കൊച്ചി: അന്തരീക്ഷ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ)യില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് വൈറ്റിലയുടെ സ്ഥിതി 'അനാരോഗ്യ'കരം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. അപകടകരം, വളരെ അനാരോഗ്യകരം, അനാരോഗ്യകരം, രോഗികള്‍ക്ക് അനാരോഗ്യകരം, ഭേദപ്പെട്ടത്, നല്ലത് എന്നീ വിഭാഗങ്ങളിലാണ് എ.ക്യു.ഐ പൊതുവെ കണക്കാക്കുന്നത്.

സംസ്ഥാനത്തെ ആറ് ജില്ലകളിലായി ഒന്‍പത് നിരീക്ഷണ കേന്ദ്രങ്ങള്‍ വഴിയാണ് പഠനം നടത്തിയത്. കൊച്ചിയില്‍ ഏലൂര്‍, വൈറ്റില, എം.ജി. റോഡ് എന്നിവിടങ്ങളിലാണ് നിരീക്ഷണ കേന്ദ്രങ്ങള്‍. മേയ്-ജൂണ്‍ മാസങ്ങളില്‍ വൈറ്റിലയിലെ എ.ക്യു.ഐ. നിരക്ക് വര്‍ധിക്കുന്നതായാണു കാണാന്‍ കഴിഞ്ഞത്. ജൂണ്‍ അഞ്ചിന് രേഖപ്പെടുത്തിയ 198 ആണ് ഉയര്‍ന്ന നിരക്ക്. 

'അനാരോഗ്യം' എന്ന വിഭാഗത്തിലാണ് 198 ഉള്‍പ്പെടുന്നത്. ഈ പ്രദേശത്തെ ജനുവരി പകുതി മുതല്‍ ജൂണ്‍ വരെയുള്ള നിരക്ക് 100-നു മുകളിലായിരുന്നു. മാര്‍ച്ച് വരെ 100-നോടടുത്ത് തന്നെയായിരുന്നു എം.ജി. റോഡിലെ നിരക്കും. ഇത് 'രോഗികള്‍ക്ക് അനാരോഗ്യകരം' എന്ന വിഭാഗത്തിലാണ് പെടുന്നത്. ഡിസംബര്‍ മധ്യത്തോടെ ഇത് കുറഞ്ഞു.

വ്യാവസായിക മേഖലയായിട്ടു കൂടി ഏലൂരിലെ ഗുണനിലവാരം മിക്ക ദിവസങ്ങളിലും 50 ആയിരുന്നു. ഇത് 'നല്ലത്' എന്ന വിഭാഗത്തിലാണ്. വാഹന പെരുപ്പവും പൊതുസ്ഥലങ്ങളിലെ തീയിടലുമെല്ലാം ചര്‍ച്ചയാവുന്ന സമയത്താണ് ഈ കണ്ടെത്തല്‍ എന്നതും ശ്രദ്ധേയമാണ്. കേരളം ശരാശരി നിരക്കനുസരിച്ച് 'ഭേദപ്പെട്ട' അവസ്ഥയിലാണ്.

Content Highlights: The air quality in Kochi is getting worse