കോളേജിൽ കണ്ടെത്തിയ അപൂർവയിനത്തിൽപെട്ട ചിലന്തികൾ
കോട്ടയം: അത്രയെളുപ്പമൊന്നും എണ്ണിത്തീരില്ല, വാഴൂര്‍ ശ്രീവിദ്യാധിരാജ എന്‍.എസ്.എസ്. കോളേജ് വളപ്പിലെ ചിലന്തിക്കൂട്ടത്തെ. കോളേജിലെ സസ്യശാസ്ത്രവിഭാഗം മേധാവി ഡോ. കെ.ജയകുമാര്‍ മൂന്നേക്കര്‍ വളപ്പില്‍നിന്ന് നൂറിലേറെയിനം ചിലന്തികളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
ഇവിടെ ഓരോ ചെടിയിലും മരച്ചില്ലയിലും പൊന്തക്കാട്ടിലും പുല്‍മേട്ടിലും ചിലന്തികള്‍ ജീവിതവല നെയ്തിരിക്കുന്നു. ജന്തുശാസ്ത്ര ഗവേഷണതല്പരനായ ഡോ. ജയകുമാറിന്റെ കണ്ടെത്തല്‍ രാജ്യത്തെ പ്രധാന ജന്തുശാസ്ത്ര ജേര്‍ണലായ ഫ്‌ളോറ ആന്‍ഡ് ഫോണയില്‍ പ്രസിദ്ധീകരിച്ചു.
77 ജനുസ്സില്‍പ്പെട്ട 110 ഇനം ചിലന്തികളെയാണ് തിരിച്ചറിഞ്ഞത്. തമിഴ്‌നാട് തൂത്തൂര്‍ സെന്റ് ജൂഡ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം അസി. പ്രൊഫസറായ ഡോ. ബി.പി.സിനിയും ഗവേഷണത്തില്‍ സഹകരിച്ചു. വിശദമായ പഠനത്തിന് അവസരമൊരുക്കിയത് പ്രിന്‍സിപ്പലും ജന്തുശാസ്ത്രവിഭാഗം അധ്യാപികയുമായ ഡോ. എം.ആര്‍.രേണുകയാണ്. സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഇംഗ്ലീഷ് വിഭാഗം മേധാവി പാര്‍വതി തങ്കച്ചിയും സഹായിച്ചു.
ജയകുമാര്‍ ക്യാമറയില്‍ പകര്‍ത്തിയ ഓരോയിനം ചിലന്തിയുടെയും ജനുസും പേരും സ്ഥിരീകരിച്ചത് ജന്തുശാസ്ത്ര ഗവേഷകനായ ഡോ. എ.വി.സുധികുമാറാണ്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സെന്റര്‍ ഫോര്‍ ആനിമല്‍ ടാക്സോണമി ആന്‍ഡ് ഇക്കോളജി വിഭാഗം മേധാവിയാണ് സുധികുമാര്‍.
ആവാസവ്യവസ്ഥ അനുകൂലമായതിനാലാകാം ഈ പ്രദേശത്ത് ഇത്രയധികം ഇനം ചിലന്തികളെത്താന്‍ കാരണമെന്ന് 20 വര്‍ഷമായി ഗവേഷണം നടത്തുന്ന ഡോ. സുധികുമാര്‍ പറയുന്നു. അപൂര്‍വ ചിലന്തിയിനങ്ങളും സര്‍വസാധാരണമായവയും ഇവിടെയുണ്ട്.
Content Highlights: vazhoor college have different variety of spiders in it's campus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..