യു.എന്നിന്റെ ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് പുരസ്കാരം ഡേവിഡ് ആറ്റന്‍ബൊറോയ്ക്ക്


1 min read
Read later
Print
Share

ലോകമെമ്പാടുമുള്ള വിവിധയിടങ്ങളില്‍ അദ്ദേഹത്തിന്റെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യപ്പെട്ടു. അധികം വൈകാതെ പരിപാടികള്‍ ലോകശ്രദ്ധ കീഴടക്കുകയും ചെയ്തു.

ഡേവിഡ് ആറ്റൻബൊറോ | Photo-AFP

യു.എന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് ആദരത്തിന് പ്രകൃതിശാസ്ത്രപണ്ഡിതനായ ഡേവിഡ് ആറ്റന്‍ബൊറോ അര്‍ഹനായി. 95 വയസ്സുള്ള ആറ്റന്‍ബെറോ ബിബിസിയിലെ പ്രകൃതി സംബന്ധമായ ടി.വി പരിപാടികളിലൂടെയാണ് ശ്രദ്ധേയനായത്. 'നാച്ചുറല്‍ വേള്‍ഡ്' എന്ന ബിബിസി ഡോക്യുമെന്ററിയാണ് അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് യു.എന്‍.എന്‍വയോണ്‍മെന്റ് പ്രോഗ്രാം അധികൃതര്‍ അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തെ പറ്റി ആശങ്കാകുലരായ കുട്ടികള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലും ആറ്റൻബെറോയുടെ പരിപാടികള്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

പ്രകൃതിയും ഭൂമിയും സംരക്ഷിക്കാനായി ലോകം ഒന്നടങ്കം ഒന്നിക്കേണ്ട സമയമിതാണെന്നായിരുന്നു അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ ആറ്റൻബറോയുടെ പ്രതികരണം.

"50 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിമിംഗലങ്ങള്‍ വംശനാശത്തിന്റെ വക്കിലായിരുന്നു. അപകടം തിരിച്ചറിഞ്ഞ ജനങ്ങള്‍ ഒന്നുച്ചേര്‍ന്നപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചു. ഇന്നിപ്പോള്‍ മനുഷ്യരാശി ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും കൂടുതല്‍ തിമിംഗലങ്ങളാണ് സമുദ്രങ്ങളില്‍ വസിക്കുന്നത്", ഡേവിഡ് കൂട്ടിച്ചേര്‍ത്തു.

1950-കളിലാണ് ബിബിസിയുടെ നാച്ചുറല്‍ ഹിസ്റ്ററി യൂണിറ്റില്‍ ഡേവിഡ് ആറ്റൻബറോ തന്റെ പ്രവർത്തനം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള വിവിധയിടങ്ങളില്‍ അദ്ദേഹത്തിന്റെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യപ്പെട്ടു. അധികം വൈകാതെ പരിപാടികള്‍ ലോകശ്രദ്ധ കീഴടക്കി.

"ആറ്റന്‍ബറോയുടെ എഴുത്തിലും ഡോക്യുമെന്ററിയിലും ലക്ഷക്കണക്കിന് പേര്‍ ആകൃഷ്ടരായതിന്റെ അനന്തരഫലം കൂടിയാണ് പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ജൈവവൈവിധ്യം നിലനിര്‍ത്താനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുമുള്ള ഒരു അവസരം നമുക്ക് കൈവന്നത്", യു.എന്‍.ഇ.പി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇങര്‍ ആന്‍ഡേഴ്‌സണ്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയുടെ നാശവും ജനശ്രദ്ധയിലെത്തിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ലെന്ന് ബോണ്‍മത്ത് സര്‍വകലാശാലയിലെ മറൈന്‍ ബയോളജിസ്റ്റായ പ്രൊഫ.റിക്ക് സ്റ്റാഫോര്‍ഡും പറയുന്നു. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയെ അവര്‍ണ്ണനീയമെന്നാണ് വിശേഷിപ്പിച്ചത്. എല്ലാവരും അദ്ദേഹത്തെ പോലെ ആകാന്‍ ശ്രമിക്കണമെന്നും ഗ്രേറ്റ പറഞ്ഞിരുന്നു.

Content Highlights: unep honor David Attenborough with champion of the earth

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented