കോഴിക്കോട്: അമിതമായ മണല്‍വാരലും മലിനീകരണവും കാരണം സംസ്ഥാനത്തെ നദികള്‍ നാശത്തിലേക്ക് നീങ്ങുമ്പോള്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടിലെ (ആര്‍.എം.എഫ്.) കോടികള്‍ വകമാറ്റി.

ഗുരുതരഭീഷണി നേരിടുന്ന ചാലിയാറും ഭാരതപ്പുഴയും ഒഴുകുന്ന തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഫണ്ടാണ് നിബന്ധനകള്‍ കാറ്റില്‍പ്പറത്തി പൊതുഫണ്ടിലേക്ക് വകമാറ്റിയത്. മിക്ക ജില്ലകളിലും നദീസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കല്ല തുക വിനിയോഗിക്കുന്നത്.

പതിന്നാല് ജില്ലകളിലായി കഴിഞ്ഞ സാമ്പത്തികവര്‍ഷം 137.7 കോടി രൂപയാണ് ഫണ്ടില്‍ ഉണ്ടായിരുന്നത്. 42.44 കോടിയാണ് അവശേഷിക്കുന്നത്. പുഴകളുടെ സംരക്ഷണത്തിന് വര്‍ഷം ഫണ്ടില്‍നിന്ന് സംസ്ഥാനമാകെ ചെലവഴിച്ചത് 11 കോടി മാത്രം. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ ഫണ്ടില്‍നിന്നാണ് 84 കോടിയും വകമാറ്റിയത്.

ചാലിയാറും ഭാരതപ്പുഴയും ഒഴുകുന്ന മലപ്പുറം ജില്ലയില്‍ 50.91 കോടിയും തൃശ്ശൂരില്‍ 20.92 കോടിയും പാലക്കാട്ട് 14.43 കോടി രൂപയും ആര്‍.എം.എഫില്‍ ഉണ്ടായിരുന്നു. തൃശ്ശൂരില്‍ നിലവില്‍ ഒരുരൂപപോലും ഫണ്ടിലില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

നദീപരിപാലന ഫണ്ട് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കര്‍ശനനിബന്ധന നിലനില്‍ക്കേയാണ് വകമാറ്റല്‍. ചാലിയാറില്‍ മലിനീകരണവും അപകടകാരിയായ ബ്ലൂഗ്രീന്‍ ആല്‍ഗയുടെ സാന്നിധ്യവും രൂക്ഷമാവുമ്പോഴാണ് ഇത്.

മണല്‍വാരല്‍കാരണം നദികള്‍ക്കുണ്ടാവുന്ന ആഘാതം കുറയ്ക്കാന്‍ ഉദ്ദേശിച്ചാണ് 2002-ല്‍ നദീപരിപാലന നിധി നിലവില്‍വന്നത്. മണല്‍വില്‍പ്പനയില്‍നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന തുകയുടെ ഒരുഭാഗം ഉപയോഗിച്ചാണ് ഫണ്ട് സ്വരൂപിക്കുന്നത്. ഓരോ ജില്ലയിലും കളക്ടര്‍ അധ്യക്ഷനായ വിദഗ്ധസമിതിയാണ് ഫണ്ട് വിനിയോഗത്തിന് പദ്ധതികള്‍ തയ്യാറാക്കുന്നത്.

ഉദ്യോഗസ്ഥര്‍ക്ക് വാഹനം വാങ്ങാനും യാത്രപ്പടിക്കും മറ്റു ചെലവുകള്‍ക്കുമായാണ് ഫണ്ടില്‍നിന്ന് പണം ചെലവഴിക്കുന്നത്. തീരങ്ങള്‍ ഇടിയുമ്പോള്‍ സംരക്ഷണഭിത്തി കെട്ടാനാണ് കൂടുതല്‍ തുക ചെലവഴിക്കുന്നത്. പാലം നിര്‍മാണത്തിനും തുക നല്‍കുന്നുണ്ട്.

നദികളുടെ പുനരുജ്ജീവനത്തിന് നദീതടങ്ങളില്‍ മുള, ഈറ്റ, ആറ്റുവഞ്ചി, മരുത് തുടങ്ങിയവ വെച്ചുപിടിപ്പിക്കുക, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക, മാലിന്യം നീക്കുക, മാലിന്യം തള്ളുന്നത് തടയുക തുടങ്ങിയവ ചെയ്യേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കാണ് ഫണ്ട് ഉപയോഗപ്പെടുത്തേണ്ടതെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ശാസ്ത്രീയപദ്ധതികള്‍ തയ്യാറാക്കണം

ഓരോ നദിയും ഓരോ ജൈവവ്യൂഹമാണ്. അതുകൊണ്ട് വ്യത്യസ്ത നദികളുടെ സംരക്ഷണത്തിന് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത പദ്ധതികള്‍ തയ്യാറാക്കണം. ഇത്തരം പദ്ധതികള്‍ ഇല്ലാത്തതാണ് നദീസംരക്ഷണ ഫണ്ടുകള്‍ നഷ്ടപ്പെടാന്‍ കാരണം. -ഡോ. വി.പി. ദിനേശന്‍, സി.ഡബ്ല്യു.ആര്‍.ഡി.എം. ജിയോമാറ്റിക്‌സ് വിഭാഗം തലവന്‍

നടപടി താത്കാലികം

സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തിലുള്ള നടപടിയെന്ന നിലയിലാണ് ഫണ്ട് താത്കാലികമായി സര്‍ക്കാര്‍ അക്കൗണ്ടുകളിലേക്ക് മാറ്റിയത്. ഇത് തിരിച്ചുകിട്ടും. നദീസംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലെ പദ്ധതികളും തുടരും.-അമിത് മീണ, മലപ്പുറം കളക്ടര്‍
 
ഫണ്ടില്‍ അവശേഷിക്കുന്ന തുക

തിരുവനന്തപുരം 2.25 കോടി
കൊല്ലം 9.12 കോടി
പത്തനംതിട്ട 86.96 ലക്ഷം
ആലപ്പുഴ 11.09 ലക്ഷം
കോട്ടയം 9.62 ലക്ഷം
എറണാകുളം 7.20 കോടി
ഇടുക്കി 5.10 കോടി
തൃശ്ശൂര്‍ 0
മലപ്പുറം 48.47 ലക്ഷം
പാലക്കാട് 41.79 ലക്ഷം
കോഴിക്കോട് 9.33 കോടി
വയനാട് 2.43 കോടി
കണ്ണൂര്‍ 3.18 കോടി
കാസര്‍കോട് 1.81 കോടി