റഷ്യൻ സേന പിന്തിരിഞ്ഞോടിയ യുക്രൈനിലെ ഏക പ്രദേശം, റെഡ് ഫോറസ്റ്റ് കരുതി വെച്ച വിപത്ത്


പരിസ്ഥിതി ഡെസ്ക്

3 min read
Read later
Print
Share

ദുരന്തത്തെ തുടര്‍ന്ന് മാരകമായ റേഡിയേഷന് വിധേയമായതോടെ 400-ഹെക്ടര്‍ പ്രദേശത്തുള്ള പൈന്‍ മരങ്ങൾ മൃതിയടയും മുമ്പെ അവയുടെ ശാഖകളുടെ അഗ്രഭാഗം ഓറഞ്ച് കലർന്ന ചുവന്ന നിറമായി.  ഈ നിറം മാറ്റം പ്രദേശത്തിന് ഒരു പേരും സമ്മാനിച്ചു-റെഡ് ഫോറസ്റ്റ്

ചെർണോബിൽ ആണവ നിലയത്തിന് സമീപമുള്ള റെഡ് ഫോറസ്റ്റ്‌ | Photo-By Timm Suess - Flickr: Red Forest Hill, CC BY-SA 2.0, https://commons.wikimedia.org//w/index.php?curid=14886940

യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ ഭാഗമായി ഫെബ്രുവരി 24-നാണ് റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ ആണവ നിലയം പിടിച്ചടക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ ഒരു മാസത്തിന് ശേഷം പ്രദേശം സൈന്യം ഉപേക്ഷിച്ചു. യുദ്ധഭൂമിയില്‍ മുന്നേറ്റം തുടര്‍ന്ന റഷ്യന്‍ സൈന്യം ആണവ നിലയം ഉപേക്ഷിച്ചതിന് പിന്നിലെ പ്രധാന കാരണം റെഡ് ഫോറസ്റ്റായിരുന്നു.

റഷ്യയുടെ പിന്മാറ്റവും ആണവ നിലയത്തിന് റെഡ് ഫോറസ്റ്റുമായുള്ള ബന്ധവും അറിയണമെങ്കില്‍ 36 വര്‍ഷം പിന്നോട്ടേക്ക് പോകണം. 1986 ഏപ്രില്‍ 26 ലുണ്ടായ ചെര്‍ണോബില്‍ ആണവ ദുരന്തത്തിലേക്ക്.

ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിക്കപ്പെട്ടപ്പോഴുണ്ടായ മാലിന്യങ്ങളുടെ പതിന്മടങ്ങ് റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളാണ് ചെര്‍ണോബില്‍ ആണവ ദുരന്തത്തിൽ സൃഷ്ടിക്കപ്പെട്ടത്. മണ്ണ്, ജലം, വായു
ഉള്‍പ്പെടെ എല്ലാം മലീമസമായി. അവയില്‍ പലതും ദുരന്തത്തിന്റെ ആഘാതങ്ങള്‍ ഇന്നും നമ്മോട് വിളിച്ചോതി കൊണ്ടിരിക്കുകയാണ്. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും പോലെ ഉണ്ടായ ദുരന്തത്തിന്റെ ഭവിഷ്യത്തുകള്‍ ചെര്‍ണോബില്‍ ആണവനിലയത്തിന്റെ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പൈന്‍ മരക്കാടിനും നേരിടേണ്ടി വന്നു.

ചെര്‍ണോബില്‍ ആണവ നിലയം | Photo-AP

ദുരന്തത്തെ തുടര്‍ന്ന് മാരകമായ റേഡിയേഷന് വിധേയമായതോടെ 400-ഹെക്ടര്‍ പ്രദേശത്തുള്ള പൈന്‍ മരങ്ങൾ നശിക്കും മുമ്പ് അവയുടെ ശാഖകളുടെ അഗ്രഭാഗം ഓറഞ്ച് കലർന്ന ചുവന്ന നിറമായി . ഈ നിറം മാറ്റം പ്രദേശത്തിന് ഒരു പേരും സമ്മാനിച്ചു-റെഡ് ഫോറസ്റ്റ് അഥവാ ചുവന്ന കാട്. ദുരന്തം മൂലമുണ്ടായ കടുത്ത റേഡിയേഷൻ ആഗിരണം ചെയ്തതാണ് പൈൻ മരങ്ങളുടെ രൂപമാറ്റത്തിന് കാരണം.

റെഡ് ഫോറസ്റ്റില്‍ തീപിടുത്തമുണ്ടായാല്‍ റേഡിയോ ആക്ടീവ് വികിരണ കണങ്ങള്‍ വീണ്ടും സജീവമാകുമോ എന്ന ഭയം വര്‍ദ്ധിച്ചു. അതിനാല്‍ റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ദ്രുതഗതിയിലുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

മുന്‍കരുതലെന്നോണം ഭൂരിഭാഗവും വരുന്ന പൈന്‍ മരങ്ങളും വെട്ടിനശിപ്പിക്കപ്പെട്ടു. ദുരന്തത്തിന് ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനികര്‍, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവയിലുള്‍പ്പെട്ട രണ്ടുലക്ഷം പേരെ നിയോഗിച്ചു. റേഡിയേഷന് വിധേയമായ മണ്ണില്‍ തന്നെ വെട്ടിയ മരങ്ങള്‍ മൂന്ന് മീറ്റർ ആഴത്തിൽ കുഴിച്ചു മൂടുകയായിരുന്നു. അതിനു മുകളിലായി പൈന്‍മരതൈകൾ നട്ടു.

പ്രിപ്പറ്റ് നദി | Photo-By IAEA Imagebank - https://www.flickr.com/photos/iaea_imagebank/8389776734/, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=56377345


റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ ഭൂഗര്‍ഭജലവുമായി കലരാനുള്ള സാധ്യതയുള്ളതിനാല്‍, ആ നടപടി ഭൂഗര്‍ഭജലത്തെ മലിനപ്പെടുത്തുമെന്ന ഭയം ഉണ്ടായിരുന്നു. ഇത് സമീപത്തുള്ള പ്രിപറ്റ് പുഴയിലേക്കും മാലിന്യം ഒഴുകാനുള്ള സാധ്യത കണക്കിലെടുത്തു ആയിരക്കണക്കിനാളുകളാണ് പ്രിപറ്റ് നഗരത്തില്‍ നിന്നും അന്ന് ഒഴിപ്പിക്കപ്പെട്ടത്. വര്‍ഷങ്ങള്‍ക്കിപ്പുറവും റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം പ്രദേശത്തുണ്ടാവാനുള്ള സാധ്യത വിദ്ഗധര്‍ മുന്‍കൂട്ടി കണ്ടിരുന്നു.

പിന്നീട് ഇടക്കിടെ കാട്ടുതീ ഉണ്ടായെങ്കിലും 2015ലെ കാട്ടുതീ വലിയ തോതിലുള്ള അണുപ്രസരണത്തിനിടയാക്കി. ന്യൂക്ലിയർ പവർപ്ലാന്റിന് 20 കിലോമീറ്റർ അടുത്തുവരെ കാട്ടു തീ എത്തി. കാട്ടുതീ കൂടുതൽ വ്യാപിച്ചിരുന്നെങ്കിൽ വലിയ തോതിലുള്ള ദുരന്തത്തിന് വീണ്ടും സാക്ഷ്യം വഹിക്കേണ്ടി വന്നേനെ. ദുരന്തത്തിന് മുമ്പ് എക്സ്ക്ലൂഷൻ സോണിലെ വനപ്രദേശം 50 ശതമാനമായിരുന്നെങ്കിൽ ഇന്നത് 70 ശതമാനമായി വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ പ്രദേശത്ത് കാട്ടു തീ തടയേണ്ടത് കൂടുതൽ അനിവാര്യമായ കാര്യമായി ഇന്ന് മാറി.

റേഡിയേഷന്‍ സാധ്യത കണക്കിലെടുത്ത ആളുകള്‍ ഒഴിപ്പിക്കപ്പെട്ട പ്രിപറ്റിലെ ഒരു പ്രീ-സ്‌കൂള്‍ | Photo-Gettyimages

ആണവ ദുരന്തത്തിന് ശേഷമാണ് പ്രദേശത്ത് പൊതുജനങ്ങൾക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന എക്‌സ്‌ക്ലൂഷന്‍ സോണുകള്‍ അഥവാ സോണ്‍ ഓഫ് ഏലിയേഷന്‍ നിലവില്‍ വന്നത്. ലോകത്തില്‍ വെച്ചേറ്റവും റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുള്ള മേഖലയാണ് റെഡ് ഫോറസ്റ്റ്. റെഡ് ഫോറസ്റ്റിലെ 90 ശതമാനം വരുന്ന റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളും മണ്ണില്‍ തന്നെയാണെന്ന് 2019-ല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ന്യുക്ലിയര്‍ റോബോട്ടിക്‌സ് (എന്‍സിഎന്‍ആര്‍) നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിക്കപ്പെട്ടപ്പോള്‍ 30 ലക്ഷം ക്യൂറിയാണ് (റേഡിയോആക്ടിവിറ്റിയുടെ യൂണിറ്റ്) പുറന്തള്ളപ്പെട്ടതെങ്കില്‍ ചെര്‍ണോബില്ലില്‍ അത് 5 മുതല്‍ 20 കോടി എന്ന അളവിലായിരുന്നുവെന്ന് മേരി മൈസിയോ 'വോംവുഡ് ഫോറസ്റ്റ്; എ നാച്ചുറല്‍ ഹിസ്റ്ററി ഓഫ് ചെര്‍ണോബില്‍' എന്ന പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ഇത് 50 മില്ല്യണ്‍ എന്ന അളവാകാനാണ് കൂടുതല്‍ സാധ്യതയെന്നും മേരി തന്റെ പുസ്തകത്തില്‍ പറയുന്നു.

ചെര്‍ണോബിലിലെ സോണ്‍ ഓഫ് ഏലിയേഷനിലേക്കുള്ള പ്രവേശന കവാടം | Photo-By Nick Rush-Cooper, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=24265293

ഇത്രയും മലിനമായ ഇടത്തേക്കാണ് റഷ്യൻ സൈന്യം കടന്നു വന്നത്. മണ്ണിലെ ഉയര്‍ന്ന മലിനീകരണ തോത് മൂലം അക്യൂട്ട് റേഡിയേഷന്‍ സിക്‌നസ്സിന് വിധേയമായതോടെയാണ് റഷ്യന്‍ സൈന്യം പ്രദേശം വിട്ടത്. ഒരു സൈനികൻ റേഡിയേഷൻ മൂലം മരണപ്പെട്ടെന്നും ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആണവ ദുരന്തത്തിന് ശേഷം പ്രദേശത്തെ മണ്ണ് പോലും മലിനമാണ്. റെഡ് ഫോറസ്റ്റ് മേഖലയില്‍ നിലയുറപ്പിച്ച സൈനികര്‍ക്ക് കിടങ്ങുകള്‍ നിര്‍മിക്കുന്നതിനിടയിലാണ് റേഡിയേഷന്‍ ബാധയേറ്റത്. ബെലാറസിലെ പ്രത്യേക ആരോഗ്യ കേന്ദ്രത്തില്‍ സൈനികര്‍ ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുക്രൈന്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാരകമായ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുള്ളത് മൂലം വിദ്ഗധരായ ആണവ നിലയ തൊഴിലാളികള്‍ക്ക് പോലും പ്രവേശനം നിഷേധിച്ചിരിക്കുന്ന മേഖല കൂടിയാണ് റെഡ് ഫോറസ്റ്റ്. സൈനികര്‍ പേടിച്ചോടുകയായിരുന്നുവെന്നാണ് രാജ്യത്തെ ആണവ നിലയങ്ങളുടെ ചുമതലയുളള 'എനര്‍ഗോട്ടം'എന്ന യുക്രൈന്‍ ഏജന്‍സിയുടെ പ്രതികരണം. എന്നാല്‍ അധിനിവേശത്തിന്റെ തോത് കുറയ്ക്കാനാണ് പിന്മാറ്റമെന്നായിരുന്നു റഷ്യയുടെ മറുപടി. യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെയാണ് സൈന്യം റേഡിയോ ആക്ടീവ് ഡെസ്റ്റും മറ്റും കൈകാര്യം ചെയ്തത്. പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാട്ടുതീയും ആശങ്കയ്ക്കിടയാക്കിയിരുന്നു.

Content Highlights: the factors leading to the formation of red forest and withdrawal of russian troops

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nature

1 min

പ്രകൃതിസ്‌നേഹികള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം: 24.9 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍

Sep 27, 2023


Dolphins

1 min

ആശയവിനിമയത്തിന് തടസ്സം; ശബ്ദമലിനീകരണം ഡോൾഫിനുകളെയും ബാധിക്കുന്നു

Jan 15, 2023


delhi air pollution

1 min

വായുമലിനീകരണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമത്; പൊലിയുന്നത് അഞ്ചുവര്‍ഷത്തെ ആയുസ്

Jun 15, 2022


Most Commented