പ്രതീകാത്മക ചിത്രം | Photo-Gettyimage
യു.കെയില്‍ ജലാശയങ്ങളില്‍ ഗോള്‍ഡ്ഫിഷ് പോലെയുളള അലങ്കാരമത്സ്യങ്ങളെ നിക്ഷേപിക്കുന്നത് തദ്ദേശ മത്സ്യസമ്പത്തിന് ഭീഷണിയാകുന്നു. ക്വീന്‍സ് യൂണിവേഴ്സിറ്റി ഓഫ് ബെല്‍ഫാസ്റ്റിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. തണുപ്പേറിയ കാലാവസ്ഥയോട് പൊരുത്തപ്പെടാനുള്ള ശേഷി, അമിതമായ ഭക്ഷണശീലം എന്നിവ ഇവയെ അധിനിവേശ മത്സ്യവിഭാഗങ്ങളെക്കാള് അപകടകാരികളാക്കുന്നതായും
കണ്ടെത്തി. പുതിയ മത്സ്യങ്ങളെ വാങ്ങുമ്പോള്‍ ഗോള്‍ഡ്ഫിഷ് പോലെയുള്ള അലങ്കാരമത്സ്യങ്ങളെ നദികളില്‍ തള്ളുക പതിവാണ്. ലോക്ഡൗണ്‍ കാലത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് നടന്നിട്ടുണ്ടാവാമെന്നാണ് നിഗമനം. എന്നാല്‍ ഇതിന്റെ തോത് എത്രയെന്ന് പഠനത്തില്‍ കണ്ടെത്താനായില്ല.
വടക്കന്‍ യൂറോപ്യന്‍ കാലാവസ്ഥയില്‍ തനത് വിഭാഗക്കാര്‍ അല്ലാത്തവയ്ക്ക് പലപ്പോഴും അതിജീവനം സാധ്യമാകാറില്ല. അതേസമയം ഗോള്‍ഡ്ഫിഷ് പോലെയുള്ളവയ്ക്ക് ഇത്തരത്തിലുള്ള കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ കഴിയുന്നത് പലപ്പോഴും പ്രാദേശിക ജൈവൈവിധ്യത്തിന് ഭീഷണിയായി തീരുന്നുണ്ട്. ഗോള്‍ഡ്ഫിഷ് വാല്മാക്രികളെയും ചെറുമത്സ്യങ്ങളെയും ആഹാരമാക്കുന്നത് സ്വാഭാവിക ആവാസവ്യവസ്ഥാസംവിധാനങ്ങളെ താറുമാറാക്കും. യു.എസിലെ ജലാശയങ്ങളിലെ ഒരടിയിലേറെ വലിപ്പമുള്ള ഗോള്‍ഡ് ഫിഷുകളെ കണ്ടെത്തിയിട്ടുണ്ട്. സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവാണ് ഇവയെ
പ്രാപ്തരാക്കുന്നത്.
പലപ്പോഴും മനുഷ്യത്വപരമെന്ന തരത്തില്‍ ഗോള്‍ഡ് ഫിഷിനെ നദികളില്‍ നിക്ഷേപിക്കുന്നത് ആപത്കരമായ അവസ്ഥയിലേക്ക് വഴി വെയ്ക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ടിന്റെ മുഖ്യലേഖകന്
കൂടിയായ ഡോ.ജെയിംസ് ഡിക്കി പറയുന്നു. പെറ്റ് ഷോപ്പുകളില്‍ അധിനിവേശ സ്വഭാവമില്ലാത്ത തരത്തിലുള്ള മത്സ്യങ്ങളെ വില്‍ക്കുന്നത് ഒരു പരിധി വരെ ഗുണം ചെയ്യുമെന്ന് പഠനം നിര്‍ദേശിച്ചിട്ടുണ്ട്. നിയോബയോട്ട എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ വടക്കന്‍ അയര്‍ലന്‍ഡ് വിപണികളില്‍ കൂടുതലായി കണ്ടുവരുന്ന രണ്ട് അലങ്കാരമത്സ്യങ്ങളെ കുറിച്ചും പറയുന്നുണ്ട്. ഗോള്‍ഡ്ഫിഷ് ലോകമെമ്പാടും അധിനിവേശ ജീവിവര്‍ഗമായി മാറിയിട്ടുണ്ട്. മറ്റൊരു വിഭാഗക്കാരായ വൈറ്റ് ക്ലൗഡ് മൗണ്ടെയ്ന് മിനൗവിന്റെ അധിനിവേശസ്വഭാവം നിലവില്‍ തെളിയിക്കപ്പെട്ടിട്ടില്ല. കാര്‍പ് കുടുംബത്തില്‍പെടുന്ന ഇവ രണ്ടും കിഴക്കന്‍ ഏഷ്യയിലെ തദ്ദേശീയമത്സ്യങ്ങളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..