ഡോഡോ പക്ഷി | Photo: twitter.com/thedodo
വിടവാങ്ങലുകള്‍ ചിലപ്പോഴൊക്കെ മടങ്ങിവരവ് സാധ്യമാകാതെയുള്ള യാത്രകളാണ്. ഭൂമിയില്‍ നിന്നും ഇത്തരമൊരു യാത്രാമൊഴിയര്‍പ്പിച്ച് പോയ പക്ഷിയാണ് ഡോഡോ. എന്നാല്‍ ഇപ്പോഴിതാ ഡോഡോ പക്ഷിയുടെ മടങ്ങിവരവ് സാധ്യമാകുന്നതിനുള്ള സൂചനകള്‍ പുറത്ത് വന്നിരിക്കുകയാണ്. 17-ാം നൂറ്റാണ്ടില്‍ ഭൂമിയില്‍ നിന്നും എന്നന്നേക്കുമായി തുടച്ച് നീക്കപ്പെട്ട ഡോഡോ പക്ഷിയുടെ മടങ്ങിവരവിന് ജീന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങുകയാണ് കൊളോസ്സല്‍ ബയോസയന്‍സസ് എന്ന കമ്പനി.
ഡോഡോയുടെ ജനതിക ഘടന സംബന്ധിച്ചുള്ള ചുരുള്‍ അഴിച്ചിരിക്കുകയാണ് ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊളോസ്സല്‍ ബയോസയന്‍സസ്. പക്ഷിവിഭാഗക്കാരാണെങ്കിലും പറക്കുവാനുള്ള ശേഷി ഡോഡോ പക്ഷികള്‍ക്കില്ല. 350 വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്രത്യക്ഷമായ പക്ഷിയെ സ്റ്റെം സെല്‍ ടെക്‌നോളജി ഉപയോഗിച്ചാണ് പുനര്‍സൃഷ്ടിക്കുക. ഇത് സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി തുടക്കമിട്ട് കഴിഞ്ഞു. മൗറീഷ്യന്‍ പക്ഷിയുടെ സാന്നിധ്യം 17-ാം നൂറ്റാണ്ടിലാണ് ഒടുവിലായി രേഖപ്പെടുത്തുന്നത്.
പ്രാവുകളുടെ അടുത്ത ബന്ധുക്കളാണ് ഡോഡോ പക്ഷികളെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം. ജീന്‍ എഡിറ്റിങ് സാങ്കേതികവിദ്യയിലൂടെയാണ് ഡോഡോ പക്ഷികളുടെ ജനതിക ഘടന സംബന്ധിച്ച ചുരുളഴിച്ചത്. പ്രാവുകളിലൂടെ പുനരവതരണം സാധ്യമായേക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷക സംഘം. യൂറോപ്പുകാര്‍ 1507 ലാണ് ഡോഡോ പക്ഷികളുടെ സാന്നിധ്യം ആദ്യമായി രേഖപ്പെടുത്തുന്നത്.
മൗറീഷ്യസ് ദ്വീപിലെത്തിയ യൂറോപ്പുകാര്‍ അവിടെ എലി, പന്നി, മാന്‍, ആട് എന്നിവയെയും അവതരിപ്പിച്ചു. ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ട മൃഗങ്ങള്‍ ഡോഡോ പക്ഷികളുടെ മുട്ടകള്‍ ഭക്ഷിച്ചതായും കരുതപ്പെടുന്നു. വര്‍ഷത്തില്‍ ഒരു മുട്ട മാത്രമാണ് ഡോഡോ പക്ഷികളിടുക. ഇതും ഇവയുടെ വംശം അറ്റു പോകാനുള്ള സാഹചര്യങ്ങള്‍ക്കിടയാക്കിയതായും പറയപ്പെടുന്നു. ഡോഡോ പക്ഷികളുടെ സാന്നിധ്യം ഒടുവിലായി രേഖപ്പെടുത്തുന്നത് 1690-കളിലാണ്. തടിച്ച് രൂപമുള്ള ഡോഡോ പക്ഷികള്‍ക്ക് 50 പൗണ്ടോളം ഭാരം വരും.
നിലവില്‍ വംശനാശത്തിനിരയായ ടാസ്‌മേനിയന്‍ കടുവ, വൂളി മാമ്മത്ത് എന്നിവയെ പുനഃസൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണ് കൊളോസ്സല്‍ ബയോസയന്‍സസ്. വൂളി മാമ്മത്തുകളുടെ പുനരവതരണം പ്രഖ്യാപിക്കുപ്പെടുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പുനരവതരണം സാധ്യമായാല്‍, ഇത്തരത്തില്‍ പുനഃസൃഷ്ടിക്കപ്പെടുന്ന ആദ്യത്തെ പക്ഷി വിഭാഗക്കാരെന്ന ലേബലില്‍ ഡോഡോകള്‍ ചരിത്രത്തിലിടം നേടും. ജീവിച്ചിരിക്കുന്ന നിക്കോബാര്‍ പീജിയണുകള്‍ ഡോഡോകളുടെ അടുത്ത ബന്ധുവാണ്. ഉദ്ദേശ്യം ടര്‍ക്കി കോഴിയുടെ വലിപ്പം വരുന്ന ഡോഡോയെ മൗറീഷ്യസിലെ ഇന്ത്യന്‍ ഓഷ്യന്‍ ദ്വീപില്‍ 1681-ല്‍ കൊന്നിരുന്നു.
Content Highlights: scientists plan to bring back a bird thats been extinct since the 17th century
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..