കാന്‍ബെറ: ഡ്രൈവ് ഇന്‍ ബീച്ചായ ബ്രൂംസ് കേബിള്‍ ബീച്ചിലെ വാഹനങ്ങളുടെ സാന്നിധ്യം കടലാമകളുടെ മുട്ടയിടലിനെ ബാധിക്കുന്നതായി കണ്ടെത്തല്‍. ഇതേ കാരണം ചൂണ്ടിക്കാട്ടി ബീച്ചില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യം യാവ്യൂരു പാര്‍ക്ക് കൗണ്‍സില്‍ മുമ്പോട്ട് വെച്ചു. നിലവില്‍ ബീച്ചിന്റെ നടത്തിപ്പു ചുമതല യാവ്യൂരു പാര്‍ക്ക് കൗണ്‍സിലിനാണ്. വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകുമെന്ന് യാവ്യൂരു പാര്‍ക്ക്‌സ് കോര്‍ഡിനേറ്റര്‍ വില്‍ ബെനറ്റ് പറഞ്ഞു. നിരോധനമേര്‍പ്പെടുത്തുന്നത് വാഹനങ്ങള്‍ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളില്‍ നിന്ന് 80 ശതമാനത്തോളം വരുന്ന മുട്ടകളെയും സംരക്ഷിക്കുമെന്ന് കരുതപ്പെടുന്നു. കടലാമകള്‍ ഏറ്റവും കൂടുതല്‍ അടയിരിക്കുന്ന സമയം ഡിസംബര്‍ മാസമാണ്. ഡിസംബറും തുടര്‍ന്നു വരുന്ന ജനുവരി മാസവും കാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നത് 80 ശതമാനത്തോളം മുട്ടകള്‍ക്ക് സംരക്ഷണമേകുന്നെന്നാണ് കരുതപ്പെടുന്നത്. ആളുകളും ബഹളങ്ങളും ഒഴിയുന്ന സമയമെന്നതിനാലാണ് ഈ സമയം കടലാമകള്‍ മുട്ട വിരിയിക്കാനായി തിരഞ്ഞെടുക്കുന്നത്. ഗ്രീന്‍ സീ ടര്‍ട്ടിലുകള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പ്രദേശം കൂടിയാണിത്.

25 കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ബീച്ച് ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്നടക്കം നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ടൂറിസം കേന്ദ്രം കൂടിയാണ്. അന്തരീക്ഷത്തിലെ താപനില കൂടുന്ന സമയങ്ങളില്‍ പെണ്‍ കടലാമകള്‍ കരയിലേക്കെത്തി മുട്ടയിടാനുള്ള സ്ഥലങ്ങള്‍ അന്വേഷിച്ചു തുടങ്ങും. ഡ്രൈവ് ഇന്‍ ബീച്ചായതിനാല്‍ തന്നെ വാഹനങ്ങളുടെ സാന്നിധ്യം ഇവരുടെ മുട്ടയിടലിന് തടസ്സം സൃഷ്ടിക്കും. വാഹനങ്ങളിലെ വെളിച്ചവും ഉച്ചത്തിലുള്ള ഹോണുകളും മറ്റും കടലാമകളെ ഭയപ്പെടുത്തും. ടയറുകളുടെയും മറ്റും ആഴമേറിയ പാട് മുട്ട വിരിഞ്ഞെത്തിയ കുഞ്ഞന്‍ കടലാമകള്‍ക്ക് കടലിലേക്ക് പോകാനുള്ള തടസ്സം സൃഷ്ടിക്കുന്നു. മുട്ട വിരിഞ്ഞെത്തിയ കുഞ്ഞന്‍ കടലാമകള്‍ക്ക് ആദ്യത്തെ മൂന്ന് ദിവസത്തേക്ക് ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഊര്‍ജമേയുണ്ടാവുകയുള്ളൂ. അതിനാല്‍ തന്നെ ഇവ കടലിലേക്കെത്തിയാലും മറ്റ് സമുദ്ര ജീവികളാല്‍ ആക്രമിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. 

2009 ല്‍ പ്രദേശത്ത് കടലാമകള്‍ മുട്ടയിടുന്ന സീസണുകളിലും മറ്റും വാഹനങ്ങള്‍ക്ക്  പ്രവേശനാനുമതി നല്‍കാതിരിക്കാന്‍ ഗേറ്റ് സ്ഥാപിച്ചിരുന്നു. പാര്‍ക്ക് അധികൃതരും വന്യജീവി ഉദ്യോഗസ്ഥരും വാഹനങ്ങള്‍ കടലാമകളില്‍ ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ തടയാന്‍ രാത്രി മുഴുവനും ഗേറ്റ് അടച്ചിടുന്നതൊരു പരിധി വരെ കാരണമായതായി കണ്ടെത്തി. എന്നാല്‍ ഇപ്പോഴും ടയര്‍ ട്രാക്കുകളുടെ അടിയില്‍ കുടുങ്ങി കിടക്കുന്ന മുട്ട വിരിഞ്ഞെത്തിയ കടലാമകളെ കണ്ടെത്തുന്നുണ്ട്. ഇവരെ ഉപദ്രവിക്കാതിരിക്കാനുള്ള ആകെ മാര്‍ഗം ബീച്ചില്‍ വാഹനങ്ങള്‍ക്ക് നിരേധാനമേര്‍പ്പെടുത്തുകയാണെന്നും പാര്‍ക്ക് അധികൃതര്‍ പറയുന്നു. മുട്ട വിരിഞ്ഞെത്തുന്ന ആയിരം കടലാമ കുഞ്ഞുങ്ങളില്‍ ഒന്ന് മാത്രമാണ് പ്രായപൂര്‍ത്തിയാകുന്നത് വരെ ജീവിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇവയുടെ നിലനില്‍പ്പ് ആശങ്കയിലാണ്. ഗാന്തോം പോയന്റിന്റെ തെക്കന്‍ ഭാഗങ്ങളിലൊഴികെയുള്ള പ്രദേശത്ത് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. 2022 ഡിസംബറോടെയാകും നിരോധനം പ്രാബല്യത്തില്‍ വരിക. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വാഹനങ്ങള്‍ക്ക് നിരേധാനമേര്‍പ്പെടുത്തുന്നതിനൊപ്പം രാത്രികാല അടച്ചിടലും തുടരുകയാണ് കടലാമകളുടെ നിലനില്‍പ്പിനായി ബീച്ച് അധികൃതര്‍ കണ്ടെത്തിയ പോംവഴികള്‍.

Content Highlights: vehicles to be banned in broome's cable beach as it affects turtles