ബെയ്ജിങ്: ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ എന്നാണല്ലോ. ഇത് ശരിവെയ്ക്കുന്ന ഒരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം ചൈനയിലെ ചോങ്‌സുവോ തെരുവ് സാക്ഷ്യം വഹിച്ചത്. ജയില്‍ ചാട്ടത്തെ വെല്ലുന്ന മതില്‍ ചാട്ടമാണ് തെരുവില്‍ നടന്നത്.

എന്നാല്‍ ഇവിടെ മതില്‍ ചാടിയത് 80 ഓളം വരുന്ന ഒട്ടകപ്പക്ഷികളാണ്. പക്ഷിഫാമില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന ഒട്ടകപ്പക്ഷികളുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഫാമിലെ പക്ഷിക്കൂട് അധികൃതര്‍ പൂട്ടാന്‍ മറന്ന് പോയതാണ് വിനയായത്. ഒട്ടകപ്പക്ഷികള്‍ രക്ഷ തേടി പരക്കം പായുന്ന കാഴ്ച കണ്ട അമ്പരിപ്പിലായിരുന്നു പ്രദേശവാസികള്‍. എന്നാല്‍ രക്ഷതേടല്‍ നാടകത്തിന് അന്ത്യം കുറിച്ചു പോലീസ് ഒട്ടകപ്പക്ഷികളെ തിരികെ ഫാമിലെത്തിക്കുകയായിരുന്നു.

Content Highlights: video of ostrich jumping from a bird farm in china goes viral