ഒട്ടാവ: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മാലിന്യനിര്‍മാര്‍ജനത്തില്‍ അധിനിവേശ നിലപാടെടുക്കുന്ന രാജ്യമാണ് കാനഡ. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ മാലിന്യങ്ങള്‍ തുച്ഛമായ വിലയ്ക്ക് ദരിദ്രരാജ്യങ്ങള്‍ക്ക് നല്‍കി പരിസ്ഥിതി സൗഹാര്‍ദമാണ് കാനഡയെന്നുറക്കെ പറയുന്നു. കാനഡയില്‍ ഭൂമിയെ പല വ്യവസായ സ്ഥാപനങ്ങളും അവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള മാര്‍ഗങ്ങളായി മാത്രം കാണുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അത്താബാസ്‌ക നദിക്കരയില്‍ താമസിക്കുന്നവര്‍ നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍.

ഈ തടാകങ്ങളിലേക്ക് ഫാക്ടറികളില്‍ നിന്നുമുള്ള ടോക്‌സിക്ക് കാര്‍സിനോജെനിക്ക് മിനറലുകളായ അര്‍സെനിക്കിന്റെ ഒഴുക്ക് നിലയ്ക്കുന്നില്ല.  ഇത് പ്രദേശത്ത് താമസിക്കുന്നവരെ ക്യാന്‍സര്‍ എന്ന മാരക രോഗത്തിന് അടിമകളാക്കുന്നു. എന്നാല്‍ കാനഡയിലെ നിയമപ്രകാരം പ്രകാരം അത്താബാസ്‌ക നദിയിലെ അര്‍സെനിക്കിന്റെ അളവ് അനുവദനീയമാണ്. കുടിവെള്ളത്തില്‍ ലിറ്ററൊന്നില്‍ 0.010 മില്ലിഗ്രാം അര്‍സെനിക്കിന്റെ അളവ് സുരക്ഷിതമാണ്. എന്നാല്‍ ഇത് 0.011 മില്ലിഗ്രാമിലേക്ക് എത്തിയാല്‍ അപകടരവുമാണ്. 
 
രാജ്യത്തെ മാലിന്യങ്ങളുടെ വലിയൊരംശവും പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമാക്കാത്തതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകയും ചെയ്യുന്ന രാജ്യങ്ങളിലേക്ക് കപ്പല്‍ കയറ്റി അയ്ക്കുകയാണ് കാനഡ ചെയ്യുന്നത്.  പലപ്പോഴും ഇത് മൂലമുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കുന്നതിനാവശ്യമായ ചെറിയ തുക മാത്രമാണ് കാനഡ നല്‍കുന്നത്. പ്രാദേശിക ജനസംഖ്യയെ പാടെ അവഗണിച്ചു കൊണ്ട് മാലിന്യം സ്വീകരിക്കുന്ന രാജ്യങ്ങള്‍ അവ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നു.

2013 നും 2014 നുമിടയില്‍ റീസൈക്കിള്‍ ചെയ്യാവുന്ന മാലിന്യമെന്ന വ്യാജേന 103 കണ്ടെയ്‌നറുകള്‍ കാനഡ ഫിലിപ്പീന്‍സിലേക്ക് അയച്ചിരുന്നു. ഇതില്‍ 69 കണ്ടെയ്‌നറുകളില്‍ ഭൂരിഭാഗവും അഴുക്കുള്ള ഡയപ്പറുകളും, ഗാര്‍ഹിക മാലിന്യം, ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇലക്‌ട്രോണിക്ക് മാലിന്യങ്ങളുമായിരുന്നു. 2019 ല്‍ കയറ്റി അയച്ച 60 കണ്ടെയ്‌നറുകള്‍ തിരിച്ചയ്ക്കുമെന്ന് ഫിലിപ്പീന്‍സ് ഭീഷണി മുഴക്കിയത് ഇരു രാജ്യങ്ങള്‍ക്കിടയിലും വൈരം രൂപപ്പെടാന്‍ കാരണമായി.

വാഹന മേഖലയേക്കാളും കെട്ടിടനിര്‍മാണ മേഖലയെക്കാളും മുകളിലാണ് കാനഡയിലെ പ്ലാസ്റ്റിക്ക് വ്യവസായം. പ്ലാസ്റ്റിക്ക് നിര്‍മാണത്തിന്റെ 33 ശതമാനവും പ്രദാനം ചെയ്യുന്നത് കാനഡയുടെ പാക്കേജിംഗ് സെക്ടറാണ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കൂടിയതോടെ ഉപയോഗ ശേഷമുള്ള പ്ലാസ്റ്റിക്ക് എന്ത് ചെയ്യുമെന്നതായിരുന്നു കാനഡയിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. കാനഡയില്‍ വര്‍ഷാവര്‍ഷമുള്ള പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്നും ലാന്‍ഡ് ഫില്ലുകളില്‍  നിന്നുമുള്ളവയില്‍ നിന്ന്‌ പത്ത് ശതമാനം മാത്രമാണ് വേര്‍തിരിക്കുന്നത്. ഇതിലും ചെറിയ അംശം മാത്രമാണ് റീസൈക്കിള്‍ ചെയ്യുന്നത്. ബാക്കിയുള്ള 90 ശതമാനവും പരിസരങ്ങളില്‍ ഉപേക്ഷിക്കുകയാണ്. ഇത് പരിസ്ഥിതിയെ ഗുരുതരമായ ബാധിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകളായി മാറും. 

'പ്ലാസ്റ്റിക്കുകളുടെ ഭാവി ചവറു കൊട്ടയിലാണ് . പ്ലാസ്റ്റിക്കുകള്‍ പുനരുപയോഗിക്കുന്നത് നിര്‍ത്തി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിലേക്ക് പ്ലാസ്റ്റിക്ക് വ്യവസായം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ടിന്‍ ക്യാനോ പേപ്പര്‍ കാര്‍ട്ടണോ പോലെയുള്ള ആയിരം യൂണിറ്റുകളില്‍ അല്ല, മറിച്ച് കോടിക്കണക്കിന് വരുന്ന യൂണിറ്റുകളെ അടിസ്ഥാനമാക്കിയാണ് ഈ വ്യവസായം നിലനില്‍ക്കുന്നത് ' , അമേരിക്കന്‍ മാഗസിനായ മോഡേണ്‍ പാക്കേജിംഗിന്റെ എഡിറ്റര്‍ ലോയ്ഡ് സ്റ്റുഫര്‍ 1956 ല്‍ ന്യൂയോര്‍ക്കിലെ സൊസൈറ്റി ഓഫ്  ദി പ്ലാസ്റ്റിക്ക് ഇന്‍ഡസ്ട്രി കോണ്‍ഫറന്‍സിനെ അഭിമുഖീകരിച്ച് പറഞ്ഞു.

വര്‍ധിച്ച് വരുന്ന പ്ലാസ്റ്റിക്കുകളുടെ നിര്‍മാണം കൂടുതല്‍ പ്രദേശങ്ങള്‍ മാലിന്യ നിക്ഷേപത്തിനായി ദുരുപയോഗം ചെയ്യപ്പെടാമെന്നതിന്റെ സൂചനയാണ്. നമ്മുടെ പരിസരങ്ങളില്‍ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും മറ്റും കാണാത്തത് അവയുടെ അസാന്നിധ്യം മൂലമല്ല, മറിച്ച് അവ പ്രദേശവാസികളുടെ കണ്ണെത്താത്തയിടങ്ങളില്‍ നിക്ഷേപിച്ചതു കൊണ്ടാണ്.

Content Highlights: the dirty steps taken by canada to eliminate waste