പ്രതീകാത്മക ചിത്രം | Photo: Gettyimages
മാഡ്രിഡ്: വര്‍ഷത്തിലെ ആദ്യത്തെ അതിതീവ്രമായ കാട്ടുതീയോട് പടപൊരുതുകയാണ് സ്‌പെയിന്‍. നൂറ് കണക്കിന് അഗ്നിശമന സേനാംഗങ്ങള്‍ ശനിയാഴ്ചയും തീ അണയ്ക്കുവാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 1,500 ഓളം പേരാണ് വീടും സ്ഥലവും ഉപേക്ഷിച്ച് പോകാൻ നിർബന്ധിതരായത്. വ്യാഴാഴ്ച വലന്‍സിയയുടെ വടക്കായി ആരംഭിച്ച കാട്ടുതീ പിന്നീട് നിയന്ത്രണവിധേയമല്ലാതാകുകയായിരുന്നു.
വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെയുള്ള കാട്ടുതീ മനുഷ്യരാശി നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചസ് പ്രതികരിച്ചു. 450 ഓളം അഗ്നിശമന സേനാംഗങ്ങളെയാണ് കാട്ടുതീയോട് പടപൊരുതാനായി നിയോഗിച്ചിരിക്കുന്നത്. 22 ഏരിയല്‍ യൂണിറ്റുകളും സഹായത്തിനായുണ്ട്. എട്ടു മുനിസിപ്പിലാറ്റികളില്‍ നിന്നും 1,500 പേരാണ് ഇതുവരെ വീട് ഉപേക്ഷിച്ച് യാത്രയായത്. 4,000 ഹെക്ടറിലധികം കാട്ടുതീ വ്യാപിച്ചു കഴിഞ്ഞു. വേനലില്‍ സാധാരണയായി ഉണ്ടാവാത്ത തരത്തിലുള്ള കാട്ടുതീയാണിതെന്നും വിദ്ഗധര്‍ പറയുന്നു.
വില്ലന്വേവ ഡി വൈവര്‍ മുനിസിപ്പാലിറ്റിക്ക് സമീപമുള്ള തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ ശനിയാഴ്ചയും തുടരുകയാണ്. എന്നിരുന്നാലും മറ്റ് പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കുന്നത് സംഘത്തിന് തടയാന്‍ കഴിഞ്ഞുവെന്നാണ് ഏറ്റവുമൊടുവില്‍ പുറത്ത് വരുന്ന വിവരം.
മോണ്ടന്‍ഹോസ് (Montanejos) എന്ന പ്രദേശത്തെ ഹോട്ടലിലെ വിനോദസഞ്ചാരികളെ പൂര്‍ണമായും സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒഴിപ്പിച്ചു. താപനില 30 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നും വരും മണിക്കൂറുകളില്‍ അതിശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുകളുണ്ടായിരുന്നു. അതിശക്തമായ കാറ്റ് തീ അണയ്ക്കുന്നതിന് തടസ്സമാകുന്ന സാഹചര്യമായിരുന്നു സ്‌പെയിനില്‍ സംജാതമായിരുന്നത്.
2022-ല്‍ കാട്ടുതീയായാല്‍ ഏറ്റവുമധികം ബാധിക്കപ്പെട്ട യൂറോപ്പ്യന്‍ രാജ്യങ്ങളിലൊന്നായിരുന്നു സ്‌പെയിന്‍. മൂന്ന് ലക്ഷത്തോളം ഹെക്ടര്‍ വരുന്ന പ്രദേശത്ത് അന്ന് കാട്ടുതീ നാശം വിതച്ചിരുന്നു.
Content Highlights: spain witness their first wildfire incident in 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..