സാന്ദ്രാ കോട്ടസ് വിജയകുമാറി
കോഴിക്കോട്: നെല്ലിയാമ്പതിയിലെ കുണ്ടറചോലയില്‍ കണ്ടെത്തിയ പുതിയ വണ്ടിന് മലയാളിയായ ശാസ്ത്രലേഖകന്റെ പേര്. പ്രാണികളുടേയും ചെറുജീവികളുടേയും പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ച് സാധാരണക്കാരിലും വിദ്യാര്‍ഥികളിലും താത്പര്യം ജനിപ്പിക്കുന്നതിന്, ലളിതവും രസകരവുമായ കുറിപ്പുകള്‍ എഴുതുന്ന വിജയകുമാര്‍ ബ്ലാത്തൂരിനോടുള്ള ബഹുമാനാര്‍ഥമാണ് പുതിയ മുങ്ങാങ്കുഴി വണ്ടി (diving beetle) ന് 'സാന്ദ്രാകോട്ടസ് വിജയകുമാറി' (Sandracottus vijayakumari) എന്ന് പേര് നല്‍കിയത്.
പ്രളയശേഷം കേരളത്തിലുണ്ടായ ജൈവ വൈവിധ്യ ശോഷണത്തിന്റെ അളവും വ്യാപ്തിയും കണ്ടെത്താന്‍ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ധനസഹായത്തോടെ പാലക്കാട് വിക്ടോറിയ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിനിടെയാണ് പുതിയ വണ്ടിനെ കണ്ടെത്തിയത്. 'ജേണല്‍ ഓഫ് ത്രെട്ടന്‍ഡ് ടാക്‌സ'യുടെ ഏറ്റവും പുതിയ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

കണ്ണൂര്‍ ജില്ലയിലെ ബ്ലാത്തൂര്‍ സ്വദേശിയായ വിജയകുമാര്‍, ഊരത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓണ്‍ലൈന്‍ സയന്‍സ് മാസികയായ 'ലൂക്ക'യുടെ പത്രാധിപസമിതി അംഗമായ വിജയകുമാര്‍, ശാസ്ത്രകേരളം മാസികയുടെ പത്രാധിപ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോഴിക്കോട് സര്‍വകലാശാല സുവോളജി വിഭാഗത്തിലെ ഗവേഷണവിദ്യാര്‍ഥിയായ പി.പി.ആനന്ദ് ആണ് വണ്ടിനെ കണ്ടെത്തിയ സംഘത്തിലെ പ്രധാനി. സാലിം അലി പക്ഷി ഗവേഷണ കേന്ദ്രത്തിലെ ഗവേഷകന്‍ ആഷിക്ക് പി.പി, കോട്ടയം ഇരവിനലൂര്‍ സ്വദേശി ആദിത്യ മോഹന്‍, പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി സ്മിത, ആലപ്പുഴ വെളിയനാട് സ്വദേശി ടിബിന്‍ എന്നിവരും പഠനത്തില്‍ പങ്കാളികള്‍ ആയിരുന്നു.
സാന്ദ്രാകോട്ടസ് വിജയകുമാറി
വായുവിലൂടെയാണ് ശ്വസനം നടത്തുന്നതെങ്കിലും വെള്ളത്തില്‍ മുങ്ങിക്കഴിയുന്ന മുങ്ങാങ്കുഴി വണ്ടുകളില്‍പ്പെട്ടതാണ് സാന്ദ്രാകോട്ടസ് വിജയകുമാറി. ഇടക്ക് വെള്ളത്തില്‍ നിന്ന് മുകളിലേക്ക് വരികയും വായുവില്‍ വന്ന് വീണ്ടും മുങ്ങുകയും ചെയ്യും. ഇവയ്ക്ക് ചിറകിനടിയില്‍ വായുകുമിളകളെ പിടിച്ച് നിര്‍ത്താനുള്ള കഴിവുണ്ട്. ഈ കുമിളയില്‍ നിന്നുള്ള ഓക്‌സിജന്‍ ഉപയോഗിച്ചാണ് ഗില്‍ സംവിധാനം പോലെ ഇവ വെള്ളത്തിനടിയില്‍ ശ്വസനം നടത്തുന്നത്. ഇത്തരം ഇരപിടിയന്‍ വണ്ടുകളെ കുറിച്ച് വളരെക്കുറച്ച് പഠനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്.

വിവിധ ജനുസുകളിലായി 4,300-ലധികം മുങ്ങാങ്കുഴി വണ്ടുകള്‍ ലോകത്തിന്റെ പലപ്രദേശങ്ങളില്‍ നിന്നായി കണ്ടെത്തിയിട്ടുണ്ടെങ്കിലും 2001-ലെ കണക്ക് പ്രകാരം സാന്ദ്രാകോട്ടസ് ജനുസ്സില്‍ ആകെ പതിനാറ് സ്പീഷിസ് മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. വളരെ ആകര്‍ഷണീയവും സങ്കീര്‍ണ്ണവുമായ നിറങ്ങളോടു കൂടിയ, വ്യത്യസ്ത രീതിയില്‍ ഉള്ള അടയാളങ്ങള്‍ ഉള്ളവയാണ് ഈ ജനുസ്സിലെ വണ്ടുകള്‍. 1980-ല്‍ സുവോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ സൈലന്റ് വാലിയില്‍ നിന്ന് കണ്ടെത്തിയ Sandracottus dejeani എന്ന ഇനവുമായി വളരെ അടുത്ത ബന്ധമുള്ളതാണ് പുതുതായി കണ്ടെത്തിയ സാന്ദ്രാകോട്ടസ് വിജയകുമാറി. കേരളത്തില്‍ നിന്ന് ഈ ഒരെണ്ണം മാത്രമാണ് ഈ ജനുസ്സില്‍ ഇതുവരെ കണ്ടെത്തിയിട്ടുുള്ളത്.
Content Highlights: Sandracottus vijayakumari new beetle given name of science writer Vijayakumar Blathur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..