ബ്രിട്ടിഷ് മാധ്യമമായ ഗാര്‍ഡിയന്റെ സാറ്റര്‍ഡേ മാഗസിനില്‍ വന്ന പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെയുടെ മുഖചിത്രം ശ്രദ്ധനേടുന്നു.  ഗ്രെറ്റയുമായുള്ള ഒരു അഭിമുഖത്തിനായി പകർത്തിയ ചിത്രങ്ങളിലൊന്നാണ് സാറ്റർഡേ മാഗസിന്റെ മുഖചിത്രമായി വന്നത്. 

ദി ഗാർഡിയന്റെ വെബ്സൈ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മൂന്ന് ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. തലയില്‍ നിന്നൊഴുകിയിറങ്ങുന്ന കറുത്ത എണ്ണ. അത് നെറ്റിയിലൂടെ ഒഴുകിയിറങ്ങി കണ്ണുകള്‍ മറച്ച് കവിളുകളിലൂടെ ശരീരത്തിലേക്ക് പടരുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങളുമായി ശബ്ദമുയര്‍ത്തുന്ന ഗ്രെറ്റ ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്തുന്നത് ഇതാദ്യമാണ്. മാര്‍കസ് ഓല്‍സണാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. 

പരിസ്ഥിതി പ്രശ്‌നങ്ങളും തന്റെ നിലപാടുകളും ചര്‍ച്ച ചെയ്യുന്ന ദൈര്‍ഘ്യമേറിയ അഭിമുഖ സംഭാഷണത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിനും ഖനനത്തിനുമെതിരെ ഗ്രെറ്റ നിലപാട് വ്യക്തമാക്കുന്നുണ്ട്. 

കല്‍ക്കരി, ക്രൂഡ് ഓയില്‍ പോലുള്ളവയുടെ ഉപയോഗത്തിനും ഖനനത്തിനും അവസരം ഒരുക്കുകയും അതേസമയം പരിസ്ഥിതി വാദികളായി ചമയുകയും ചെയ്യുന്ന ലോക നേതാക്കള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് ഗ്രെറ്റ പ്രതികരിച്ചത്. 

കാലാവസ്ഥയ്ക്കാണ് ഏറെ പ്രാധാന്യം നല്‍കുന്നതെന്ന് പറയുന്ന ബോറിസ് ജോണ്‍സണ്‍ കുബ്രിയയിലും കാംബോയിലും കല്‍ക്കരി ഖനികള്‍ക്ക് അനുമതി നല്‍കിയത് ഗ്രെറ്റ ചൂണ്ടിക്കാട്ടുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വ്യാപിക്കുന്നതിനൊപ്പം കാലാവസ്ഥാ സംരക്ഷണത്തെ കുറിച്ച് സംസാരിക്കുന്നത് കാപട്യമാണെന്നും ഗ്രെറ്റ വിമര്‍ശിച്ചു. ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അര്‍ഡെണിനേയും നിശിതമായി വിമര്‍ശിച്ച ഗ്രെറ്റ നേതാക്കളാരും തന്നെ വിസ്മയിപ്പിക്കുന്നില്ലെന്ന് പറഞ്ഞു. 

ഹാനികരമല്ലാത്ത ചായവും ഒലിവ് എണ്ണയും ചേര്‍ത്ത മിശ്രിതമാണ് ഫോട്ടോഷൂട്ടിനായി ഗ്രെറ്റയുടെ തലയിലൂടെ ഒഴിച്ചത്. വലിയൊരു ത്യാഗമാണ് ഗ്രെറ്റ നടത്തിയത് എന്ന് വിശേഷിപ്പിച്ച ഗാര്‍ഡിയന്‍ ഗ്രെറ്റ ഇതിന് തയ്യാറായത് എങ്ങനെയാണെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്.