പ്രതീകാത്മക ചിത്രം | Photo: AFP
ന്യൂഡൽഹി: 2013-22 വരെയുള്ള 10 വർഷക്കാലയളവിൽ സമുദ്രനിരപ്പിൽ പ്രതിവർഷം രേഖപ്പെടുത്തിയത് 4.5 മില്ലി മീറ്റർ വർധന. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളും ആഗോള സമുദ്രനിരപ്പിലെ വർധന മൂലം ഭീഷണി നേരിടുന്നതായി വേൾഡ് മെറ്ററിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യു.എം.ഒ.) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഹരിതഗൃഹ വാതക ബഹിർഗമനം ഏറ്റവും കുറഞ്ഞ തോതിൽ തുടർന്നാൽ പോലും 1995-2014 ലെ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പിൽ 0.6 മീറ്ററിന്റെ വർധന ഉണ്ടായേക്കുമെന്നുമാണ് മുന്നറിയിപ്പ്. ചെറിയ ദ്വീപുരാഷ്ട്രങ്ങൾക്ക് മാത്രല്ല, വൻകിട തീരപ്രദേശങ്ങൾക്കും ഇത് ഭീഷണിയാണ്.
ഷാങ്ഹായ്, ധാക്ക, ബാങ്കോക്ക്, മുംബൈ, ലാഗോസ്, കയ്റോ, ലണ്ടൻ, കോപ്പൻഹേഗൻ, ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്, സാന്റിയാഗോ തുടങ്ങിയ വൻകിട നഗരങ്ങൾ സമുദ്രനിരപ്പ് വർധന മൂലമുള്ള വെല്ലുവിളി നേരിടുന്നുണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തികമായി മാത്രമല്ല, സാമൂഹികപരമായും ഇത് വെല്ലുവിളി ഉയർത്തുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മനുഷ്യരാശി മൂലമാണ് ആഗോള സമുദ്രനിരപ്പിൽ വർധനവ് രേഖപ്പെടുത്താൻ തുടങ്ങിയതെന്നും കരുതപ്പെടുന്നു. 1901-1971 വരെയുള്ള കാലയളവിൽ 1.3 മില്ലി മീറ്റർ വർധിച്ചിടത്തുനിന്നാണ് ഇപ്പോൾ കടൽജലം കുത്തനെ കൂടുന്നത്.
1900 മുതലാണ് സമുദ്രനിരപ്പിൽ കാര്യമായ മാറ്റങ്ങൾ തുടങ്ങിയത്. വർധിച്ചു വരുന്ന താപനില ഹിമാനികളും മഞ്ഞുപാളികളും ഉരുകാൻ കാരണമാകുന്നുണ്ട്. ഇങ്ങനെയും സമുദ്രത്തിൽ ജലം എത്തിച്ചേരുന്നു. ലോകത്തിൽ പത്തിലൊരാൾ സമുദ്രനിരപ്പിലെ വർധന മൂലം ഭീഷണി നേരിടുന്നുണ്ട്. 2100-ഓടെ ആഗോള താപന വർധന 1.5 ഡിഗ്രിക്കുള്ളിൽ ചുരുക്കാൻ കഴിഞ്ഞാൽ പോലും സമുദ്രനിരപ്പിൽ കാര്യമായ മാറ്റങ്ങളുണ്ടാകും. നാസയുടെ റിപ്പോർട്ടുകൾ പ്രകാരം അന്റാർട്ടിക്കയിലും ഗ്രീൻലൻഡിലും വൻതോതിൽ മഞ്ഞുരുകുന്നുണ്ട്.
ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് പാക്കിസ്താനിൽ പ്രളയത്തിന് കാരണമായി. സമുദ്രനിരപ്പിൽ വർധനവുണ്ടാകുന്നത് വൻതോതിൽ കരയിടിയുന്നതിനുകാരണമാകുന്നു. അഞ്ച് ദ്വീപ് രാഷ്ട്രങ്ങൾ ഇതുമൂലം വാസയോഗ്യമല്ലാതാകുമെന്ന് ഐക്യ രാഷ്ട്രസഭയുടെ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മാലി ദ്വീപ്, തുവാളു, മാർഷൽ ദ്വീപ്, നൗരു, കിരിബാറ്റി തുടങ്ങിയ ദ്വീപുരാഷ്ട്രങ്ങളാണ് ഭീഷണി നേരിടുന്നത്. 1900 മുതൽ ആഗോള സമുദ്രനിരപ്പിൽ 15 മുതൽ 25 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയത്.
Content Highlights: sea levels up 4.5 mm per year during 2013-22 several big cities at risk, says wmo report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..