വട്ടകപ്പാറ മലമ്പ്രദേശം സ്ഥിതിചെയ്യുന്ന സ്ഥലത്തെ ആകാശദൃശ്യം
കാഞ്ഞിരപ്പള്ളി: പട്ടണത്തിന് സമീപത്തായുള്ള ഏറ്റവും ഉയര്‍ന്ന പ്രദേശമായ വട്ടകപ്പാറ മേഖലയില്‍ ശക്തമായ മഴപെയ്താല്‍ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കണ്ടെത്തല്‍. പ്രദേശത്ത് കഴിവതും കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാതിരിക്കുക, മണ്ണിളക്കിയുള്ള കൃഷി പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസത്തെ മഴയില്‍ വട്ടകപ്പാറ പിച്ചകപ്പള്ളിമേട് മേഖലയില്‍ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ പൂര്‍ണമായി തകരുകയും നിരവധി വീടുകള്‍ മണ്ണിടിഞ്ഞ് അപകട ഭീഷണിയിലാവുകയും ചെയ്തിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഏതുസമയത്തും വീടുകള്‍ നിലംപൊത്താവുന്ന സ്ഥിതിയിലുമാണ്. അപകട ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ ആളുകളെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. പ്രദേശവാസിയായ ബാബു പൂതക്കുഴിയുടെ വീടിന് സമീപത്തെ പാറയില്‍ വിള്ളല്‍ വീണുവെന്നും പാറ തകര്‍ന്ന് താഴേക്ക് പതിക്കുമെന്നുമുള്ള പരാതിയും ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജിയോളജി വകുപ്പ് പ്രദേശത്ത് പരിശോധന നടത്തിയത്. ശക്തമായ മഴയുള്ളപ്പോള്‍ കുന്നിന് ചരിവുകളിലെ താമസക്കാരെ നിര്‍ബന്ധമായും മാറ്റിത്താമസിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് തഹസില്‍ദാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
മറ്റ് പ്രധാന നിര്‍ദേശങ്ങള്‍
• അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ വീട് നിര്‍മാണത്തിന് ലഭിക്കുന്ന അപേക്ഷകള്‍ വിശദമായ പഠനത്തിന് ശേഷം പരിഗണിക്കുക.
• പ്രദേശത്ത് റബ്ബര്‍ പോലുള്ള വിളകള്‍ പ്രോത്സാഹിപ്പിക്കരുത്.
• പൈനാപ്പിള്പോലെ അധികമായി മണ്ണിളക്കേണ്ട കൃഷികളും പാടില്ല.
• അനധികൃതമായും എല്‍.എസ്.ജി.ഡിയുടെ അനുമതി ഇല്ലാതെയും കുന്നിന് പ്രദേശങ്ങളിലെ മരങ്ങള്‍ മുറിക്കുന്നതും അശാസ്ത്രീയമായി കുഴികള്‍ നിര്‍മിക്കുന്നതും തടയണം.
• സുഗമമായ വെള്ളമൊഴുകുന്നതിന് സംവിധാനവും റോഡ് നിര്‍മാണത്തിലെ അപാകതകളും പരിഹരിക്കണം.
content highlights: Vadakappara and it's landslide possibility
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..