മുഹമ്മദ് ആരിഫിനെ കണ്ട സന്തോഷത്തിൽ സാരസ് കൊക്ക്, സമീപം മുഹമ്മദ് ആരിഫ് | Photo: twitter.com/kailashnathsp
ഉത്തര്‍പ്രദേശുകാരനായ മുഹമ്മദ് ആരിഫും സാരസ് കൊക്കും തമ്മിലുള്ള അപൂര്‍വ ബന്ധത്തിന്റെ കഥ വാര്‍ത്തകളില്‍ ഇടം നേടിയിട്ട് അധികമായില്ല. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് പരിപാലിക്കാന്‍ തയ്യാറായ യുവാവുമായി പെട്ടെന്ന് തന്നെ സാരസ് കൊക്ക് ചങ്ങാത്തം കൂടി. എന്നാല്‍ സംരക്ഷിത വിഭാഗത്തില്‍പെടുന്ന വന്യജീവികളെ വളര്‍ത്തരുതെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ചിലാണ് വനംവകുപ്പ് അധികൃതര്‍ കൊക്കിനെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്. ആരിഫ് മുഹമ്മദിനെ വീണ്ടും കണ്ട സന്തോഷത്തില്‍ മതിമറക്കുന്ന സാരസ് കൊക്കിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പിരിഞ്ഞെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം മുറിഞ്ഞിട്ടില്ലെന്ന് വീഡിയോയില്‍ നിന്നും വ്യക്തം.
കാന്‍പുര്‍ മൃഗശാലയില്‍ സാരസ് കൊക്കിനെ കാണാന്‍ എത്തിയതായിരുന്നു മുഹമ്മദ് ആരിഫ്. സാരസ് കൊക്കുള്ള കൂടിന് സമീപം നില്‍ക്കുന്ന ആരിഫാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ആപത്തില്‍ തനിക്ക് രക്ഷകനായ ആളെ കണ്ടതും സന്തോഷത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ കൂടിനുള്ളില്‍ പരക്കം പായുന്ന സാരസ് കൊക്കിനെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. പെട്ടെന്ന് തന്നെ ചിറക് വിടര്‍ത്തി പുറത്തേക്കുള്ള വഴികളും സാരസ് കൊക്ക് തേടി. എന്നാല്‍ നിസഹായനായി നില്‍ക്കാനെ ആരിഫിനെ കഴിഞ്ഞുള്ളൂ.
ആരിഫിന് തിരികെ കൊക്കിനെ നല്‍കാന്‍ അപേക്ഷിക്കുന്നു, ആരിഫ് കൂട്ടിലടയ്ക്കാതെയാണ് വളര്‍ത്തിയത്, നിങ്ങള്‍ കൂട്ടിലിട്ടും. പക്ഷിക്ക് ആരിഫിനോടുള്ള സ്നേഹം വിസ്മയിപ്പിക്കുന്നതാണ്... എന്നിങ്ങനെ പോകുന്നു കമന്റുകള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കാലിന് പരിക്കേറ്റ നിലയില്‍ സാരസ് കൊക്കിനെ ആരിഫ് കണ്ടെത്തുന്നത്. തുടര്‍ന്ന് വീട്ടിലേക്ക് എത്തിച്ച് ആവശ്യമായ പരിചരണം നല്‍കുകയായിരുന്നു. ഒരുവര്‍ഷത്തോളം ആരിഫിനൊപ്പം പക്ഷിയുടെ സാന്നിധ്യമുണ്ടായിരുന്നു. ആരിഫ് എവിടേക്ക് പോയാലും പിന്നാലെ പറന്ന് കൊക്കും ഒപ്പമെത്തും. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. സ്ഥിതിഗതികള്‍ കുറച്ചു കൂടി മെച്ചപ്പെടുമ്പോള്‍ കാട്ടിലേക്ക് പക്ഷിയെ തുറന്നു വിടുമെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.
പറക്കും പക്ഷികളില്‍ ഏറ്റവും നീളമേറിയ പക്ഷിവിഭാഗം കൂടിയാണ് സാരസ് കൊക്കുകള്‍. 52-156 സെന്റിമീറ്റര്‍ വരെ ഉയരവും ഇവയ്ക്കുണ്ടാകും. 6.8 മുതല്‍ 7.8 കിലോഗ്രാം വരെയാണ് ഭാരം. സാമൂഹ്യ ജീവികള്‍ കൂടിയാണ് സാരസ് കൊക്കുകള്‍. ജോഡികളായോ ചെറുസംഘങ്ങളോ ആയിട്ടാകും ഇവയെ കാണാന്‍ കഴിയുക. ചുവപ്പ് നിറത്താല്‍ മൂടിയതാണ് തല. ഒരേ ഒരു ഇണ മാത്രമാകും ഇവയ്ക്ക് ജീവിതകാലം മുഴുവനുണ്ടാകുക. ഇന്ത്യയിലാകെ 15,000 മുതല്‍ 20,000 വരെ സാരസ് കൊക്കുകളാണ് ശേഷിക്കുന്നത്. ഐയുസിഎന്‍ പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗം കൂടിയാണ് സാരസ് കൊക്കുകള്‍.
Content Highlights: sarus crane's reaction on seeing Mohammed Arif in kanpur zoo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..