പ്രതീകാത്മക ചിത്രം | Photo-ANI
ഭോപ്പാല്‍: കടുവാസംസ്ഥാനം എന്ന പദവി സ്വന്തമാക്കാനുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് മധ്യപ്രദേശും കര്‍ണാടകവും. 2018 ലെ കടുവകളുടെ സെന്‍സസ് പ്രകാരം ഇരുസംസ്ഥാനങ്ങളിലെയും കടുവകളുടെ എണ്ണത്തിൽ വലിയ അന്തരമില്ല. 2018 ലെ കണക്കുകള്‍ പ്രകാരം കര്‍ണാടകയില്‍ 524 കടുവകളായിരുന്നെങ്കില് മധ്യപ്രദേശിൽ കടുവളുടെ എണ്ണം 526 ആയിരുന്നു. എന്നാല്‍ 2022 ല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. 2022-ല്‍ 34 കടുവകളെയാണ് മധ്യപ്രദേശിന് നഷ്ടമായത്, കര്ണാടകയ്ക്കാവട്ടെ 15 ഓളം കടുവകളും.
2022 ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെങ്കിലും ഔദ്യോഗിക കണക്കുവിവരങ്ങള്‍ 2023 ൽ പ്രസിദ്ധീകരിക്കും. നാല് വര്‍ഷം കൂടുമ്പോഴാണ് രാജ്യത്ത് കടുവകളുടെ അംഗസംഖ്യാനിര്ണയം നടക്കുന്നത്. അടുത്തിടെ നടന്ന ഓള് ഇന്ത്യ ടൈഗര്‍ എസ്റ്റിമേഷന്റെ (AITE) വിവരങ്ങള്‍ ഈ വര്‍ഷമാകും പ്രസിദ്ധപ്പെടുത്തുകയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ (NTCA) വെബ്സൈറ്റിലാകും സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തിന്റെ കീഴിലുള്ള അംഗീകൃത സംഘടനയാണ് എന്‍ടിസിഎ. കടുവകളുടെ സംരക്ഷണാര്‍ത്ഥം രൂപവത്കരിക്കപ്പെട്ട സംഘടന കൂടിയാണിത്.
2022 ല്‍ രാജ്യത്ത് 117 കടുവകള്‍ ചത്തൊടുങ്ങിയതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 12 മുതല്‍ 18 വയസ്സ് വരെയാണ് കടുവകളുടെ ശരാശരി ആയുസ്. 40 ഓളം കടുവകൾ മരിക്കുന്നത് പ്രകൃതായുള്ള മരണങ്ങളായി കണക്കാക്കണമെന്നാണ് നിര്‍ദേശം. 2021 ല്‍ മധ്യപ്രദേശിന് 42 കടുവകളെയാണ് നഷ്ടമായത്. മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ വ്യക്തമല്ലെന്നും എന്നാല്‍ മധ്യപ്രദേശില്‍ കടുവകളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നില്ലെന്ന് വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഗുഹകള്‍ക്ക് സമീപം പ്രായാധിക്യത്താല്‍ ചത്തൊടുങ്ങുന്ന കടുവകളെ ചിലപ്പോള്‍ കണ്ടെത്തുക അസാധ്യമാണ്.
മധ്യപ്രദേശില്‍ പ്രതിവര്‍ഷം 250 ഓളം കടുവാക്കുട്ടികളാണ് ജനിക്കുന്നത്. ആറ് പ്രധാന കടുവാസങ്കേതങ്ങളുള്ള സംസ്ഥാനം കൂടിയാണ് മധ്യപ്രദേശ്. 2022 ല്‍ ഏറ്റവുമധികം കടുവകളുടെ മരണം രേഖപ്പെടുത്തിയത് ബാന്ധവ്ഗര്‍ കടുവ സങ്കേതത്തിലാണ്. ഒന്‍പത് കടുവകളാണ് ഇവിടെ 2022-ല്‍ ചത്തത്. കടുവകളുടെ വേട്ടയാടല്‍ പോലുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷ ലഭിക്കുന്ന സാഹചര്യങ്ങള്‍ കുറവുള്ളതായും കണക്കാക്കപ്പെടുന്നു. 2022 ല്‍ ഏറ്റവുമധികം കടുവകളുടെ മരണം രേഖപ്പെടുത്തിയ ബാന്ധവ്ഗര്‍ (bandhavgarh) കടുവാസങ്കേതം പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന് കൂടിയാണ്.
2010 ലെ കണക്കുകള്‍ പ്രകാരം മധ്യപ്രദേശ് കര്‍ണാടകത്തിന് പിന്നിലായിരുന്നു. 2006 ല്‍ മധ്യപ്രദേശില്‍ കടുവകളുടെ എണ്ണം 300 ആയി രേഖപ്പെടുത്തിയെങ്കില്‍ കര്‍ണാടകയിലിത് 290 മാത്രമായിരുന്നു. 2010 ല്‍ മധ്യപ്രദേശില്‍ കടുവകളുടെ എണ്ണം 257 ആയിരുന്നു, കര്‍ണാടകയില്‍ 300 ഉം. 2014 ലെ അംഗസംഖ്യാനിർണയത്തോടെ മധ്യപ്രദേശ് വീണ്ടും പിന്നിലായി. ആ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കര്‍ണാടകയും (406) ഉത്തരാഖന്ധുമായിരുന്നു (340) ഒന്നു രണ്ടും സ്ഥാനങ്ങളില്‍.
2018 ല്‍ കാര്യങ്ങള്‍ ഒന്നുകൂടി മാറി മറിഞ്ഞു. 2018 ല്‍ മധ്യപ്രദേശില്‍ 526 കടുവകൾ ഉണ്ടെന്ന് കണക്കുകൾ രേഖപ്പെടുത്തി. കര്‍ണാടകയില്‍ 524 എണ്ണവും രേഖപ്പെടുത്തപ്പെട്ടു. 442 കടുവകളുമായി ഉത്തരാഖണ്ഡാണ് മൂന്നാം സ്ഥാനത്ത്. 2006 ല്‍ ദേശീയതലത്തിൽ 1,411 കടുവകളെന്നത് 2018 ല്‍ 2,967 കടുവകളായി ഉയര്‍ന്നിരുന്നു.
Content Highlights: tiger state madhya pradesh matches with karnataka
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..