ഗ്രെറ്റ ത്യുൻബെ | Photo: Twitter/twitter.com/ChrChristensen
'ഗ്രെറ്റ ദാവേസില്‍ കൊടും തണുപ്പാണ്, എപ്പോഴാണ് ഒരു ആഗോള താപനം പ്രതീക്ഷിക്കാവുന്നത്? മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കുക മാത്രമാണ് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക കൂടിയായ ഗ്രെറ്റ ത്യുന്‍ബെ ചെയ്തത്. ദാവോസ് 2023 വേള്‍ഡ് എക്കണോമിക് ഫോറം ചര്ച്ചകള്ക്കിടയായിരുന്നു സംഭവവികാസങ്ങള്‍. സ്റ്റോക്ക്ഹോം സര്‍വകലാശാല പ്രൊഫസര്‍ ക്രിസ്ത്യന്‍
ക്രിസ്റ്റെന്‍സെന്‍ പങ്കുവെച്ച ഗ്രെറ്റെയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
വേള്‍ഡ് എക്കണോമിക് ഫോറം ചര്‍ച്ചകള്‍ക്കിടെ പ്രതിഷേധവുമായിട്ടാണ് ഗ്രെറ്റയും 30 അംഗ സംഘവുമെത്തിയത്. നമ്മുക്കെന്താണ് വേണ്ടത്? കാലാവസ്ഥാ നീതി. എപ്പോഴാണ് വേണ്ടത്? ഇപ്പോള്‍. എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു സംഘത്തിന്റെ പ്രതിഷേധം. വ്യാഴാഴ്ച ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി ചീഫായ ഫാത്തീബിരോളുമായും ഗ്രെറ്റ കൂടിക്കാഴ്ച നടത്തിയിരുന്നു.
ദാവോസ് സമ്മേളനത്തില്‍ ലോകനേതാക്കള്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണെന്നും ഹ്രസ്വകാല സാമ്പത്തിക നേട്ടങ്ങള്‍ക്കായി കാലാവസ്ഥാപ്രതിസന്ധിയിലേക്ക് നമ്മെ കൊണ്ടെത്തിക്കുകയാണെന്നും ഗ്രെറ്റ വിമര്‍ശിച്ചു. പുതിയ ഓയില്‍, ഗ്യാസ്, കല്‍ക്കരി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രെറ്റ എതിരാണ്. ഈ ആഴ്ച ആദ്യം കല്‍ക്കരി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരേ പ്രതിഷേധിച്ചതിന്റെ ഭാഗമായി ജര്‍മനിയില്‍ പോലീസ് ഗ്രെറ്റയെ തടഞ്ഞു വെച്ചിരുന്നു.
എന്നാല്‍ സമാധാനപരമായിട്ടാണ് പ്രതിഷേധിച്ചതെന്നും പോലീസ് തടഞ്ഞു വെച്ച ഞങ്ങളെ വൈകുന്നേരത്തോടെ പോകാന്‍ അനുവദിച്ചുവെന്നും ഗ്രെറ്റ പ്രതികരിച്ചു. കാലാവസ്ഥാ സംരക്ഷണമെന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും ഗ്രെറ്റ കൂട്ടിച്ചേര്‍ത്തു. ഇതിനു മുന്‍പ് 2020-ല്‍ നടന്ന ദാവോസ് ചര്‍ച്ചയിലും ഗ്രെറ്റ പങ്കെടുത്തിരുന്നു. നമ്മുടെ ഭൂമിയെന്ന വീടിന്
തീപ്പിടിച്ചുകൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥാ മാറ്റത്തിനെതിരേ ഒരുങ്ങണമെന്നും ലോക നേതാക്കളോട് ഗ്രെറ്റ അന്ന് ആവശ്യപ്പെട്ടിരുന്നു. ജനുവരി 16 മുതല്‍ 20 വരെയാണ് ദാവോസില്‍ വേള്‍ഡ് എക്കണോമിക് ഫോറം സംഘടിപ്പിച്ചത്.
Content Highlights: Swedish climate activist in davos 2023 world economic forum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..