ജയ്പുർ: രാജസ്ഥാനിലെ രാന്തമ്പോർ നാഷണൽ പാർക്കിലെ കടുവ ഒറ്റപ്രസവത്തിൽ ജന്മം നൽകിയത് മൂന്ന് കുട്ടികൾക്ക്. 10 വയസ്സുള്ള ടി-63 എന്ന കടുവയാണ് മൂന്ന് കടുവകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇതോടെ രാജസ്ഥാനിലെ നാഷണല്‍ പാര്‍ക്കിലെ കടുവകളുടെ എണ്ണം 77 ആയി ഉയര്‍ന്നു. എന്തായാലും മൃഗസ്‌നേഹികളുടെ ഇടയില്‍ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നിരിക്കുകയാണ്. മച്ച്‌ലി എന്നറിയപ്പെടുന്ന ടി-19 എന്ന കടുവയുടെ മകളാണ് ടി-63. കടുവകുട്ടികളുടേയും അമ്മയുടെയും ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

2015 ൽ ടി-63 രണ്ട് പെണ്‍കടുവകള്‍ക്ക് ജന്മം നല്‍കിയിരുന്നു. 2018 ല്‍ ടി-120, ടി-121 എന്നി രണ്ട് ആണ്‍കടുവകള്‍ക്കും ജന്മം നല്‍കി. ' മൂന്ന് കുട്ടികളോടൊപ്പം ടി-63 നെ റാന്തമ്പോറില്‍ കാണാന്‍ കഴിഞ്ഞത് സന്തോഷം. രാജസ്ഥാനില്‍ വളര്‍ന്നുവരുന്ന വന്യജീവികള്‍ എല്ലായ്‌പ്പോഴും സന്തോഷം പകരുന്നതാണ്' രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് ട്വീറ്റ് ചെയ്തു. 

കുട്ടികള്‍ക്ക് മൂന്ന് മാസത്തോളം പ്രായമുണ്ടെന്ന് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് ഡി.എന്‍ പാണ്ഡേ പറഞ്ഞു. നിലവില്‍ കടുവ സങ്കേതത്തില്‍ 20 ആണ്‍കടുവകളും, 30 പെണ്‍കടുവകളും 27 കുട്ടികളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1700 സ്‌ക്വയര്‍ കിലോമീറ്റര്‍ ആകെ വിസ്തീര്‍ണമുള്ള നാഷണല്‍ പാര്‍ക്കിന്റെ 600 സ്‌ക്വയര്‍ കിലോമീറ്ററും ഉപയോഗിക്കുന്നത് കടുവകളാണ്. ബാക്കിയുള്ള സ്ഥലങ്ങളില്‍ മാത്രമാണ് മറ്റ് വന്യജീവികളെ അനുവദിച്ചിരിക്കുന്നത്. 

നാല് വര്‍ഷത്തിലൊരിക്കലാണ് രാജ്യത്ത് കടുവകളുടെ കണക്കെടുക്കുന്നത്. 2014 ല്‍ 2,226 ആയിരുന്ന കടുവകളുടെ എണ്ണം 2018 ല്‍ 2,967 ആയി ഉയര്‍ന്നു.

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കടുവയുടെ ജനസംഖ്യ ഇരട്ടിപ്പിക്കുന്നത് 2022 ആകുമെന്ന് കണക്കാക്കിയിരുന്നുവെങ്കിലും ഇന്ത്യയില്‍ ഇത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നിലവില്‍ പ്രഖ്യാപിച്ച കടുവകളുടെ സെന്‍സെസ് ഏത് ഇന്ത്യക്കാരനെയും പ്രകൃതി സ്‌നേഹിയെയും സന്തോഷിപ്പിക്കുന്നതാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: three cubs born to t-63 takes the big cats to 77 in rajasthan