ന് വിളിയും വന്നു. വായ്പ എത്രവേണം എന്നായി. കാക്കനാട് സ്വദേശിയായ വിനയ് അങ്ങനെ അങ്കമാലിയിൽ ഗോതമ്പുതവിടിൽനിന്ന് പ്ലേറ്റ് ഉണ്ടാക്കി വിൽപ്പനയും തുടങ്ങി. തരാൻ പറ്റില്ലെന്നു കത്തെഴുതിയ ബാങ്കിന് പിഴശിക്ഷയും കിട്ടി. കഴിഞ്ഞ ദിവസം ഇക്കാര്യം പരാമർശിച്ച് മാതൃഭൂമിയിൽ വ്യവസായവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറുടെ ലേഖനം വന്നതോടെ വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്.
''അങ്കമാലിയിലെ മില്ലുകളിൽനിന്നുതന്നെ എനിക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭിക്കും. ഒരു മാസം 7000 ടൺ അവശിഷ്ടമാണ് ഇവിടെനിന്നു ലഭിക്കുന്നത്. ഇതുപയോഗിച്ചുണ്ടാക്കുന്ന ഈ പ്ലേറ്റിൽ ഒരു മണിക്കൂർ ഭക്ഷണം വിളമ്പിവെക്കാം. പിന്നെ കറിയുംകൂട്ടി വേണമെങ്കിൽ പ്ലേറ്റ് തിന്നാം. പശുവിനു കൊടുക്കാം. അല്ലെങ്കിൽ വളമാക്കാം. ആന്ധ്രയിൽനിന്നു കൊണ്ടുവരുന്ന അരിപ്പൊടി അവശിഷ്ടത്തിൽനിന്ന് സ്ട്രോയും ചോള സ്റ്റാർച്ചിൽനിന്ന് കാരി ബാഗുമൊക്കെ ഉണ്ടാക്കുന്ന പദ്ധതിയുമുണ്ട്. ഇത്തരം പുതിയ ആശയങ്ങളായതുകൊണ്ടാണ് ബാങ്കുകൾ വായ്പതരാൻ മടിക്കുന്നത്. എം.എസ്.എം.ഇ. പ്രകാരം രജിസ്റ്റർ ചെയ്തതാണെങ്കിൽ ചാമ്പ്യൻസ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യാം. അപ്പോഴും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. സർക്കാർകാര്യം മുറപോലെതന്നെയായിരിക്കും എന്നാണു വിചാരിച്ചത്. എന്നാൽ ശരിക്കും ഞെട്ടിച്ചുകൊണ്ടായിരുന്നു നടപടികൾ. നമ്മൾ ഇവിടെ വലിയ പരിസ്ഥിതിസൗഹൃദം പറയുമെങ്കിലും ഉത്തരേന്ത്യക്കാരാണ് ഈ ഉത്പന്നം വാങ്ങുന്നതെന്നത് മറ്റൊരു കാര്യം”-വിനയ് പറഞ്ഞു.
Content Highlights: vinay balakrishnan produces environment friendly plates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..