ജയ്പുര്‍: രാജസ്ഥാനിലെ സാംഭര്‍ തടാകത്തിനു സമീപം ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ പത്തോളം സ്പീഷിസുകളില്‍പ്പെട്ട ആയിരക്കണക്കിന് പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ ലവണജല തടാകമാണ്(salt water lake)  സാംഭര്‍. ജയ്പുറിലാണ് സാംഭര്‍ സ്ഥിതി ചെയ്യുന്നത്. 

ജലമലിനീകരണമാകാം പക്ഷികളുടെ മരണത്തിന് കാരണമെന്നാണ് അധികൃതരുടെ പ്രാഥമികനിഗമനം. പക്ഷികളുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തടാകത്തിന് 12-13 കിലോമീറ്റര്‍ ചുറ്റളവിലാണ് പക്ഷികളുടെ ജഡങ്ങള്‍ കിടക്കുന്നത്. 

1500 ഓളം പക്ഷികള്‍ ചത്തെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 5000ല്‍ അധികം പക്ഷികള്‍ ചത്തെന്ന് പ്രദേശവാസികള്‍ പറയുന്നു. പവിഴക്കാലി, കോരിച്ചുണ്ടന്‍ എരണ്ട, ചക്രവാകം, അവോസെറ്റ് കുളക്കോഴി, വെള്ളക്കൊക്കന്‍ കുളക്കോഴി തുടങ്ങിയ പക്ഷികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞദിവസം മേഖലയില്‍ വീശിയ കൊടുങ്കാറ്റാകാം പക്ഷികള്‍ ചാകാനുള്ള സാധ്യതയെന്ന് ഫോറസ്റ്റ് റേഞ്ചര്‍ രാജേന്ദ്ര ജാഖര്‍ പറഞ്ഞു. ജലത്തിലെ വിഷാംശം, ബാക്ടീരിയ-വൈറസ് ബാധ എന്നീ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജയ്പുറില്‍നിന്നുള്ള മെഡിക്കല്‍ സംഘം പക്ഷികളുടെ ജഡവും തടാകത്തില്‍നിന്നുള്ള ജലവും ശേഖരിച്ച് ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചു.  പ്രാഥമിക പരിശോധനയില്‍ പക്ഷിപ്പനിയാണ് മരണകാരണമെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് നോഡല്‍ ഓഫീസര്‍ ആര്‍.ജി. ഉജ്വല്‍ പറഞ്ഞു. 

content highlights: thousand of birds found dead near sambhar salt lake in rajastan