കടലുണ്ടി: എല്ലാ മാലിന്യവും വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയായി കടലിനെ കണ്ടവര്‍ക്ക് അതേനാണയത്തില്‍ കടല്‍ മറുപടി നല്‍കി. സംഭവം കോഴിക്കോട് കടുക്ക ബസാറിലാണ്. ജനം ഇരുട്ടിന്റെ മറവിലും അല്ലാതെയും കടലിലും പുഴയിലും തള്ളിയ പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെയുള്ള സകലതും ചാലിയം കടുക്ക ബസാര്‍ തീരത്തേക്ക് തിരമാലകള്‍ തിരിച്ചുതള്ളി. 

കടുക്ക പിടിത്തത്തിന് പേരുകേട്ട കടപ്പുറമാണിത്. അരക്കിലോമീറ്ററോളം നീളത്തില്‍ പരന്നു കിടക്കുന്ന മാലിന്യങ്ങള്‍ എങ്ങനെ നീക്കം ചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് സമീപവാസികള്‍. വന്‍തോതിലുള്ള പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ക്കുപുറമേ കുപ്പികള്‍, ചെരിപ്പുകള്‍, ചകിരി, ചിരട്ട, വൃക്ഷത്തടി, പ്ലാസ്റ്റിക് മാലിന്യം തുടങ്ങിയവയാണ് തീരം നിറഞ്ഞ് കിടക്കുന്നത്.

കടുക്ക തൊഴിലാളികള്‍ തോണി കയറ്റിയിടാനും കടലിലിറക്കാനും പ്രയാസപ്പെടുകയാണ്.

ചാലിയാര്‍ വഴി ഒഴുകിയെത്തുന്ന മാലിന്യമാണ് ചാലിയത്തെ തീരത്ത് അടിഞ്ഞുകൂടുന്നത്. പുലിമുട്ട്', ലൈറ്റ് ഹൗസ്, മുല്ല, വാക്കടവ് തുടങ്ങിയ തീരങ്ങളിലും ഇങ്ങനെ മാലിന്യക്കൂമ്പാരമുണ്ടാകാറുണ്ട്. നദിയിലൂടെ വരുന്ന അജൈവ മാലിന്യം കടല്‍ സ്വീകരിക്കാതെ തിരമാലകള്‍ വഴി കരയിലേക്കടിച്ചുകൂട്ടുകയാണ്.

Content highlights: The sea dumped waste in kadukkabazar seashore near Calicut