സുല്‍ത്താന്‍ബത്തേരി: തൊഴിലുറപ്പ് തൊഴിലാളികളെ ആക്രമിക്കാന്‍ ഓടിച്ച കരടിയെ നാട്ടുകാര്‍ കാപ്പിക്കളത്തിലെ മതില്‍ക്കെട്ടിനുള്ളില്‍ പൂട്ടി. വനാന്തര ഗ്രാമമായ ചെട്ട്യാലത്തൂരില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

വനാതിര്‍ത്തിയോട് ചേര്‍ന്ന്, തെണ്ടന്‍കരയില്‍ മണ്‍തടയണ നിര്‍മാണത്തിനെത്തിയ തൊഴിലാളികളാണ് കരടിയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവസമയം 32 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. വര്‍ക്ക് ബുക്കില്‍ ഒപ്പിട്ടശേഷം തൊഴിലാളികള്‍ ജോലിക്കിറങ്ങുമ്പോഴാണ് ആദ്യം ഒരു കരടിയെ കണ്ടത്. വനഭാഗത്തുനിന്ന് ഇറങ്ങിവരുന്ന കരടിയെ കണ്ട് തൊഴിലാളികള്‍ മരത്തിന്റെ മറവില്‍ ഒളിച്ചു. പിന്നീട് കരടി വനത്തിലേക്ക് തിരിച്ചുപോയി. അല്പസമയത്തിനുശേഷം മൂന്ന് കരടികള്‍ കാടിറങ്ങിവരികയും തൊഴിലാളികള്‍ക്ക് നേരേ ചീറിയടുക്കുകയുമായിരുന്നു. ഇതോടെ തൊഴിലാളികള്‍ നാലുപാട് ചിതറിയോടി. തൊഴിലാളികള്‍ ബഹളംവെച്ചതോടെ രണ്ട് കരടികള്‍ സമീപത്തെ കാപ്പിത്തോട്ടത്തിലേക്ക് മറഞ്ഞെങ്കിലും ഒരു കരടി തൊഴിലാളികളെ വിടാതെ പിന്തുടര്‍ന്നു.

തൊഴിലാളിയായ ബൊമ്മന്റെ പിറകെയാണ് കരടി പാഞ്ഞടുത്തത്. 300 മീറ്ററോളം ദൂരം ഓടിയ ബൊമ്മന്‍ സമീപത്തെ തെണ്ടന്‍കര അപ്പുവിന്റെ കാപ്പിക്കളത്തിലേക്ക് കയറി. പിന്നാലെ കരടിയും കാപ്പിക്കളത്തിലേക്ക് കയറിയതോടെ പ്രദേശവാസിയായ സുധാകരന്‍ ചുറ്റുമതിലുള്ള കാപ്പിക്കളത്തിന്റെ രണ്ട് ഗേറ്റുകളും അടച്ചു. അപ്പോഴേക്കും ബൊമ്മന്‍ കാപ്പിക്കളത്തിന്റെ മതില്‍ക്കെട്ട് ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.
 

 

കരടിയുടെ മുന്നില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തൊഴിലാളികളായ ഓണത്തി, രാഘവന്‍, ബൊമ്മന്റെ സഹോദരി ശകുന്തള എന്നിവര്‍ക്ക് വീണ് പരിക്കേറ്റു. വേലിക്കെട്ടുകള്‍ ചാടിക്കടക്കുന്നതിനിടെ നിരവധിപേര്‍ക്ക് ചെറുപരിക്കുകള്‍ പറ്റിയിട്ടുണ്ട്.

കാപ്പിക്കളത്തിനുള്ളില്‍ കരടി കുടുങ്ങിയ വിവരം നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. അജയഘോഷിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് കരടിയെ നിരീക്ഷിക്കുന്നതിനായി ജീവനക്കാരെ നിയോഗിച്ചു. ഉച്ചയോടെ കരടിക്ക് കുടിക്കുന്നതിനായി വലിയ ചെമ്പുപാത്രത്തില്‍ വെള്ളംവെച്ച് നല്‍കിയെങ്കിലും കുടിച്ചില്ല.
 
വൈകീട്ടോടെ വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജനും ഫോറസ്റ്റ് അസി. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയും സ്ഥലത്തെത്തി. കാപ്പിക്കളത്തിലെ ഷെഡില്‍ കയറിയിരുന്ന കരടിയെ വൈകീട്ട് നാല് മണിയോടെ ഡോ. അരുണ്‍ സഖറിയ മയക്കുവെടിവെച്ചു. വെടിയേറ്റ് ഷെഡിന് പുറത്തേക്ക് കുതിക്കുന്നതിനിടെ കരടിയെ വനംവകുപ്പ് ജീവനക്കാര്‍ വലവിരിച്ച് കുടുക്കി. തുടര്‍ന്ന് വാഹനത്തില്‍ മുത്തങ്ങയിലെത്തിച്ചു.
 
ഒരു വയസ്സുള്ള പെണ്‍കരടിയാണ് നാട്ടിലിറങ്ങിയത്. കരടിയുടെ കണ്ണിന് മുകള്‍ഭാഗത്തായി രണ്ട് മുറിവുകളുണ്ടായിരുന്നു. കരടികള്‍ തമ്മിലുള്ള സംഘട്ടനത്തിനിടെയുണ്ടായ പരിക്കാണിതെന്നാണ് നിഗമനം.

ഫോറസ്റ്റ് അസി. വെറ്ററിനറി സര്‍ജന്മാരായ ഡോ. അരുണ്‍ സഖറിയ, അരുണ്‍ സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയ ശേഷം രാത്രിയോടെ മുത്തങ്ങയിലെ ഉള്‍വനത്തില്‍ കരടിയെ തുറന്നുവിട്ടു.